അയോധ്യ ക്ഷേത്ര തട്ടിപ്പ് : കേന്ദ്രത്തിനും യുപി സര്ക്കാരിനും നോട്ടിസ് അയച്ച് സുപ്രീം കോടതി
New delhi, 13 ജൂലൈ (H.S.) അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് സുപ്രീം കോടതി. തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജൂലൈ 20ന് സുപ്രീം കോടതി പരിഗണിക്കും. കേസില്‍ കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക
Supreme Court


New delhi, 13 ജൂലൈ (H.S.)

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് സുപ്രീം കോടതി. തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജൂലൈ 20ന് സുപ്രീം കോടതി പരിഗണിക്കും. കേസില്‍ കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു. കൂടാതെ ക്ഷേത്രം കൈകാര്യം ചെയ്യുന്ന ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിനും നോട്ടീസ് അയച്ചിട്ടുണ്ട്.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലടക്കം വാദം 20ന് കേള്‍ക്കും. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യുപി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കി. അതേസമയം ക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് നല്‍കുന്നത് മാറ്റിവയ്ക്കണമെന്ന എസ്ജിയുടെ ആവശ്യം ബെഞ്ച് നിരസിച്ചു.

സിസിടിവി ദൃശ്യങ്ങളും മറ്റ് രേഖകളും സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹര്‍ജിക്കാരില്‍ ഒരാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വാദം കേള്‍ക്കുന്നതിനിടയില്‍, സംസ്ഥാനം സമര്‍പ്പിക്കേണ്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്കും നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ഘട്ടത്തില്‍ ബെഞ്ച് ആവശ്യം അംഗീകരിച്ചില്ല.

വിഷയത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് നരേന്ദ്ര കുമാര്‍ ഗോസ്വാമി നേരിട്ട് ഹര്‍ജി സമര്‍പ്പിച്ചതാണ് ഒരു ഹര്‍ജി. അയോധ്യ രാമക്ഷേത്രം കൈകാര്യം ചെയ്യുന്ന ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങള്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഓഡിറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സിബിഐ അന്വേഷണത്തിന് സമാനമായ നിര്‍ദ്ദേശം ആവശ്യപ്പെട്ട് ഹര്‍ജിക്കാരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരും നേരിട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). സംഭാവനയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും രേഖകളും പരിശോധിക്കാനാണ് അന്വേഷണ സംഘം എത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വരും ദിവസങ്ങളില്‍ സംഘം അയോധ്യ വീണ്ടും സന്ദര്‍ശിക്കാനാണ് സാധ്യത. രേഖകള്‍ പരിശോധിക്കുന്നതിനും സംഭാവന മാനേജ്മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ട്രസ്റ്റ് പ്രവര്‍ത്തകരെയും മറ്റുള്ളവരെയും എസ്ഐടി ചോദ്യം ചെയ്യും. ക്ഷേത്രത്തില്‍ ഭക്തര്‍ സംഭാവന ചെയ്ത പണവും വിലപിടിപ്പുള്ള വസ്തുക്കളും ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. ലഖ്നൗ ഡിവിഷനല്‍ കമ്മിഷണര്‍ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 13നാണ് എസ്ഐടി രൂപീകരിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News