Enter your Email Address to subscribe to our newsletters

Palakkad, 13 ജൂലൈ (H.S.)
നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷ ഇന്നറിയാം. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുന്നത്. പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) അയല്‍വാസിയായ ചെന്താമര (59) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വര്‍ഷത്തിന് ശേഷം വിധി വരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വിധി പറയേണ്ടിയിരുന്നെങ്കിലും ജഡ്ജിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ കഴിഞ്ഞ മാസം 30ന് അന്തിമ വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് പ്രതി ഈ ഇരട്ടക്കൊലപാതകം നടത്തിയത്. തന്റെ ഭാര്യ പിണങ്ങിപ്പോകാനും കുടുംബം തകരാനും കാരണം സജിതയാണെന്ന സംശയമാണ് ആദ്യ കൊലപാതകത്തിലേക്ക് നയിച്ചത്. 2019 ഓഗസ്റ്റ് 31ന് വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കി ചെന്താമര സജിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ 2025 ഒക്ടോബറില്‍ കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
സജിതയെ കൊലപ്പെടുത്തിയ കേസില്‍ 2022ല്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര വ്യവസ്ഥകള്‍ ലംഘിച്ചാണ് പോത്തുണ്ടിയില്‍ താമസിച്ചത്. പ്രതി നാട്ടിലെത്തിയ വിവരം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും പിടികൂടാന്‍ തയ്യാറായില്ല. ജാമ്യത്തിലിറങ്ങിയ ശേഷം സുധാകരന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പരാതികള്‍ പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. പൊലീസിന്റെ ഈ അശ്രദ്ധയും കെടുകാര്യസ്ഥതയുമാണ് ഇരട്ടക്കൊലപാതകത്തിന് കാരണമായതെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് 2025 ജനുവരി 27ന് കൈയിലുണ്ടായിരുന്ന വാള്‍ ഉപയോഗിച്ച് ഇയാള്‍ സുധാകരനെ വെട്ടിക്കൊലപ്പെടുത്തി. ഇത് കണ്ട് തടയാന്‍ ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും പ്രതി ക്രൂരമായി വെട്ടിവീഴ്ത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം സമീപത്തെ മാട്ടായി വനമേഖലയിലേക്ക് കടന്ന പ്രതിയെ തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. കേസില്‍ 81 സാക്ഷികളില്‍ 46 പേരുടെ മൊഴികള്‍ കോടതി പ്രതിക്ക് വായിച്ചുകേള്‍പ്പിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്.
സുധാകരനും ലക്ഷ്മിക്കും പുറമേ സ്വന്തം ഭാര്യ, മകള്‍, മകളുടെ ഭര്‍ത്താവായ പൊലീസുകാരന്‍, ഭാര്യാസഹോദരന്‍, നാട്ടുകാരായ മറ്റ് മൂന്ന് സ്ത്രീകള്‍ എന്നിവരെയും കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് സുധാകരന്റെ മക്കളും ബന്ധുക്കളും ആവശ്യപ്പെടുന്നത്. വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുമ്പോഴും ഇയാള്‍ കൊലവിളി മുഴക്കാറുണ്ടെന്ന് മക്കള്‍ പറയുന്നു. ചെന്താമരയെ കോടതിയില്‍ നിന്ന് പുറത്തിറക്കിയ ശേഷമാണ് സജിതയുടെ മക്കളും സഹോദരിയുമടക്കമുള്ള വീട്ടുകാര്‍ പുറത്തിറങ്ങിയത്. ഇയാളെ ഇനി പുറത്തുവിട്ടാല്‍ തങ്ങളുടെ ജീവന് ഭീഷണിയാണെന്നും സ്വസ്ഥമായി ജീവിക്കാന്‍ കഴിയില്ലെന്നും കുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S