കോവിഡ് കാലത്ത് നടന്ന കൊള്ളകള് പുറത്തുവരുന്നു; ബ്രേക്ക് ദ ചെയിന് പദ്ധതിയില് വന് സാമ്പത്തിക ക്രമക്കേട്
Thiruvanathapuram, 13 ജൂലൈ (H.S.) കൊവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ നടത്തിയ ക്രമക്കേടുകള്‍ പുറത്തു വരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സാമൂഹിക സുരക്ഷ മിഷന്‍ നടപ്പാക്കിയ ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ ഫണ്ട് വിനിയോഗത്തില്‍ ഗുരുതര സാമ്പ
asheel


Thiruvanathapuram, 13 ജൂലൈ (H.S.)

കൊവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ നടത്തിയ ക്രമക്കേടുകള്‍ പുറത്തു വരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സാമൂഹിക സുരക്ഷ മിഷന്‍ നടപ്പാക്കിയ ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ ഫണ്ട് വിനിയോഗത്തില്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.

പദ്ധതിയുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച അക്കൗണ്ടന്റ് ജനറല്‍ ഈ ചെലവുകള്‍ അധികാരപരിധിക്ക് പുറത്തുള്ളതും അനാവശ്യവും വിശദമായ അന്വേഷണം അര്‍ഹിക്കുന്നതുമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവേണിങ് ബോര്‍ഡ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് ധനകാര്യ പരിശോധന വിഭാഗം വിശദമായ അന്വേഷണം നടത്തിയത്.

കൊവിഡ് വ്യാപനം തടയുന്നതിനുള്ള ബോധവത്കരണത്തിനായി മിഷന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഫണ്ടില്‍ നിന്ന് 439.16 ലക്ഷം രൂപയും സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ലഭിച്ച 49.79 ലക്ഷം രൂപയും ഉള്‍പ്പെടെ 488.95 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. എന്നാല്‍ കാമ്പയിന്‍ നടത്താന്‍ കേരള സാമൂഹിക സുരക്ഷ മിഷനെ ചുമതലപ്പെടുത്തിക്കൊണ്ട് യാതൊരു ഔദ്യോഗിക ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പരിപാടികള്‍ക്കോ ചെലവഴിച്ച തുകയ്‌ക്കോ ഭരണസമിതി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോ പില്‍ക്കാല സാധൂകരണമോ വാങ്ങിയിട്ടില്ല. മിഷന്റെ നിയമപരമായ ചുമതലകള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിച്ചതെന്നും അടിയന്തര ഘട്ടമായതിനാല്‍ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലായിരുന്നു എന്നുമുള്ള മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന്റെ മറുപടി തൃപ്തികരമല്ലെന്ന് ധനകാര്യ വിഭാഗം വിലയിരുത്തി.

പദ്ധതി ഏകോപനത്തിനായി കെഎസ്എസ്എം ആസ്ഥാനത്തെ 300 ചതുരശ്ര അടി മാത്രമുള്ള മുന്‍വശത്തെ മുറിയില്‍ വീഡിയോ കോണ്‍ഫറന്‍സ് റൂം സജ്ജമാക്കാന്‍ 19.64 ലക്ഷം രൂപ ചെലവഴിച്ചതില്‍ വന്‍ അപാകതകളുണ്ട്. ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ക്ക് 4,97,500 രൂപയും കോണ്‍ഫറന്‍സിങ് സൊല്യൂഷന് 4,96,200 രൂപയും നോയിസ് കാന്‍സലേഷന് 4,85,000 രൂപയും റൂം ആള്‍ട്ടറേഷന് 4,85,800 രൂപയുമാണ് ചെലവിട്ടത്. എന്നാല്‍ ഭൗതിക പരിശോധനയില്‍ ഈ പ്രവൃത്തികള്‍ക്കൊന്നും ചെലവഴിച്ച തുകയ്ക്കുള്ള ഗുണമേന്മയോ നിലവാരമോ ഇല്ലെന്ന് കണ്ടെത്തി.

നോയിസ് കാന്‍സലേഷന്റെ ഭാഗമായി ചണം കൊണ്ടുള്ള എട്ട് ഫ്രെയിമുകള്‍ മാത്രമാണ് ഭിത്തിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിനായി യാതൊരുവിധ എസ്റ്റിമേറ്റും തയാറാക്കുകയോ സ്റ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങള്‍ പ്രകാരം ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ടെന്‍ഡര്‍ രജിസ്റ്ററിലോ സ്റ്റോക്ക് രജിസ്റ്ററിലോ ഇതുസംബന്ധിച്ച രേഖപ്പെടുത്തലുകളോ ഉദ്യോഗസ്ഥരുടെ ഒപ്പോ ഇല്ല.

