Enter your Email Address to subscribe to our newsletters

Harippad, 12 ജൂലൈ (H.S.)
ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ ഏറുന്ന പശ്ചാത്തലത്തിൽ, കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബം സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. ഹരിപ്പാട് പിലാപ്പുഴ സ്വദേശിനിയായ സാവരിയയുടെ മരണം വെറുമൊരു കൊലപാതകമല്ലെന്നും, ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് കുടുംബത്തിന്റെ ഈ നീക്കം. ഉസ്ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു സാവരിയ ബസന്ത്.
വസ്തുതകൾ മൂടിവെക്കാനും കേസ് ഒത്തുതീർപ്പാക്കാനും വലിയ തോതിലുള്ള സമ്മർദ്ദമാണ് തങ്ങൾ നേരിടുന്നതെന്ന് സാവരിയയുടെ മാതാപിതാക്കൾ കത്തിൽ ആരോപിക്കുന്നു. ഉസ്ബെക്കിസ്താനിലെ ബുഖാറ മെഡിക്കൽ യൂണിവേഴ്സിറ്റി അധികൃതർ കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം തങ്ങളെ ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെടുന്നുണ്ടെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്തുകൊണ്ടുവരുന്നതിന് പകരം, കേസ് എങ്ങനെയെങ്കിലും ഒതുക്കിത്തീർക്കാനാണ് സർവകലാശാല അധികൃതർ ശ്രമിക്കുന്നത്. ഇത് പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കുടുംബം കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
വാക്കുതർക്കത്തെ തുടർന്ന് സഹപാഠിയായ മലപ്പുറം സ്വദേശി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്നാണ് സാവരിയ മരിച്ചതെന്നാണ് പുറത്തുവന്ന പ്രാഥമിക വിവരമെങ്കിലും, പെൺകുട്ടിയുടെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റതിന്റെ നിരവധി പാടുകളുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. മരണത്തിന് മുൻപ് സാവരിയ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും, മതം മാറാൻ ആവശ്യപ്പെട്ട് പ്രതി സമ്മർദ്ദം ചെലുത്തിയിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. നാട്ടിൽ എത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയതും കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു.
അതിനിടെ, ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി രംഗത്തെത്തി.
വിദേശത്ത് വച്ച് ഒരു മലയാളി വിദ്യാർത്ഥിനിക്ക് ദാരുണമായ അന്ത്യം സംഭവിച്ചിട്ടും, ആ കേസ് അട്ടിമറിക്കാൻ വിദേശ സർവകലാശാല അധികൃതർ ശ്രമിക്കുന്നത് ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെ സഹായത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിപ്പാട് പോലീസ് നിലവിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളും സർവകലാശാലയുടെ ഒത്തുതീർപ്പ് ശ്രമങ്ങളും കണക്കിലെടുത്ത് ഉയർന്ന തലത്തിലുള്ള അന്വേഷണം തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സാവരിയയുടെ കുടുംബം.
---------------
Hindusthan Samachar / Roshith K