Enter your Email Address to subscribe to our newsletters

Kasaragod , 14 ജൂലൈ (H.S.)
പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തുവെന്നും ഇന്ന് വീട്ടുകാരെ കാണുമെന്നും സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ. സംഭവത്തിൽ കർശന നടപടിയുണ്ടാകും. അനസ്തേഷ്യ നൽകാമോ വേണ്ടയോ എന്നത് സംശയമായി നിൽക്കുന്നുവെന്നും റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കേസിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാൻ കഴിയുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചികിത്സാപ്പിഴവെന്ന് ആരോപണംകണ്ണൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുന്നലിടുന്നതിനായി അനസ്തേഷ്യ നൽകിയതോടെ കുട്ടി അബോധാവസ്ഥയിലാവുകയും പിന്നീട് മരിക്കുകയുമായിരുന്നു. ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സാപ്പിഴവ് ഉണ്ടായെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കെ ടി ജലീൽ വിഷയത്തിൽ റിപ്പോർട്ട് തേടി
മണ്ണാർക്കാട് നടന്ന അനുമോദനച്ചടങ്ങിൽ വിദ്യാർഥികളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രി കെ ടി ജലീൽ അപമാനിച്ചെന്ന പരാതിയിലും ബാലാവകാശ കമ്മിഷൻ ഇടപെട്ടു. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും കെ വി മനോജ് കുമാർ അറിയിച്ചു. ജലീലിനെതിരെ കേസെടുത്തത് കമ്മിഷൻ്റെ സ്വാഭാവിക നടപടികളിലൊന്നാണ്. സംഭവത്തിൽ പാലക്കാട് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോട് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ആ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കണോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികൾ അപമാനിതരായോ എന്ന് അറിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അവർ പറയട്ടെയെന്നും മനോജ് കുമാർ പറഞ്ഞു. കുട്ടികൾക്ക് പ്രയാസമില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ തനിക്ക് ലഭിച്ചിരുന്നു. അവർക്ക് പ്രയാസമില്ലെങ്കിൽ വേറെ ആർക്കും പ്രശ്നമില്ല. വിദ്യാർഥികൾ പരാതിപ്പെട്ടാൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദമായത് 'വിജയോത്സവം' പരിപാടിഎസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി മണ്ണാർക്കാട് സംഘടിപ്പിച്ച 'വിജയോത്സവം' പരിപാടിക്കിടെയാണ് വിവാദ സംഭവങ്ങളുണ്ടായത്. കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിക്കുന്നതും, വിലാസം തെറ്റിച്ചെഴുതിയെന്ന് പറഞ്ഞ് കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ പിടിക്കുന്നതും പ്രചരിച്ച ദൃശ്യങ്ങളിൽ കാണാം. ഇതുകൂടാതെ ഹിന്ദിയിൽ എ പ്ലസ് ലഭിച്ച കുട്ടികളോട് എഴുന്നേറ്റുനിൽക്കാൻ ആവശ്യപ്പെടുകയും അവരോട് 'സംസം' എന്ന വാക്കിൻ്റെ അർഥം ചോദിച്ച് മൈക്കിലൂടെ ഉത്തരം പറയാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് മറുപടി നൽകാതിരുന്ന കുട്ടികളെ അദ്ദേഹം പരിഹസിച്ചുവെന്നും ആരോപണമുണ്ട്.
സംഭവത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ ന്യായീകരണവുമായി കെ ടി ജലീൽ രംഗത്തെത്തി. താൻ കുട്ടികളെ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുട്ടിയോട് ചോദിച്ചാൽ അത് ബോധ്യമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരു പൊതുപ്രവർത്തകൻ എന്നതിനേക്കാൾ അധ്യാപകൻ എന്ന നിലയിലാണ് താൻ കുട്ടികളോട് ഇടപെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR