ശബരിമല മാസ്റ്റർപ്ലാൻ: വകയിരുത്തിയ തുക നൽകാതെ എൽഡിഎഫ് സർക്കാർ വാക്ക് ലംഘിച്ചതായി രേഖകൾ; 275 കോടിയിൽ ലഭിച്ചത് 85.45 കോടി മാത്രം
Thiruvananthapuram , 13 ജൂലൈ (H.S.) തിരുവനന്തപുരം: ശബരിമലയുടെ സമഗ്ര വികസനത്തിനായി പ്രഖ്യാപിച്ച മാസ്റ്റർപ്ലാൻ പദ്ധതികളിൽ എൽഡിഎഫ് സർക്കാർ വൻ വീഴ്ച വരുത്തിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. പദ്ധതിക്കായി പ്രഖ്യാപിച്ച ഭീമമായ തുകയിൽ പകുതി പോലും ശബരി
ശബരിമല മാസ്റ്റർപ്ലാൻ: വകയിരുത്തിയ തുക നൽകാതെ എൽഡിഎഫ് സർക്കാർ വാക്ക് ലംഘിച്ചതായി രേഖകൾ; 275 കോടിയിൽ ലഭിച്ചത് 85.45 കോടി മാത്രം


Thiruvananthapuram , 13 ജൂലൈ (H.S.)

തിരുവനന്തപുരം: ശബരിമലയുടെ സമഗ്ര വികസനത്തിനായി പ്രഖ്യാപിച്ച മാസ്റ്റർപ്ലാൻ പദ്ധതികളിൽ എൽഡിഎഫ് സർക്കാർ വൻ വീഴ്ച വരുത്തിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. പദ്ധതിക്കായി പ്രഖ്യാപിച്ച ഭീമമായ തുകയിൽ പകുതി പോലും ശബരിമലയ്ക്ക് അനുവദിച്ചില്ലെന്നാണ് പുറത്തുവന്ന വിവരങ്ങൾ തെളിയിക്കുന്നത്. മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നതിനായി വകയിരുത്തിയ 275 കോടി രൂപയിൽ വെറും 85.45 കോടി രൂപ മാത്രമാണ് സർക്കാരിൽ നിന്ന് തീർത്ഥാടന കേന്ദ്രത്തിന് ലഭ്യമായത്.

വിവരവകാശ പ്രവർത്തകനായ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ശബരിമല ഹൈപവർ കമ്മിറ്റിയിൽ നിന്ന് ലഭിച്ച ഔദ്യോഗിക രേഖകളിലാണ് സർക്കാരിന്റെ ഈ ഗുരുതരമായ ഫണ്ട് വെട്ടിക്കുറയ്ക്കൽ വ്യക്തമായിരിക്കുന്നത്. 2016-2017 സാമ്പത്തിക വർഷങ്ങളിലാണ് ശബരിമല മാസ്റ്റർപ്ലാൻ വികസന പ്രവർത്തനങ്ങൾക്കായി 275 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയത്. എന്നാൽ പ്രഖ്യാപനങ്ങൾ വെറും വാഗ്ദാനങ്ങൾ മാത്രമായി അവശേഷിച്ചു എന്നാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

ലഭിച്ച തുകയുടെ വിനിയോഗം പരിശോധിക്കുമ്പോൾ, അനുവദിച്ച 85.45 കോടി രൂപയിൽ 85.39 കോടി രൂപയും ഇതിനോടകം തന്നെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. അതായത്, ലഭിച്ച ഫണ്ട് കൃത്യമായി വിനിയോഗിച്ചെങ്കിലും ബാക്കി വരാനുള്ള വലിയൊരു തുക സർക്കാർ നൽകാത്തതാണ് പദ്ധതികൾ പൂർത്തിയാകുന്നതിന് തടസ്സമായി നിൽക്കുന്നത്.

ശബരിമലയിലെ റോഡുകളുടെ നവീകരണം, തീർത്ഥാടകർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ, താമസം, കുടിവെള്ളം, ശുചിമുറി സംവിധാനങ്ങൾ തുടങ്ങി തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നത്. കോടിക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയിലെ വികസന മുരടിപ്പ് അയ്യപ്പ സംഗമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്.

തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കാൻ സാധിക്കാത്തതിന് കാരണം ഫണ്ടിന്റെ ലഭ്യതക്കുറവാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. വൻ തുകകൾ പ്രഖ്യാപിച്ച് പ്രശസ്തി നേടുകയും എന്നാൽ പിന്നീട് ആവശ്യമായ ഫണ്ട് അനുവദിക്കാതെ തീർത്ഥാടന കേന്ദ്രത്തെ അവഗണിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന വിമർശനം ഭക്തർക്കിടയിലും വിവിധ ഹൈന്ദവ സംഘടനകൾക്കിടയിലും ശക്തമായിട്ടുണ്ട്. വകയിരുത്തിയ മുഴുവൻ തുകയും എത്രയും വേഗം അനുവദിച്ച് മാസ്റ്റർപ്ലാൻ പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

---------------

Hindusthan Samachar / Roshith K


Latest News