Enter your Email Address to subscribe to our newsletters

Malappuram, 13 ജൂലൈ (H.S.)
ലോകോത്തര വിപണികള്‍ക്കൊപ്പം മികച്ച ഉത്പന്നങ്ങള്‍ വിപണികളിലെത്തിച്ച് കുടുംബശ്രീ അഭിവൃദ്ധിപ്പെട്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, പരിപാടികള്‍ പരിചയപ്പെടുത്തുന്നതിന് കുടുംബശ്രീ ജില്ലാമിഷന്‍ മുട്ടില്‍ എം.ആര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ കുടുംബങ്ങളിലെയും സ്ത്രീകള്‍ സമ്പാദിച്ചാല്‍ കേരളം സാമ്പത്തിക അതിജീവനത്തില്‍ വലിയ വിപ്ലവം സൃ്ഷ്ടിക്കുമെന്ന് മനസ്സിലാക്കിയാണ് കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചത്. ഒരു പ്രസ്ഥാനം എത്രമാത്രം വലുതാകുന്നുവോ അത്രയും ജാഗ്രത അനിവാര്യമാണ്. കാലത്തിനനുസൃതമായ മാറ്റങ്ങള്‍ നിരന്തരമായി പ്രവര്‍ത്തിക്കണം. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കൂട്ടായ്മയെ തെറ്റായ പ്രചാരണത്തോടെ നയിക്കുന്ന ഏതൊരു പ്രവര്‍ത്തിയേയും കര്‍ശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ജാഗ്രതയുടെ ഭാഗമായിട്ടാണ് തദ്ദേശ അധ്യക്ഷന്‍മാര്‍ക്കും കടുംബശ്രീക്കും സംയുക്തമായി ശില്‍പശാല സംഘടിപ്പിച്ചത്. ശില്‍പശാലയില്‍ പനമരം, വെള്ളമുണ്ട സി.ഡിഎസുകളെ സമ്പൂര്‍ണ ഐ.എസ്.ഒ സി.ഡി.എസുകളായി മന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീ മാഗസിന്‍ പാനകം-26 എം.എല്‍.എ ഉഷ വിജയന് കൈമാറി മന്ത്രി പ്രകാശനം ചെയ്തു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന- സ്ത്രീശക്തികരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ലോകത്തിന് മാതൃക കൂട്ടായ്മയാണെന്ന് പരിപാടിയില്‍ അധ്യക്ഷതവഹിച്ച് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് പറഞ്ഞു. കുടുംബശ്രീ കേവലമൊരു കൂട്ടായ്മയായാണ് രൂപപ്പെട്ടതെങ്കിലും നിലവില്‍ സര്‍വ്വതലങ്ങളിലേക്ക് പ്രസ്ഥാനം വ്യാപിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ പ്രസ്ഥാനമാണ് കുടുംബശ്രീ. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വഹണവും തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന 2026 വനിതാ കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ചത് പ്രകാരം സംസ്ഥാനത്ത് അഞ്ചുവര്‍ഷം നീണ്ടുനില്‍ക്കുന്ന കൃഷി സഖി പദ്ധതിക്ക് കൃഷി വകുപ്പ് നേതൃത്വം കൊടുക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പാനായി 350 ലക്ഷം രൂപ സംസ്ഥാന തലത്തില്‍ മാറ്റിവെച്ചിട്ടുണ്ട്. പദ്ധതി തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി പ്രവര്‍ത്തിക്കും. കാര്‍ഷിക ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം ഒഴിവാക്കാന്‍ കാര്‍ഷിക വൃത്തിയിലേക്ക് തിരിച്ചു വരണം. ഇതിനായാണ് കതിര്‍ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിംഗ് തയ്യാറാക്കാന്‍ കൃഷി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് വലിയ രീതിയില്‍ ഉണര്‍വുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ പദ്ധതിയുടെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അമ്പലവയല്‍, കല്‍പ്പറ്റ ബഡ്സ് സ്ഥാപനങ്ങളെ മോഡല്‍ ബഡ്സ് സ്‌കൂളുകളായുള്ള പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. മോഡല്‍ ബഡ്‌സ് സ്‌കൂളിനുള്ള പഠനോപകരണങ്ങളും മന്ത്രി വിതരണം ചെയ്തു.
ജില്ലാ കുടുംബശ്രീ മിഷന്റെ എഫ്.എന്‍.എച്ച്.ഡബ്ല്യൂ പദ്ധതി സ്വാസ്ഥ്യം 2026 കര്‍ക്കിട ഔഷധകൂട്ട് എം.എല്‍.എ ഉഷ വിജയന്‍ ലോഞ്ച് ചെയ്തു. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പോസ്റ്റര്‍ പ്രകാശനം, എസ്.വി.ഇ.പി അംബ്രല്ല പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കിയ എ.ജി.ഇ.വൈ വാഹനങ്ങളുടെ താക്കോല്‍ കൈമാറ്റം, എ ജി വൈ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട സി ഡി എസുകള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു.
---------------
Hindusthan Samachar / Sreejith S