Enter your Email Address to subscribe to our newsletters

Alappuzha , 14 ജൂലൈ (H.S.)
ഒരേ മുഖം, ഒരേ രൂപം... ജനിച്ചപ്പോൾ മുതൽ എല്ലാം ഒന്നിച്ചു പങ്കിട്ട ഇരട്ട സഹോദരങ്ങൾക്ക് ഇപ്പോൾ വില്ലനായിരിക്കുന്നത് അവരുടെ ആ സാമ്യം തന്നെയാണ്. വിരലടയാളവും കൃഷ്ണമണിയും ഒന്നാണെന്ന് തെറ്റിദ്ധരിച്ച് ആധാർ സംവിധാനം മുഖം തിരിച്ചതോടെ, ആലപ്പുഴയിലെ ഈ ഏഴാം ക്ലാസുകാരുടെ പഠനം തന്നെ വഴിമുട്ടിയിരിക്കുകയാണ്.
ചമ്പക്കുളം ചെമ്പുംപുറം ശ്യാംഭവനിൽ ശ്യാം, ജ്യോതി ദമ്പതികളുടെ മക്കളായ സാരഥി, സിദ്ധാർഥ് എന്നിവരാണ് ആധാർ ലഭിക്കാതെ ദുരിതത്തിലായത്. തലവടി ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർഥികളായ ഇവർ ബയോമെട്രിക് വിവരങ്ങൾ നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും ആധാർ കാർഡ് ലഭിച്ചിട്ടില്ല. തുടർപഠനത്തിനും സ്കോളർഷിപ്പുകൾക്കും ആധാർ നിർബന്ധമായതോടെ കുടുംബം പല വാതിലുകളും മുട്ടി. ഒടുവിൽ കഴിഞ്ഞ ദിവസം സാരഥിയുടെ ആധാർ നമ്പർ ഓൺലൈനായി ലഭ്യമായെങ്കിലും സിദ്ധാർഥിൻ്റെ കാര്യത്തിൽ ഇപ്പോഴും ആശങ്ക തുടരുകയാണ്.
വില്ലനായി സാങ്കേതികവിദ്യസിദ്ധാർഥിൻ്റെ ആധാർ വിവരങ്ങൾ സിസ്റ്റത്തിൽ നിന്ന് താത്കാലികമായി നീക്കം ചെയ്തതായാണ് അധികൃതർ കുടുംബത്തെ അറിയിച്ചത്. ഇരട്ടക്കുട്ടികളായതിനാൽ ഇരുവരുടെയും വിരലടയാളത്തിനും കൃഷ്ണമണിക്കും വലിയ സാമ്യമുണ്ടാകാം. ഇത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് തെറ്റിദ്ധരിച്ച് ബയോമെട്രിക് സംവിധാനം അപേക്ഷ നിരസിക്കുന്നതാണ് പ്രധാന പ്രശ്നം. രാജ്യത്ത് പലയിടത്തും ഇരട്ടക്കുട്ടികൾക്ക് സമാനമായ രീതിയിൽ ആധാർ ലഭിക്കാൻ കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. സാങ്കേതികവിദ്യയിലെ ഇത്തരം പിഴവുകൾ കാരണം യഥാർഥ പൗരന്മാർക്ക് സേവനങ്ങൾ നിഷേധിക്കരുതെന്ന് അടുത്തിടെ കോടതികൾ പോലും വ്യക്തമാക്കിയിരുന്നെങ്കിലും, താഴെത്തട്ടിൽ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പ്രത്യേക ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ.
അധികൃതർ കനിയണം'ആധാർ പുതുക്കാൻ കൊടുത്തതാണ്. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും ആധാർ കിട്ടാതെ വന്നപ്പോഴാണ് പോയി അന്വേഷിക്കുന്നത്. അപ്പോഴാണ് രണ്ട് പേരുടെയും ആപ്ലിക്കേഷൻ കാൻസൽ ആയി കിടക്കുകയാണ് എന്ന് അറിഞ്ഞതെന്ന് അമ്മ ജ്യോതി പറഞ്ഞു. 'ആധാറിൻ്റെ കസ്റ്റമർ കെയർ നമ്പറായ 1947ൽ വിളിച്ചിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇരട്ട കുട്ടികൾ ആയതിനാൽ ഒരാൾക്ക് അമ്മയുടെ വിരൽ പതിപ്പിക്കണം. മറ്റെയാളുടെ അച്ഛൻ വിരൽ പതിപ്പിച്ച് വേണം ബൈയോമെട്രിക്ക് പൂർത്തിയാക്കാൻ എന്ന് അവർ കൂട്ടിച്ചേർത്തു'.
'ഇതുവരെ രണ്ട് അക്ഷയിൽ ആധാർ പുതുക്കാൻ പോയിട്ടുണ്ട്. തൻ്റെ കൈ വച്ച് സാരഥിയുടെ ആധാർ റെഡിയായി. എന്നാൽ ഹാർഡ് കോപ്പി ലഭിച്ചിട്ടില്ല. അതേസമയം സിദ്ധാർഥൻ്റെ ബൈയോമെട്ട്രിക്ക് ചെയ്യുമ്പോൾ ഇറർ കാണിക്കുകയാണെന്നും അമ്മ ജ്യോതി പറഞ്ഞു'. 'ഇനി എന്തു ചെയ്യും എന്ന് അറിയില്ല. ആധാർ ഇല്ലാത്തതിനാൽ പല സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും ലഭിക്കാതെ പോവുകയാണെന്നും അവർ വ്യക്തമാക്കി'.
ലിങ്ക് ഇല്ലാത്തതിനാൽ ആധാറിൻ്റെ കോപ്പി സ്കൂളിൽ നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സിദ്ധാർഥിൻ്റെയും സാരഥിയുടെയും ആധാറിൻ്റെ കോപ്പി സ്കൂൾ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. ആധാർ ഇല്ലാത്തതിനാൽ സ്കൂളിലെ ആവശ്യങ്ങൾ മുടങ്ങുകയും പഠനം പ്രതിസന്ധിയിലാകുകയും ചെയ്തിരിക്കുകയാണ്. അധികൃതർ ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ സിദ്ധാർഥിൻ്റെ സ്കൂൾ പഠനം പോലും നിലയ്ക്കുന്ന അവസ്ഥയിലാണ്. ആധാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും പരിഹാരം കാണാൻ കഴിയാത്തതിൻ്റെ കടുത്ത നിരാശയിലാണ് ഈ കുടുംബം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR