Enter your Email Address to subscribe to our newsletters

Bdarinath, 13 ജൂലൈ (H.S.)
ബദരീനാഥ് ക്ഷേത്രത്തില്‍ നടന്ന സംഭാവന തട്ടിപ്പില്‍ ഒരാളെ അറസ്റ്റ് ചെയ്ത് എസ്‌ഐടി. സസ്പെന്‍ഷനിലായിരുന്ന ക്ഷേത്ര ഉദ്യോഗസ്ഥന്‍ പ്രമോദ് നൗട്ടിയാലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡെറാഡൂണിലെ വസതിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി പ്രതിയെ ചമോലി പൊലീസ് ബദരീനാഥിലേക്ക് കൊണ്ടുപോയി. അവിടെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടന്നുകൊണ്ടിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബദരീനാഥ്-കേദാര്‍നാഥ് ടെമ്പിള്‍ കമ്മിറ്റി ചെയര്‍മാന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന പ്രമോദ് നൗട്ടിയാലിനെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എസ്‌ഐടി പ്രതിക്കെതിരെ നടപടിയെടുത്തത്. തനിക്കെതിരെയുള്ള സസ്പെന്‍ഷനും എഫ്ഐആറും ചോദ്യം ചെയ്ത് പ്രമോദ് നൗട്ടിയാല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്കമാക്കി.
2026 ജൂലൈ 2-ന് ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടയില്‍, പ്രമോദ് നൗട്ടിയാല്‍ അനധികൃതമായി പണം, സ്വര്‍ണം, വെള്ളി നാണയങ്ങള്‍, പണപ്പൊതികള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ മോഷ്ടിച്ചതായാണ് കേസ്. ഭൈരവ് സേനയുടെ സ്ഥാപകനായ സന്ദീപ് ഖത്രിയാണ് ഇക്കാര്യം ആദ്യം പുറത്തുകൊണ്ടുവന്നത്. വിഷയം പുറത്തുവന്നതോടെ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദി നാലംഗ അന്വേഷണ സമിതി രൂപീകരിച്ചു.
വിഷയം മാധ്യമശ്രദ്ധ നേടിയതോടെ സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ ഉന്നതതല അന്വേഷണ സമിതിയും രൂപീകരിച്ചു. തല്‍ഫലമായി, ബദരീനാഥ് ധാമില്‍ വഴിപാടുകള്‍ മോഷ്ടിച്ചുവെന്ന കുറ്റത്തിന് ബികെടിസി ജീവനക്കാരനായ പ്രമോദ് നൗട്ടിയാലിനെ സസ്പെന്‍ഡ് ചെയ്യുകയും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഭൈരവ് സേന നല്‍കിയ പരാതിയെത്തുടര്‍ന്ന് ബദരീനാഥ് പൊലീസ് സ്റ്റേഷനിലാണ് പ്രമോദ് നൗട്ടിയാലിനെതിരെ ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കാണിക്ക എണ്ണുന്ന മുറിയില്‍നിന്ന് ഇയാള്‍ പലതവണ തന്റെ ഓഫീസിലേക്ക് സംശയാസ്പദമായ രീതിയില്‍ പണവും മറ്റ് വസ്തുക്കളും മാറ്റുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ പൊലീസിനു പുറമെ എസ്‌ഐടിയും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതിയും അന്വേഷണം നടത്തുന്നു. കേസില്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുപ്പെടുത്തിയ പ്രമോദ് നൗട്ടിയാലിന് പുറമെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
പവിത്രമായ വഴിപാടുകളുടെ ദുരുപയോഗം ഗോവധത്തിന് സമാനമായ ഒരു ഹീനമായ ആത്മീയ കുറ്റകൃത്യമായി വിശേഷിപ്പിച്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംഭവത്തെ അപലപിച്ചിരുന്നു. കൂടാതെ കേസില്‍ ഊര്‍ജിതമായ അന്വേഷണത്തിനും സംഭവത്തില്‍ പങ്കുള്ള എല്ലാ പ്രതികളെയും കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S