അയോധ്യയിലെ രാമക്ഷേത്രത്തില് നടന്നത് പകല്ക്കൊള്ള: പവന് ഖേര
Thiruvanathapuram, 13 ജൂലൈ (H.S.) അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്നത് പകല്‍ക്കൊള്ളയാണെന്ന് എഐസിസി മീഡിയ ആന്റ് പബ്ലിസിറ്റി ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു
pavan khera


Thiruvanathapuram, 13 ജൂലൈ (H.S.)

അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്നത് പകല്‍ക്കൊള്ളയാണെന്ന് എഐസിസി മീഡിയ ആന്റ് പബ്ലിസിറ്റി ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് അയോധ്യയില്‍ ട്രസ്റ്റ് തുടങ്ങിയത്. രാമക്ഷേത്ര നിര്‍മാണത്തില്‍ ഇത് വരെ ഊറ്റം കൊണ്ട മോദിയും ആര്‍എസ്എസും അഴിമതി പുറത്ത് വന്നപ്പോള്‍ മൗനം പാലിക്കുകയാണ്. ഇതില്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതെന്നും ആരാണ് വിഷയത്തില്‍ വ്യക്തമായി മറുപടി തരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ക്ഷേത്രം എല്‍&ടി എന്ന കമ്പനി സൗജന്യമായി നിര്‍മ്മിച്ചു നല്‍കാമെന്ന് അറിയിച്ചിരുന്നു. അത് തള്ളിക്കളഞ്ഞ് 2100 കോടി രൂപ ചിലവഴിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടത്തിയത്. രാമക്ഷേത്രത്തില്‍ ഗോശാല നിര്‍മ്മിക്കാനെന്ന് കാട്ടി കോടികളാണ് ചിലവഴിച്ചതെന്ന് പവന്‍ ഖേര ആരോപിച്ചു. നിര്‍വില്‍ ക്ഷേത്രത്തില്‍ ഗോശാലയില്ല. 40 വര്‍ഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് ക്ഷേത്ര നിര്‍മ്മാണമെന്ന പേരില്‍ പിരിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനൊന്നും കണക്കുകളില്ല. രാജ്യത്തെ വിശ്വാസികളെ മുഴുവന്‍ ഇവര്‍ വഞ്ചിച്ചു. ഡല്‍ഹിയിലെ ആര്‍എസ്എസ്, ബിജെപി ഓഫിസുകള്‍ കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ചതിന് പിന്നിലെ പണം എവിടെ നിന്നാണെന്നും പവന്‍ ഖേര ചോദിച്ചു. അയോധ്യയിലെ രാമക്ഷേത്രം ആര്‍എസ്എസ് പണം പിരിക്കല്‍ കേന്ദ്രമായി മാറിയെന്നാണ് സ്വാമി അവിമുക്തേശ്വരാനന്ദയും ശങ്കരാചാര്യന്‍മാരും പറയുന്നത്. അതുകൊണ്ടാണ് തങ്ങള്‍ അവിടേയ്ക്ക് പോകാത്തതെന്നും അവര്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അന്വേഷണം വേണ്ടത് സുപ്രീം കോടതി മേല്‍നോട്ടത്തില്‍

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ സുപ്രീം കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് പവന്‍ ഖേര ആവശ്യപ്പെട്ടു. നിലവില്‍ രൂപീകരിച്ചിരിക്കുന്ന എസ്ഐടിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സംഭാവന, ഭൂമിയിടപാട് തുടങ്ങിയ കാര്യങ്ങളില്‍ ഡിജിറ്റല്‍, ഫോറന്‍സിക്ക് അന്വേഷണങ്ങളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച 200 കിലോ വെള്ളി എവിടെയെന്നതില്‍ ആര്‍ക്കും ഉത്തരമില്ല.

ട്രസ്റ്റില്‍ എന്തുകൊണ്ട് ആര്‍എസ്എസുകാരെ കുത്തിനിറച്ചുവെന്നും നിലവിലെ ട്രസ്റ്റ് പിരിച്ചു വിട്ട് വിശ്വാസികളെയും ശങ്കരാചാര്യന്‍മാരെയും ഉള്‍പ്പെടുത്തി പുതിയ ട്രസ്റ്റ് രൂപീകരിക്കണമെന്നും പവന്‍ ഖേര പറഞ്ഞു. ട്രസ്റ്റില്‍ നിന്നും ആര്‍എസ്എസിനെ ഒഴിവാക്കി അത് വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലേത് ഇച്ഛാശക്തിയുള്ള പുതിയ സര്‍ക്കാരാണ്. വയനാട് ദുരന്ത സ്ഥലത്ത് പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തിയില്ലെന്ന ബിജെപി ആരോപണത്തോടും പവന്‍ ഖേര പ്രതികരിച്ചു. പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചാല്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി എന്ന് പറയും. സന്ദര്‍ശിച്ചില്ലെങ്കില്‍ അത് വിവാദമാക്കും. ഇപ്പോള്‍ മികച്ച രീതിയില്‍ രക്ഷാവ്രര്‍ത്തനം നടക്കുന്നുണ്ട്. ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന സിജെപിയുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം. അണ്ണാ ഹസാരെയുടെ സമരം തുടങ്ങി നാലാം ദിവസം മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ അവരുമായി സംസാരിച്ചു. 14-ാം ദിവസം സമരം തീര്‍ന്നു. നിലവില്‍ 16 ദിവസമായി സിജെപി പ്രക്ഷോഭം തുടരുകയാണ്. ഇത് വരെ ഒരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ലെന്നും പവന്‍ ഖേര പറഞ്ഞു.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തും . ആദ്യഘട്ടമെന്ന നിലയില്‍ രാജ്യത്താകെ വാര്‍ത്തസമ്മേളനങ്ങളും അതിന് പിന്നാലെ പ്രക്ഷോഭ പരിപാടികളുമാണ് പാര്‍ട്ടി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം രാജ്യത്ത് 50 ഇടങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി പ്രക്ഷേഭാ പരിപാടികളിലേക്ക് കടന്നിട്ടുണ്ടെന്നും പവന്‍ ഖേര വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News