പത്തനംതിട്ട ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
Pathanamthitta , 14 ജൂലൈ (H.S.) ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) ആണ് മരിച്ചത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹ
PATHANAMTHITTA CRIME NEWS


Pathanamthitta , 14 ജൂലൈ (H.S.)

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) ആണ് മരിച്ചത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിനുള്ളിലെ കോവണിപ്പടിയുടെ കൈവരിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഷെഹനയുടെ ശരീരത്തിൽ നിന്ന് രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു എന്നത് മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. കൊലപാതകമാണോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം.

ബഹളം കേട്ടെത്തിയ നാട്ടുകാർ

തിങ്കളാഴ്ച വൈകിട്ട് ഷെഹനയുടെ വീട്ടിൽ നിന്ന് വലിയ രീതിയിലുള്ള ബഹളം കേട്ടാണ് അയൽവാസികൾ ശ്രദ്ധിക്കുന്നത്. തുടർന്ന് ഇവർ അടൂർ നഗരസഭ വാർഡ് കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു. വാർഡ് കൗൺസിലറും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തി. വീടിൻ്റെ കതക് അടച്ചിട്ട നിലയിലായിരുന്നു. കൗൺസിലർ ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന യുവാവാണ് വാതിൽ തുറന്നത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിലെ കോവണിപ്പടിയുടെ പിടിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ ഷെഹനയെ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ അടൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുന്നതുവരെ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ചു. പ്രദേശത്ത് വലിയ ജനക്കൂട്ടവും തടിച്ചുകൂടിയിരുന്നു.

സുഹൃത്തിൻ്റെ ശരീരത്തിലും രക്തക്കറ

വിവരം ലഭിച്ചയുടൻ അടൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വീട്ടിലുണ്ടായിരുന്ന യുവാവിനെ പൊലീസ് അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ശരീരത്തിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇത് സംഭവത്തിൽ കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇരുവരും തമ്മിൽ എന്തെങ്കിലും സാമ്പത്തിക ഇടപാടുകളോ മറ്റ് തർക്കങ്ങളോ ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അയൽവാസികളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന കുറച്ചുകാലമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇതിനിടയിലാണ് ഏഴംകുളം സ്വദേശിയായ യുവാവുമായി ഇവർ അടുപ്പത്തിലാകുന്നത്.

ശാസ്ത്രീയ പരിശോധന നിർണായകം

യുവതിയുടെ ശരീരത്തിൽ നിന്ന് രക്തം വന്നതും, ഒപ്പമുണ്ടായിരുന്ന ആളുടെ ദേഹത്ത് രക്തപ്പാടുകൾ കണ്ടെത്തിയതും കൊലപാതകമാണോ എന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. മൽപ്പിടുത്തം നടന്നിട്ടുണ്ടോ എന്നും സംശയിക്കുന്നു. എന്നാൽ ഫൊറൻസിക് പരിശോധനാ ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. വിരലടയാള വിദഗ്ധരും സയൻ്റിഫിക് അസിസ്റ്റൻ്റും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News