Enter your Email Address to subscribe to our newsletters

Kozhikode, 13 ജൂലൈ (H.S.)
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഗോപുരം തകർന്നുവീണതിനെത്തുടർന്നുണ്ടായ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് ബാക്കിയുള്ള മൂന്ന് ഗോപുരങ്ങളും ഇന്ന് (തിങ്കളാഴ്ച) മുതൽ പൊളിച്ചു നീക്കാൻ റെയിൽവേ അധികൃതർ തീരുമാനിച്ചു. അപകടത്തിൽപ്പെട്ട ഗോപുരത്തിന്റെ അത്രതന്നെ പഴക്കമുള്ളവയാണ് സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ സ്ഥിതി ചെയ്യുന്ന ഈ മൂന്ന് ഗോപുരങ്ങളും. ഇവയും എപ്പോൾ വേണമെങ്കിലും തകർന്നുവീഴാം എന്ന കണ്ടെത്തലിനെത്തുടർന്നാണ് അടിയന്തരമായി പൊളിച്ചുമാറ്റാൻ നടപടി ആരംഭിച്ചത്.
അപകടാവസ്ഥയിലായ ഗോപുരങ്ങളിൽ ഒന്നിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ ഇതിനകം തന്നെ ജീവനക്കാർ നീക്കം ചെയ്തിട്ടുണ്ട്. ഗോപുരങ്ങൾ സുരക്ഷിതമായി പൊളിക്കുന്നതിനായി ഇവയ്ക്ക് ചുറ്റിലും വലിയ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച് സുരക്ഷാ കവചമൊരുക്കി കഴിഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം തകർന്നുവീണ പ്രധാന ഗോപുരത്തിന്റെ അവശിഷ്ടങ്ങൾ പൂർണ്ണമായും സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തിട്ടുണ്ട്. ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ ഉപയോഗിച്ചാണ് മണ്ണും കല്ലും കോൺക്രീറ്റ് ഭാഗങ്ങളും മാറ്റിയത്. എന്നാൽ, ഗോപുരം തകർന്നുവീണ ആഘാതത്തിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ ഒരു വലിയ ഭാഗം പൂർണ്ണമായും തകർന്നു കിടക്കുകയാണ്.
ട്രെയിൻ ഗതാഗതം വെസ്റ്റ്ഹിൽ വരെയാക്കി ചുരുക്കി
തകർന്ന പ്ലാറ്റ്ഫോമിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും മറ്റ് മൂന്ന് ഗോപുരങ്ങൾ പൊളിച്ചു നീക്കുന്ന ജോലികളും നടക്കുന്നതിനാൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലൂടെയുള്ള ട്രെയിൻ ഗതാഗതം റെയിൽവേ പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കോഴിക്കോട് – കണ്ണൂർ – കോഴിക്കോട് പാസഞ്ചർ ട്രെയിനിന്റെ സർവീസ് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ വരെ മാത്രമാക്കി ചുരുക്കിയത് വരും ദിവസങ്ങളിലും തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. രണ്ടാം പ്ലാറ്റ്ഫോമിലെ അറ്റകുറ്റപ്പണികൾ തീരുന്നതുവരെ ഈ റൂട്ടിലെ മറ്റ് ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
റെയിൽവേ അന്വേഷണം ഊർജ്ജിതം; ഉദ്യോഗസ്ഥർ പാലക്കാട്ടേക്ക്
സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നിട്ടും, ഇത്രയും പഴക്കമുള്ളതും അപകടാവസ്ഥയിലുള്ളതുമായ ഒരു നിർമ്മിതി യഥാസമയം കണ്ടെത്തി പൊളിച്ചുമാറ്റാതിരുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വലിയൊരു നിർമ്മിതി പെട്ടെന്ന് ഇടിഞ്ഞുവീണതിനെക്കുറിച്ച് റെയിൽവേ വകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോഴിക്കോട് സ്റ്റേഷനിലെ പ്രധാനപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർ ഇന്ന് പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലെത്തി ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദീകരണം നൽകും.
അപകടത്തെക്കുറിച്ച് നടക്കുന്ന ഔദ്യോഗിക അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ ഇന്ന് നേരിട്ടെത്തി മൊഴി നൽകുന്നത്. സംഭവത്തിൽ ആർക്കെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്നും, നിർമ്മാണത്തിലെ അപാകതകളാണോ അപകടത്തിന് കാരണമായതെന്നും കണ്ടെത്താൻ വിശദമായ പരിശോധനകൾ തുടരുകയാണ്. ബാക്കി ഗോപുരങ്ങൾ കൂടി പൊളിച്ചുമാറ്റി പ്ലാറ്റ്ഫോം പൂർവ്വസ്ഥിതിയിലാക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന.
---------------
Hindusthan Samachar / Roshith K