Enter your Email Address to subscribe to our newsletters

Kerala, 13 ജൂലൈ (H.S.)
ന്യൂഡൽഹി: പ്രമുഖ ഹെൽത്ത് കെയർ ടെക്നോളജി കമ്പനിയായ കോറോ ഹെൽത്തിലെ (CorroHealth) കൂട്ടപ്പിരിച്ചുവിടൽ നടപടിയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ സജീവ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി കേരള തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ജൂലൈ 20-ന് നടക്കുന്ന നിർണ്ണായകമായ ചർച്ചകൾക്ക് ശേഷവും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ കേന്ദ്ര സർക്കാർ വിഷയത്തിൽ നേരിട്ട് ഇടപെടും. ഡൽഹിയിൽ കേന്ദ്ര തൊഴിൽമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്ത് സെന്ററുകളിൽ നിന്ന് യാതൊരുവിധ മുൻകൂട്ടി അറിയിപ്പുകളുമില്ലാതെ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി വലിയ വിവാദങ്ങൾക്ക് വഴിമാറ്റിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ കമ്പനി നേതൃത്വവും ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുത്ത ഉന്നതതല ചർച്ച പരാജയപ്പെട്ടിരുന്നു. കമ്പനി അധികൃതർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് സംസ്ഥാന തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ അടിയന്തര പരിഹാരം കാണാൻ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയെ നേരിൽ കണ്ടത്.
കൂടിക്കാഴ്ചയിൽ കമ്പനിയുടെ ഏകപക്ഷീയമായ നടപടിയെയും തൊഴിൽ നിയമങ്ങളുടെ ലംഘനത്തെയും മന്ത്രി കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തി. കോറോ ഹെൽത്തിൽ ബിസിനസ്സ് സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, നിലവിലുള്ള ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിന് പകരം കമ്പനിയുടെ മറ്റ് സെന്ററുകളിലേക്ക് കുറച്ചുപേരെ മാറ്റി നിയമിക്കാൻ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ എവിടെയിരുന്നും ചെയ്യാവുന്ന ജോലിയായതിനാൽ കേരളത്തിലെ പ്രവർത്തനം പൂർണ്ണമായി നിർത്തേണ്ട സാഹചര്യമില്ല. പിരിച്ചുവിടൽ അനിവാര്യമായ സാഹചര്യങ്ങളിൽ പോലും സീനിയോറിറ്റി കുറഞ്ഞവരെ ആദ്യം ഒഴിവാക്കുന്ന 'ലാസ്റ്റ് കം ഫസ്റ്റ് ഗോ' (Last come first go) എന്ന സാർവത്രികവും നിയമപരവുമായ രീതി കമ്പനി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദ്യമുന്നയിച്ചു.
ജൂലൈ 20-ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരുമായി വീണ്ടും ചർച്ച നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങളോട് കമ്പനി അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഈ ചർച്ചയും പരാജയപ്പെടുകയോ അല്ലെങ്കിൽ കമ്പനി തങ്ങളുടെ പിടിവാശി തുടരുകയോ ചെയ്താൽ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പാണ് ഡോ. മൻസുഖ് മാണ്ഡവ്യ നൽകിയിരിക്കുന്നത്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നിയമവഴികളും തേടുമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K