നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് ഹൈക്കോടതിയിൽനിന്ന് തിരിച്ചടി
Ernakulam , 14 ജൂലൈ (H.S.) നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് ഹൈക്കോടതിയിൽനിന്ന് തിരിച്ചടി. വിചാരണക്കോടതി വിധിച്ച ശിക്ഷാവിധി മരവിപ്പിക്കണമെന്ന സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട തക്കതായ യാതൊരു അസാ
actress assault case


Ernakulam , 14 ജൂലൈ (H.S.)

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് ഹൈക്കോടതിയിൽനിന്ന് തിരിച്ചടി. വിചാരണക്കോടതി വിധിച്ച ശിക്ഷാവിധി മരവിപ്പിക്കണമെന്ന സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട തക്കതായ യാതൊരു അസാധാരണ സാഹചര്യവും നിലവിലില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയുടെ അപ്പീലിലെ ഈ ഇടക്കാല ആവശ്യം നിരസിച്ചത്. ഇതോടെ പൾസർ സുനി ജയിലിൽ തന്നെ തുടരും.

ശിക്ഷാവിധി മരവിപ്പിച്ച് പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷനും ഇരയായ നടിയും കോടതിയിൽ ശക്തമായി എതിർത്തു. ഹീനമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും, ഇത്തരം സാഹചര്യത്തിൽ ശിക്ഷ മരവിപ്പിച്ച് പ്രതികൾക്ക് ജാമ്യം നൽകുന്നത് കുറ്റകൃത്യത്തിൻ്റെ ഗൗരവം കുറയ്ക്കാൻ ഇടയാക്കുമെന്നും നടി കോടതിയെ ബോധിപ്പിച്ചു.

ഒന്നാം പ്രതിയായ പൾസർ സുനി ഒരു കൊടും ക്രിമിനലാണെന്നും, സ്ഥിരം കുറ്റവാളിയായ ഇയാളുടെ ശിക്ഷാവിധി യാതൊരു കാരണവശാലും മരവിപ്പിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ച ശക്തമായ നിലപാട്.

വിചാരണക്കോടതി തങ്ങൾക്ക് വിധിച്ച ശിക്ഷാവിധി പൂർണമായും റദ്ദാക്കണമെന്നാണ് പ്രതികൾ പ്രധാന അപ്പീലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രധാന ഹർജിയിലെ വിശദമായ വാദം കോടതി പിന്നീട് കേൾക്കും. അതിന്മേലുള്ള അന്തിമ തീരുമാനം വരുന്നത് വരെ പ്രതികൾക്ക് ജാമ്യം ലഭിക്കില്ലെന്ന് ഇതോടെ ഉറപ്പായി.

2017 ഫെബ്രുവരി 17-നാണ് കേരളത്തെ നടുക്കിയ സംഭവം അരങ്ങേറുന്നത്. തൃശൂർ നഗരത്തിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് പ്രമുഖ നടി സഞ്ചരിച്ച വാഹനത്തിൽ അതിക്രമിച്ചു കയറിയ പ്രതികൾ നടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.

വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ, 2025 ഡിസംബറിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള 6 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി ഇവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

നടിയെ ആക്രമിക്കുന്നതിനായി വാടകഗുണ്ടകളെ ഏർപ്പാടാക്കിയെന്നും, ഗൂഢാലോചനയിൽ പങ്കാളിയായ ദിലീപ് ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് ചെയ്തതെന്നുമായിരുന്നു പ്രോസിക്യൂഷൻ ഉന്നയിച്ച പ്രധാന ആരോപണം. എന്നാൽ, ദിലീപിനെതിരെയുള്ള ഈ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയ വിചാരണക്കോടതി, ദിലീപ് ഉൾപ്പെടെ നാല് പേരെ കേസിൽ നിന്നും വെറുതെ വിട്ടിരുന്നു.

ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും പ്രോസിക്യൂഷനും നൽകിയ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണ്. ഇതിനിടയിലാണ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി നൽകിയ ഹർജിയിലെ ഇടക്കാല ആവശ്യത്തിൽ ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News