താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത് എന്ന് പറയരുത്'; ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
Newdelhi, 12 ജൂലൈ (H.S.) ന്യൂഡൽഹി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ ലക്ഷ്യമിട്ട് കടുത്ത വിമർശനവുമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രംഗത്ത്. മന്നം സ്മൃതി എല്ലാവർക്കുമുള്ള ഇടമാണെന്നും, ''താനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് ഇന്നയാൾ വരേണ്ട
താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത് എന്ന് പറയരുത്'; ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ


Newdelhi, 12 ജൂലൈ (H.S.)

ന്യൂഡൽഹി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ ലക്ഷ്യമിട്ട് കടുത്ത വിമർശനവുമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രംഗത്ത്. മന്നം സ്മൃതി എല്ലാവർക്കുമുള്ള ഇടമാണെന്നും, 'താനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് ഇന്നയാൾ വരേണ്ട, ഇന്നയാൾ വരണം എന്ന് തീരുമാനിക്കാൻ തനിക്ക് അധികാരമുണ്ട്' എന്ന ചിന്ത ഒരാൾക്കും പാടില്ലെന്നും ഉപരാഷ്ട്രപതി തുറന്നടിച്ചു. ഡൽഹിയിൽ പുതുതായി നിർമിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുകുമാരൻ നായരുടെ പേരെടുത്ത് പറയാതെയായിരുന്നു ഉപരാഷ്ട്രപതിയുടെ ഈ കടുത്ത പരാമർശങ്ങൾ.

എൻ.എസ്.എസിന്റെ ഔദ്യോഗിക നേതൃത്വവുമായി അകലം പാലിക്കുന്ന ഡൽഹിയിലെ എൻ.എസ്.എസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ദ്വാരകയിൽ മന്നം സ്മൃതി മണ്ഡപം യാഥാർത്ഥ്യമാക്കിയത്. ചടങ്ങിൽ സംസാരിക്കവെ, സംഘടനയുടേതായിട്ടുള്ളതെല്ലാം മന്നത്ത് പത്മനാഭന്റെ സംഭാവനയാണെന്നും അല്ലാതെ വ്യക്തികളുടേതല്ലെന്നും സി.പി. രാധാകൃഷ്ണൻ ഓർമ്മിപ്പിച്ചു. നിങ്ങളാണ് എല്ലാമെന്ന് ആരും കരുതരുത്. എല്ലാവർക്കും വരാനാകണം എന്ന നയമാണ് സ്വീകരിക്കേണ്ടത്. ഡൽഹിയിലെ ഈ മന്നം സ്മൃതി മണ്ഡലത്തിൽ ജാതിമത ഭേദങ്ങളുണ്ടാകില്ല, അദ്ദേഹം വ്യക്തമാക്കി.

പഴയ 'പെരുന്ന വിലക്കിനുള്ള' മറുപടി

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഔദ്യോഗികമായി അനുമതി തേടിയിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് വിലക്കേർപ്പെടുത്തിയത്. അന്ന് ബി.ജെ.പി നേതൃത്വത്തിനും കേന്ദ്ര സർക്കാരിനും വലിയ നാണക്കേടുണ്ടാക്കിയ ആ പഴയ സംഭവത്തിനുള്ള ശക്തമായ മറുപടിയാണ് ഉപരാഷ്ട്രപതി ഇപ്പോൾ ഡൽഹിയിലെ വേദിയെ സാക്ഷിയാക്കി നൽകിയിരിക്കുന്നത്.

മുമ്പ് പശ്ചിമ ബംഗാൾ ഗവർണറായിരുന്ന മലയാളി സി.വി. ആനന്ദബോസിനും സമാനമായ രീതിയിൽ പെരുന്നയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഡൽഹിയിലെ എൻ.എസ്.എസ് കൂട്ടായ്മ ചേർന്ന് ദ്വാരകയിൽ ബദലായി ഈ മന്നം സ്മൃതി മണ്ഡപം പണിതുയർത്തിയത്. ഞായറാഴ്ച നടന്ന ചടങ്ങിൽ സി.വി. ആനന്ദബോസും പങ്കെടുത്തിരുന്നു.

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും': സുരേഷ് ഗോപി

ഉപരാഷ്ട്രപതിക്ക് പുറമെ ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. പെരുന്ന ഒന്നുകിൽ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കും, അല്ലെങ്കിൽ അത് സ്വയം ശുദ്ധീകരിക്കപ്പെടും, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ടെന്നും ഡൽഹിയിലേത് മികച്ചൊരു മാതൃകയാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ബദൽ മാർഗ്ഗങ്ങൾ ഉയർന്നു വരട്ടെയെന്നും കൂട്ടിച്ചേർത്തു.

കേരളം സമ്പൂർണ്ണ സാക്ഷരതയും പുരോഗതിയും നേടിയത് ഏതെങ്കിലും സർക്കാരുകളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ മാത്രം ശ്രമം കൊണ്ടല്ല, മറിച്ച് മന്നത്ത് പത്മനാഭനെയും ശ്രീനാരായണ ഗുരുവിനെയും പോലുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ പ്രയത്നം കൊണ്ടുകൂടിയാണെന്ന് ഉപരാഷ്ട്രപതി ചടങ്ങിൽ ഓർമ്മിപ്പിച്ചു. ഡൽഹിയിലെ പ്രവാസി കൂട്ടായ്മയുടെ ഈ പുതിയ സംരംഭം വരുംതലമുറയ്ക്ക് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉപരാഷ്ട്രപതിയുടെയും കേന്ദ്രമന്ത്രിയുടെയും കടുത്ത വിമർശനങ്ങളോട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

---------------

Hindusthan Samachar / Roshith K


Latest News