Enter your Email Address to subscribe to our newsletters

Kannur, 13 ജൂലൈ (H.S.)
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പാനൽ കുട്ടിയുടെ ചികിത്സാ രേഖകൾ വിശദമായി പരിശോധിക്കും. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ ഏക മകൻ ദേവൻ ശൗര്യ (ദേവാൻഷ് ശൗര്യ) മരണപ്പെട്ട സംഭവത്തിലാണ് ആരോഗ്യവകുപ്പ് നിർണായക നടപടി സ്വീകരിച്ചത്.
അതേസമയം, കുട്ടിയുടെ മരണത്തിൽ ഡോക്ടർമാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടിക്ക് നൽകിയ ജനറൽ അനസ്തേഷ്യയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
കുട്ടിക്ക് ശസ്ത്രക്രിയ നടത്തേണ്ട രീതിയിലുള്ള യാതൊരുവിധ മുറിവുകളും ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കളിക്കുന്നതിനിടെ വീണ് മുഖത്തും ചുണ്ടിലും ഉണ്ടായ മുറിവ് സാരമുള്ളതായിരുന്നില്ല. അതിനാൽ തന്നെ കുട്ടിക്ക് ജനറൽ അനസ്തീഷ്യ നൽകേണ്ട യാതൊരു സാഹചര്യവും അവിടെ നിലനിന്നിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അനസ്തേഷ്യ നൽകിയ ഉടൻ തന്നെ കുട്ടിയുടെ മസ്തിഷ്കത്തിലേക്കുള്ള ഓക്സിജൻ വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. തുടർന്ന് വെറും പത്ത് മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയും ഇത് മസ്തിഷ്ക മരണത്തിന് കാരണമാവുകയുമായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞാണെന്ന വിവരം മുൻകൂട്ടി അറിയിച്ചിട്ടും ഡോക്ടർമാർ ഇത് ഗൗരവമായി എടുത്തില്ലെന്നും, സാധാരണ രീതിയിലുള്ള ബാൻഡേജ് ഒട്ടിച്ചാൽ മാറുന്ന മുറിവിനാണ് ജനറൽ അനസ്തേഷ്യ നൽകിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അനസ്തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായ കുട്ടിയെ പിന്നീട് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സംഭവത്തിൽ ചികിത്സാപ്പിഴവിന് അനസ്തേഷ്യ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ വിശദമായ പരിശോധന പൂർത്തിയാകുന്നതോടെ കേസിൽ കൂടുതൽ തുടർനടപടികൾ ഉണ്ടാകും.
---------------
Hindusthan Samachar / Roshith K