Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 ജൂലൈ (H.S.)
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര പദ്ധതിയായ പ്രിയദര്‍ശിനി നടപ്പിലാക്കിയതോടെ തകര്‍ന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ വഴികള്‍ തേടി സര്‍ക്കാര്‍. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കുമെന്നും ഗതാഗത മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. സ്വകാര്യ ബസുടമകളുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇതിനായി പാഴ്സല്‍, കൊറിയര്, പരസ്യം തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ പരിശോധിക്കും. സ്വകാര്യ ബസുകളുടെ അകത്തും പുറത്തും പരസ്യം ചെയ്യാനുള്ള അനുമതി അവര്‍ക്ക് നല്‍കിയെന്നും മന്ത്രി പറഞ്ഞു.
'സര്‍ക്കാര്‍ ഇന്ദിരാ ഗ്യാരന്റിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രിയദര്‍ശിനി പദ്ധതി സംബന്ധിച്ച് ഈ രംഗത്തെ സ്വകാര്യ നിക്ഷേപകര്‍ക്കുണ്ടായ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയില്‍ മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ പത്മകുമാര്‍ ഐപിഎസ് ചെയര്‍മാനും മുന്‍ നാറ്റ് പാക്ക് വൈസ് ചെയര്‍മാന്‍ ഡോ. ശ്രീദേവി വൈസ് ചെയര്‍മാനുമായി. ജോയിന്റ് ട്രാഫിക്ക് കമ്മീഷണര്‍ മനോജ് കമ്മിറ്റിയുടെ കണ്‍വീനറാവും. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീ സെക്രട്ടറി വിജയശ്രീ, ഗതാഗത സാമ്പത്തിക വിദഗ്ധന്‍ സഞ്ജയ് ആര്‍ ജെ എന്നിവരും അഞ്ചംഗ കമ്മിറ്റിയുടെ ഭാഗമാവും. 45 ദിവസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും' മന്ത്രി പറഞ്ഞു.
'സ്വകാര്യ ബസുകളുടെ റോഡ് നികുതി മുമ്പ് തന്നെ കുറച്ചിട്ടുണ്ടെന്നും ആവശ്യമുള്ളവര്‍ക്ക് ഇത് മാസാമാസം അടയ്ക്കാമെന്നും മന്ത്രി പറഞ്ഞു. ഇ- ചെലാന്റെ കാര്യത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മൂന്നു മാസം വരെ നീട്ടും. ബസുകളുടെ സമയക്രമം പരിഷ്‌കരിക്കും, മത്സര ഓട്ടം നിയന്ത്രിക്കും. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വഴിയും സമയക്രമവും തീരുമാനിക്കും. പുതിയ പോയിന്റുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിന്റെ സാധ്യതകള്‍ അറിയാന്‍ പഠനം നടത്തും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ പൊതുഗതാഗതത്തെ വ്യവസായമാക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
'പ്രിയദര്‍ശിനി പദ്ധതി പ്രതിസന്ധി കാരണം ഡീസല്‍ അടിക്കാനും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും കഴിയുന്നില്ലെന്ന് ബസുടമകള്‍ മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വ്യക്തമാക്കി. മന്ത്രിയുമായുള്ള ചര്‍ച്ച തൃപ്തികരമല്ല. പ്രിയദര്‍ശനിയെകുറിച്ചുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്തു. ആറാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനുശേഷം തീരുമാനമെടുക്കുമെന്നാണ് മന്ത്രി അറിയിച്ചത്.
തത്ക്കാലം ബസ് സര്‍വീസ് നിര്‍ത്തിയുള്ള സമരമില്ല. രണ്ടുദിവസത്തിനകം സംഘടന എല്ലാം ഒന്നുകൂടി ചര്‍ച്ചചെയ്യും. എന്നിട്ട് തീരുമാനം അറിയിക്കും. മറ്റ് സമരപരിപാടികളുമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം തീരുമാനം പറയും. സ്വകാര്യ ബസ് വ്യവസായം വെന്റിലേറ്ററിലാണ്. പകുതി സര്‍വീസുകള്‍ മാത്രമേ ഇപ്പോള്‍ നടത്തുന്നുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുക്കണം' ബസുടമകള്‍ പറഞ്ഞു. ഓണത്തിനു മുന്‍പ് പകുതിയിലധികം ബസുകള്‍ നിര്‍ത്തേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S