കൊവിഡ് കാലത്ത് നടന്നത് വലിയ ക്രമക്കേടുകള്; അന്വേഷണം നടത്തും; ആരോഗ്യമന്ത്രി
Kozhikkode, 13 ജൂലൈ (H.S.) മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കിയ ''ബ്രേക്ക് ദി ചെയിന്‍'' പദ്ധതിയില്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധര
K Muralidharan


Kozhikkode, 13 ജൂലൈ (H.S.)

മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കിയ 'ബ്രേക്ക് ദി ചെയിന്‍' പദ്ധതിയില്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ക്രമക്കേടുകളില്‍ അന്വേഷണം നടത്തും. അന്നത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആരോഗ്യവകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലും മറ്റ് ഇടപാടുകളിലും നടന്ന ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത് ഈ സാഹചര്യത്തിലാണെന്നും മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.

ജനാധിപത്യ സര്‍ക്കാരിന് ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അതിന്റേതായ സ്വാതന്ത്ര്യം വേണമെന്നും, തെറ്റുകള്‍ ഉണ്ടെങ്കില്‍ മാത്രം കോടതി ഇടപെടുന്നതാണ് ശരിയായ രീതിയെന്നു മന്ത്രി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളിലടക്കം സര്‍ക്കാരിന് അധികാരമില്ലാത്ത അവസ്ഥയാണുള്ളത്. കോടതിയോട് ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ലെന്നും എന്നാല്‍ ഭരണപരമായ അവകാശങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം നിലച്ച അവസ്ഥയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) കേസ് അന്വേഷിക്കുന്നത്. അതിനാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിക്കുന്നില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സ്വര്‍ണം മോഷ്ടിച്ചതാര് എന്ന ചോദ്യം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കേസ് തെളിയണമെങ്കില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ കോടതി നിര്‍ദേശിക്കാത്തത് പ്രതികള്‍ക്ക് സഹായകമാകും. തെളിവുകള്‍ നശിപ്പിക്കാന്‍ വൈദഗ്ധ്യമുള്ളവരാണ് ഇതിന് പിന്നില്‍. ഈ നിസഹായാവസ്ഥയിലാണ് കഴിഞ്ഞ ദിവസം താന്‍ കോടതിയെക്കുറിച്ച് പരാമര്‍ശം നടത്തിയതെന്നും മന്ത്രി വിശദീകരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ സര്‍ക്കാരിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കേണ്ടതുണ്ട്. കൊച്ചി, മലബാര്‍ ദേവസ്വം കമ്മിഷണര്‍മാരെ സര്‍ക്കാരിന് നേരിട്ട് നിയമിക്കാം. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറെ നിയമിക്കാന്‍ സര്‍ക്കാര്‍ പട്ടിക തയ്യാറാക്കി കോടതിക്ക് നല്‍കുകയും, കോടതി അന്തിമ തീരുമാനമെടുക്കുകയും ചെയ്യുന്നതാണ് നിലവിലെ രീതി. ഈ ന്യൂനതയാണ് താന്‍ ചൂണ്ടിക്കാണിച്ചത്. സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ കോടതിക്ക് ഇടപെടാം. പല കേസുകളിലും സര്‍ക്കാരിന് അനുകൂലമായും പ്രതികൂലമായും വിധികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ദേവസ്വം വിഷയത്തില്‍ സര്‍ക്കാരിന് യാതൊരു സ്വാതന്ത്ര്യവുമില്ല. ഇത് കോടതിയോടുള്ള അനാദരവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് താഴമണ്‍ കുടുംബത്തെ മാറ്റണമെന്ന് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ട വിഷയം സര്‍ക്കാരിന്റെ പരിഗണനയിലില്ല. നിലവിലെ നിയമപ്രകാരം തന്ത്രി കുടുംബത്തിനാണ് ഇതിനുള്ള അവകാശം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. എന്നാല്‍ നിലവിലെ തന്ത്രി സംശയത്തിന്റെ നിഴലിലായതിനാല്‍, പകരം മകനെ ചുമതലപ്പെടുത്തണമെന്ന് അദ്ദേഹം തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ ദേവസ്വം ബോര്‍ഡ് വിഷയം ഹൈക്കോടതിക്ക് വിട്ടു. കോടതിയുടെ ഇടപെടല്‍ ഉള്ളതിനാല്‍ ബോര്‍ഡിനും സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് കൈയും കെട്ടി നോക്കിനില്‍ക്കാനാകില്ല. തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ കോടതിക്ക് അധികാരമുണ്ട്. വിധിയില്‍ വിയോജിപ്പുണ്ടെങ്കില്‍ സര്‍ക്കാരിന് മേല്‍ക്കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News