Enter your Email Address to subscribe to our newsletters

Kottayam, 13 ജൂലൈ (H.S.)
എന്‍എസ്എസ് ആസ്താനത്തെ മന്നം സമാധി സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതിന് എതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മറുപടി നല്‍കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇരുവരുടെയും പ്രസ്താവനകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് നായര്‍ സമുദായ സംഘടനയായ എന്‍എസ്എസിന്റെ ഔദ്യോഗിക നിലപാട്.
ന്യൂഡല്‍ഹി ദ്വാരകയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു എന്‍എസ്എസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും രംഗത്തെത്തിയത്. 'ഞാനാണ് ജനറല്‍ സെക്രട്ടറി, അതുകൊണ്ട് ഇന്നയാള്‍ വരണം അല്ലെങ്കില്‍ വരരുത് എന്ന് തീരുമാനിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല' എന്നായിരുന്നു പേരെടുത്ത് പറയാതെയുള്ള ഉപരാഷ്ട്രപതിയുടെ വിമര്‍ശനം. ഇതിന് തൊട്ടുപിന്നാലെ, തെരഞ്ഞെടുപ്പിന് ശേഷം മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്നും പെരുന്നയിലെ ആസ്ഥാനം സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും സുരേഷ് ഗോപിയും കൂട്ടിച്ചേര്‍ത്തു. മുന്‍പ് ഉപരാഷ്ട്രപതിക്ക് പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ഈ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
എന്നാല്‍, മന്നം സമാധിയില്‍ പ്രവേശിക്കുന്നതിന് ആര്‍ക്കും ഒരു തരത്തിലുള്ള വിലക്കുമില്ലെന്നാണ് ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. അവിടം ഒരു ക്ഷേത്രം പോലെ വിശുദ്ധമായി കാണുന്ന സ്ഥലമാണ്. പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി സമാധിക്ക് ഉള്ളില്‍ നായ്ക്കളെ ഉള്‍പ്പെടുത്തിയുള്ള സുരക്ഷാ പരിശോധനകള്‍ നടത്താന്‍ അനുവദിക്കില്ലെന്നതാണ് മുന്‍പത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്‍പ് പെരുന്നയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ തടഞ്ഞു എന്ന വാര്‍ത്തയോടും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. അന്ന് എന്‍എസ്എസിന്റെ ബജറ്റ് യോഗം നടക്കുന്ന ഹാളിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതുകൊണ്ടാണ് അദ്ദേഹത്തെ തടഞ്ഞതെന്നും, അല്ലാതെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് വിലക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപരാഷ്ട്രപതി മന്നം സമാധി സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍, അതീവ വിശുദ്ധമായി കരുതുന്ന സമാധി മണ്ഡപത്തിന് ഉള്ളില്‍ ബോംബ് സ്‌ക്വാഡിലെ നായ്ക്കളെ കയറ്റി പരിശോധന നടത്താന്‍ എന്‍എസ്എസ് നേതൃത്വം അനുമതി നല്‍കിയില്ല.
ക്ഷേത്രതുല്യമായ സമാധിക്കുള്ളില്‍ ഇത്തരം പരിശോധനകള്‍ നടത്തുന്നത് ആചാരങ്ങള്‍ക്കും വിശുദ്ധിക്കും നിരക്കാത്തതാണെന്നാണ് ജി. സുകുമാരന്‍ നായരുടെ നിലപാട്. ഇതേത്തുടര്‍ന്നാണ് ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം ഒഴിവാക്കപ്പെട്ടത്. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് ജി. സുകുമാരന്‍ നായര്‍ ആരോപിക്കുന്നത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് ആര്‍ക്കും വിലക്കില്ലെന്നും, എന്നാല്‍ അവിടെ പാലിക്കേണ്ട ആചാരപരമായ പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നുമാണ് എന്‍എസ്എസ് വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / Sreejith S