പദ്ധതിയുടെ ജില്ല കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ പ്രവൃത്തികളുടെ തുക കൃത്യമായി വിലയിരുത്താതെ 44.63 ലക്ഷം രൂപയാണ് അഡ്വാന്‍സായി നല്‍കിയത്. അഡ്വാന്‍സ് തുകകള്‍ മൂന്ന് മാസത്തിനകം ക്രമീകരിക്കണമെന്ന ഫിനാന്‍ഷ്യല്‍ കോഡ് ചട്ടം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ അനുമതിയോ കരാറുകളോ ഇല്ലാതെ ജയില്‍ വകുപ്പിനും മറ്റ് സ്ഥാപനങ്ങള്‍ക്കുമായി 33.87 ലക്ഷം രൂപയും അഡ്വാന്‍സായി നല്‍കി.

വനിത ശിശുവികസന വകുപ്പ് മുഖേന സാനിറ്റൈസര്‍ വാങ്ങാനായിരുന്നു ഔദ്യോഗിക തീരുമാനമെങ്കിലും അത് ലംഘിച്ച് കെഎസ്എസ്എം നേരിട്ട് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നും ജയിലുകളില്‍ നിന്നും സാധനങ്ങള്‍ സംഭരിക്കുകയായിരുന്നു. ഇത് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയെയും സാമ്പത്തിക അച്ചടക്കലംഘനത്തെയുമാണ് കാണിക്കുന്നത്. ധനകാര്യ വിഭാഗം പരിശോധനയ്ക്ക് എത്തിയപ്പോള്‍ ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അസല്‍ ബില്ലുകളോ വൗച്ചറുകളോ അനുബന്ധ രേഖകളോ മിഷന്റെ ബന്ധപ്പെട്ട സെക്ഷനില്‍ ലഭ്യമാക്കിയില്ല.

അവ ക്രമരൂപത്തില്‍ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരുടെ അഡ്വാന്‍സ് ഫയലുകള്‍ മാത്രമാണ് നല്‍കിയത്. ജീവനക്കാരില്‍ ഭൂരിഭാഗവും കരാര്‍ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷനിലോ ഉള്ളവരായതിനാല്‍ രേഖകള്‍ ഹാജരാക്കാന്‍ മിഷന്റെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

കിയോസ്‌കുകള്‍ വാങ്ങല്‍, മാസ്‌ക്-സാനിറ്റൈസര്‍ നിര്‍മാണം, വിദേശത്തുനിന്ന് സാധനങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സ്റ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങളോ ടെന്‍ഡര്‍ നടപടികളോ പാലിച്ചിട്ടില്ല. കൊവിഡ് കാലത്തെ പ്രത്യേക പര്‍ച്ചേസ് ഇളവുകള്‍ ഉപയോഗിച്ച് സംഭരണം നടത്തിയ ശേഷം അതത് വകുപ്പ് മന്ത്രിമാര്‍ വഴി സര്‍ക്കാര്‍ തലത്തില്‍ വാങ്ങേണ്ട ഔദ്യോഗിക സാധൂകരണം ഉറപ്പുവരുത്തുന്നതില്‍ ഡോ. അഷീലിന് ഗുരുതര വീഴ്ച സംഭവിച്ചു. ദുര്‍ബല വിഭാഗങ്ങളെ സഹായിക്കാന്‍ മിഷന്റെ ബൈലോ പ്രകാരം അധികാരമുണ്ടെന്ന വാദവും ധനകാര്യ വിഭാഗം തള്ളി.

വിവിധ വകുപ്പുകള്‍ക്കും വ്യക്തികള്‍ക്കും വന്‍തോതില്‍ അഡ്വാന്‍സ് തുകകള്‍ അനുവദിച്ചതിലും ആസ്തി വിവരങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്താത്തതിലും സുതാര്യതയില്ലാത്ത കൈപ്പട ബില്ലുകള്‍ മാറിയതിലും ഭരണപരമായ വലിയ വീഴ്ചകളുണ്ട്. പദ്ധതി കാലയളവില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലിരുന്ന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അംഗീകാരമോ പില്‍ക്കാല സാധൂകരണമോ വാങ്ങാതെ തന്നിഷ്ടപ്രകാരം ഫണ്ട് വിനിയോഗിച്ചതിനാലാണ് ഡോ. മുഹമ്മദ് അഷീലിനെതിരെ കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം ശിപാര്‍ശ ചെയ്തത്. വരും കാലങ്ങളില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കൃത്യമായ എസ്റ്റിമേറ്റുകളും സാമ്പത്തിക മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഭരണവകുപ്പ് ഉറപ്പുവരുത്തണമെന്നും ചട്ടലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News