Enter your Email Address to subscribe to our newsletters

Kozhikode, 13 ജൂലൈ (H.S.)
കോഴിക്കോട്: നഗരത്തിന്റെ തീരദേശ മേഖലയ്ക്ക് പതിറ്റാണ്ടുകളായി കാവലായിരുന്ന കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തലാക്കുന്നു. സ്റ്റേഷനിലെ അവശേഷിക്കുന്ന അവസാന യൂണിറ്റും മീഞ്ചന്ത ഫയർ സ്റ്റേഷനിലേക്ക് മാറ്റാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. സ്ഥലം മാറ്റത്തിന്റെ മുന്നോടിയായുള്ള പ്രാഥമിക ജോലികൾ സ്റ്റേഷൻ വളപ്പിൽ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം സ്റ്റേഷൻ വളപ്പിലെ ഇടിഞ്ഞുകിടക്കുന്ന വലിയ മതിലിന്റെ ഭാഗങ്ങൾ ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് താൽക്കാലികമായി മറയ്ക്കുന്ന തിരക്കിലായിരുന്നു അഗ്നിരക്ഷാ സേനാംഗങ്ങൾ.
ബീച്ച് ഫയർ സ്റ്റേഷനിലെ കംപ്യൂട്ടറുകൾ, മറ്റ് ഓഫിസ് ഫയലുകൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ വരും ദിവസങ്ങളിൽ തന്നെ മീഞ്ചന്തയിലേക്ക് മാറ്റും. നിലവിൽ ഫയർ ടെൻഡർ (അഗ്നിശമന വാഹനങ്ങൾ) ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ബീച്ചിൽ തന്നെയുണ്ടെങ്കിലും ഇവയും ഉടൻ തന്നെ ഇവിടുന്ന് മാറ്റുമെന്നാണ് വിവരം. തീരദേശ മേഖലയായ ബീച്ചിലും പരിസര പ്രദേശങ്ങളിലും എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ വേഗത്തിൽ ഇടപെടുന്നതിനായി ഒരു ഫയർ ടെൻഡർ വാഹനം എങ്കിലും ബീച്ചിൽ നിലനിർത്തുന്നതിനെക്കുറിച്ച് അധികൃതർ ആദ്യം ആലോചിച്ചിരുന്നു. എന്നാൽ ഇടുങ്ങിയ സ്ഥലപരിമിതിയും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും കാരണം ഈ നീക്കവും നടക്കാൻ സാധ്യതയില്ലെന്നാണ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
അഗ്നിരക്ഷാ സേനയുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാകുന്നതോടെ ബീച്ചിലെ ഈ പഴയ സ്റ്റേഷൻ വളപ്പും കെട്ടിടവും സാമൂഹിക വിരുദ്ധരുടെ താവളമായി മാറുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. നിലവിൽ തന്നെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന മതിലുകളും പരിപാലനമില്ലാത്ത കെട്ടിടവും ലഹരി മാഫിയകൾക്കും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും താവളമൊരുക്കാൻ എളുപ്പമാണ്. 24 മണിക്കൂറും ഉദ്യോഗസ്ഥരുണ്ടായിരുന്ന സ്ഥലത്ത് ഇനി ആരും ഉണ്ടാകില്ലെന്നത് ഈ ഭീതി വർദ്ധിപ്പിക്കുന്നു. അതിനാൽ കെട്ടിടം ഒഴിഞ്ഞ ഉടൻ തന്നെ ഇവിടെ സുരക്ഷാ വേലികൾ സ്ഥാപിക്കണമെന്നും പോലീസിന്റെ കർശന നിരീക്ഷണം ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
നഗരത്തിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ കോഴിക്കോട് ബീച്ചിലും പരിസരത്തെ വലിയ ആശുപത്രികളിലും മാർക്കറ്റുകളിലും തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഇനി മീഞ്ചന്തയിൽ നിന്ന് വേണം അഗ്നിരക്ഷാ സേനയ്ക്ക് എത്താൻ. നഗരത്തിലെ ഗതാഗതക്കുരുക്ക് മറികടന്ന് മീഞ്ചന്തയിൽ നിന്നുള്ള വാഹനങ്ങൾ ബീച്ച് മേഖലയിലേക്ക് കൃത്യസമയത്ത് എത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ഇതോടെ ചർച്ചയാവുകയാണ്. പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള ബീച്ച് ഫയർ സ്റ്റേഷന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തുന്നത് നഗരത്തിന്റെ തീരദേശ സുരക്ഷയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
---------------
Hindusthan Samachar / Roshith K