വിഷ്ണുമംഗലം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; വളയം പോലീസ് കേസെടുത്തു
Kozhikode, 13 ജൂലൈ (H.S.) കോഴിക്കോട്/നാദാപുരം: കല്ലാച്ചി വിഷ്ണുമംഗലം പുഴയിലെ ബണ്ടിന് സമീപം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിന് സമീപം താമസിക്കുന്ന ഇടിക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്തിന്റെ (43) മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്.
വിഷ്ണുമംഗലം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; വളയം പോലീസ് കേസെടുത്തു


Kozhikode, 13 ജൂലൈ (H.S.)

കോഴിക്കോട്/നാദാപുരം: കല്ലാച്ചി വിഷ്ണുമംഗലം പുഴയിലെ ബണ്ടിന് സമീപം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിന് സമീപം താമസിക്കുന്ന ഇടിക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്തിന്റെ (43) മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാതായ യുവാവിനായി നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ കളിക്കാൻ പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞാണ് രഞ്ജിത്ത് സ്കൂട്ടറിൽ ഇറങ്ങിയത്. എന്നാൽ സമയം വൈകിയിട്ടും രഞ്ജിത്ത് തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് പുലർച്ചെ 5.30-ഓടെ വിഷ്ണുമംഗലം പുഴയുടെ സമീപത്തായി രഞ്ജിത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂട്ടറിനൊപ്പം ഇദ്ദേഹത്തിന്റെ ചെരുപ്പും കുടയും പുഴവക്കിൽ കണ്ടെത്തിയതോടെയാണ് യുവാവ് പുഴയിൽ ഒഴുക്കിൽപ്പെട്ടിരിക്കാം എന്ന സംശയം ശക്തമായത്.

ഉടൻ തന്നെ നാട്ടുകാരും പോലീസും വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരത്ത് നിന്ന് അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി. രാവിലെ 8.30-ഓടെയാണ് പുഴയിൽ സംയുക്തമായി വ്യാപക തിരച്ചിൽ ആരംഭിച്ചത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും രണ്ടു മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിൽ പുലർച്ചെ 10 മണിയോടെയാണ് മൃതദേഹം പുഴയിൽ നിന്നും കണ്ടെത്താനായത്. കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ സബീനയാണ് മരിച്ച രഞ്ജിത്തിന്റെ ഭാര്യ.

മൃതദേഹം കണ്ടെടുത്തതിന് ശേഷം ആംബുലൻസ് ലഭ്യമാകാതിരുന്നതിനാൽ മൃതദേഹം റോഡരികിൽ കിടത്തേണ്ടി വന്നത് നേരിയ തോതിൽ നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് ആംബുലൻസ് എത്തിയ ശേഷമാണ് മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

രഞ്ജിത്തിന്റെ മരണത്തോടെ ഒരു വർഷം മുൻപ് ഇതേ കുടുംബത്തിലുണ്ടായ മറ്റൊരു ദുരന്തത്തിന്റെ ഓർമ്മയിലാണ് നാട്ടുകാർ. ഏകദേശം ഒരു വർഷം മുൻപ് രഞ്ജിത്തിന്റെ ബന്ധുവായ റോഷിൽ എന്ന യുവാവും ഇതേ വിഷ്ണുമംഗലം പുഴയിൽ വീണ് മുങ്ങിമരിച്ചിരുന്നു. ഈ സങ്കടം മാറും മുൻപേയാണ് കുടുംബത്തെ തേടി വീണ്ടുമൊരു പുഴ ദുരന്തം എത്തിയിരിക്കുന്നത്. യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് വളയം ടൗണും പ്രദേശവാസികളും.

---------------

Hindusthan Samachar / Roshith K


Latest News