Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 ജൂലൈ (H.S.)
തിരുവനന്തപുരം: കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബി.ജെ.പിക്കും തിരുവനന്തപുരം നഗരസഭയ്ക്കും വലിയ നാണക്കേടാണെന്ന് കൗൺസിലർ കെ.എസ്. ശബരീനാഥ് വിമർശിച്ചു. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ തന്നെ ഏറ്റവും അപമാനകരമായ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം നാട്ടിൽ കാലുകുത്താൻ പോലും കഴിയാതെ ഒരു ജനപ്രതിനിധി 288 കിലോമീറ്റർ അകലെയുള്ള വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്. ഇതിനായി തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവും മേയർ സ്ഥാനാർത്ഥിയുമായിരുന്ന വി.വി. രാജേഷും സംഘവും അങ്ങോട്ട് പോകേണ്ടി വരുന്നത് കോർപ്പറേഷന് തന്നെ അപമാനമാണ് വരുത്തിവെച്ചിരിക്കുന്നത്. വിയ്യൂരിലേക്ക് പോകുന്ന വി.വി. രാജേഷിനും സംഘത്തിനും നാളെ തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥയാണുള്ളതെന്നും ശബരീനാഥ് പരിഹസിച്ചു.
നിലവിലെ കോടതി വിധിയെ പൂർണ്ണമായി അംഗീകരിക്കുന്നു. എന്നാൽ ഈ വിധി സുഗതന്റെ വ്യക്തിപരമായ കഴിവ് കൊണ്ട് ഉണ്ടായതല്ല. സുഗതനെ വിശ്വസിച്ച് വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാർക്ക് ഭരണഘടനാപരമായ ചില അവകാശങ്ങളുണ്ട്. ആ വോട്ടർമാരുടെ അവകാശം സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് കോടതിയിൽ നിന്ന് ഇപ്പോൾ അനുകൂലമായ വിധി വന്നിരിക്കുന്നത്. നിയമപരമായ ഈ ആനുകൂല്യം ബി.ജെ.പിയുടെ രാഷ്ട്രീയ വിജയമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയാക്കിയാലും വരാനിരിക്കുന്ന കൗൺസിൽ യോഗങ്ങളിൽ സുഗതന് പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. ഈ മാസം 29-ന് നടക്കുന്ന നിർണ്ണായകമായ നഗരസഭാ കൗൺസിൽ യോഗത്തിൽ ആർ. സുഗതൻ പങ്കെടുക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും കെ.എസ്. ശബരീനാഥ് വെല്ലുവിളിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജനപ്രതിനിധികളാക്കി ഉയർത്തിക്കാട്ടുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന സൂചനയാണ് കൗൺസിലറുടെ ഈ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
---------------
Hindusthan Samachar / Roshith K