Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 ജൂലൈ (H.S.)
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. കടകംപള്ളിയുടെ മാനനഷ്ട ഹര്‍ജിക്ക് നല്‍കിയ മറുപടി ഹര്‍ജിയിലാണ് മുന്‍ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതായുള്ള നയം വ്യക്തമാക്കിയത്. ശബരിമല സ്വര്‍ണ പാളി കവര്‍ച്ച കേസില്‍ സതീശന്‍ നടത്തിയ പ്രസ്താവന തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് ആരോപിച്ച് 10ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കടകംപള്ളിയുടെ ഹര്‍ജി.
2016 മുതല്‍ 2021വരെയുള്ള കാലഘട്ടത്തിലാണ് ഏറ്റവും അധികം കവര്‍ച്ച നടന്നത്. ഈ കാലഘട്ടത്തിലെ ഉദ്യോഗസ്ഥര്‍ക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും ഉള്ള സമാന ഉത്തരവാദിത്വം അന്നത്തെ മന്ത്രി ആയ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ നിലപാട്. പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ആരോപണങ്ങളും ഹൈക്കോടതി നിരീക്ഷണങ്ങളും വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് താന്‍ പ്രസ്താവന നടത്തിയതെന്ന് സതീശന്‍ മറുപടി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
തന്റെ പ്രസ്താവന ഒരിക്കലും കടകംപള്ളിയെ അവഹേളിക്കാനോ അപമാനിക്കാനോ വേദനിപ്പിക്കാനോ ഉള്ളത് ആയിരുന്നില്ല. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലഭിച്ച വിവരങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ യാഥാര്‍ഥ്യം ആയിരുന്നു എന്നാണ് സതീശന്‍ വ്യക്തമാക്കുന്നത്. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന്‍ മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും, നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.
'സ്വര്‍ണമോഷണക്കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും ഏത് കോടീശ്വരനാണ് സ്വര്‍ണപ്പാളികള്‍ വിറ്റതെന്ന് കടകംപള്ളിക്ക് അറിയാം' എന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്. ഇതിനെതിരെയാണ് കടകംപള്ളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് കൊടുത്തത്. കേസില്‍ കടകംപള്ളി സുരേന്ദ്രന്റെ വാദം കഴിഞ്ഞ ജനുവരി അഞ്ചിന് പൂര്‍ത്തിയായിരുന്നു.
---------------
Hindusthan Samachar / Sreejith S