Enter your Email Address to subscribe to our newsletters

New delhi, 13 ജൂലൈ (H.S.)
പൊതുസ്ഥലങ്ങളില്‍ അശ്ലീലചിത്രങ്ങളും ദൃശ്യങ്ങളും കാണുന്നത് നിരോധിക്കുന്നതിന് വ്യക്തമായ മാര്‍ഗ്ഗരേഖ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതൊരു നയപരമായ കാര്യമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഈ വിഷയത്തില്‍ ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളെ സമീപിച്ച് നിവേദനം നല്‍കാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം അതീവ പ്രാധാന്യമുള്ളതാണെന്നതില്‍ തര്‍ക്കമില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ കോടതിക്ക് പരിശോധിക്കേണ്ടതായ നിയമപരമായ ചോദ്യങ്ങളൊന്നും നിലനില്‍ക്കുന്നില്ല. സാങ്കേതികമായ മുന്നേറ്റങ്ങളും വിദഗ്ധരുടെ പരിശോധനയും ആവശ്യമുള്ള നയപരമായ തീരുമാനമാണിത്. ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയം ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ പരിധിയില്‍ വരുന്ന കാര്യമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
സാമൂഹിക പ്രവര്‍ത്തകനായ ബി.എല്‍. ജെയിന്‍ അഭിഭാഷകന്‍ വരുണ്‍ ഠാക്കൂര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയാണ് പരമോന്നത കോടതി പരിഗണിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് തടയുന്നതിനും പൊതുസ്ഥലങ്ങളില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുന്നത് നിരോധിക്കുന്നതിനും ഒരു ദേശീയ നയവും കര്‍മ്മപദ്ധതിയും രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇന്റര്‍നെറ്റിലെ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ഓരോ സെക്കന്‍ഡിലും അയ്യായിരത്തോളം പോണ്‍ സൈറ്റുകള്‍ ആളുകള്‍ കാണുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. രണ്ട് കോടിയിലധികം അശ്ലീല വീഡിയോകളും ക്ലിപ്പുകളുമാണ് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കപ്പെടുന്നത്.
വിവരസാങ്കേതികവിദ്യാ നിയമത്തിലെ (ഐടി ആക്ട്) സെക്ഷന്‍ 69 എ പ്രകാരം ഏതെങ്കിലും കമ്പ്യൂട്ടര്‍ വിഭവങ്ങള്‍ വഴിയുള്ള വിവരങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നത് തടയാന്‍ നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ വ്യാപകമായ ലഭ്യത അശ്ലീല ഉള്ളടക്കങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ വഴിയൊരുക്കിയെന്നും, ഇത് അമിതമായ ഉപയോഗത്തിലേക്കും ലഹരിയിലേക്കും നയിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇത്തരം ദൃശ്യങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് കാരണമാകുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സാങ്കേതിക വിദഗ്ധരും മന്ത്രാലയവും തീരുമാനിക്കേണ്ട നയപരമായ കാര്യങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്.
---------------
Hindusthan Samachar / Sreejith S