വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ വാഹനങ്ങളിൽ വ്യാപക പരിശോധനയുമായി പൊലീസ്.
Ernakulam , 14 ജൂലൈ (H.S.) വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ വാഹനങ്ങളിൽ വ്യാപക പരിശോധനയുമായി പൊലീസ്. എറണാകുളം റേഞ്ചിൽ മദ്യപിച്ച് സ്കൂൾ വാഹനമോടിച്ച 29 ഡ്രൈവർമാർ പിടിയിൽ. സ്കൂൾ-കോളജ് വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായാണ് എറണാകുളം
Drunk and drive


Ernakulam , 14 ജൂലൈ (H.S.)

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ വാഹനങ്ങളിൽ വ്യാപക പരിശോധനയുമായി പൊലീസ്. എറണാകുളം റേഞ്ചിൽ മദ്യപിച്ച് സ്കൂൾ വാഹനമോടിച്ച 29 ഡ്രൈവർമാർ പിടിയിൽ. സ്കൂൾ-കോളജ് വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായാണ് എറണാകുളം റേഞ്ചിൽ പൊലീസ് വ്യാപക പരിശോധന നടത്തിയത്. റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്, വിദ്യാർഥികളുമായി മദ്യപിച്ച് വാഹനം ഓടിച്ച 29 ഡ്രൈവർമാർ പൊലീസിന്റെ പിടിയിലായത്. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിലായി വിവിധ സ്കൂൾ-കോളജ് ബസുകളിലും മറ്റ് വിദ്യാർഥി വാഹനങ്ങളിലും നടത്തിയ ഒരേസമയത്തുള്ള പരിശോധനയിലാണ് ഇത്രയും പേർ കുടുങ്ങിയത്.

പിടിയിലായ ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കർശനമായ കേസ് രജിസ്റ്റർ ചെയ്ത് തുടർന്നുള്ള നിയമ നടപടികൾ സ്വീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വൻ സന്നാഹത്തോടെയായിരുന്നു പൊലീസ് ഈ പരിശോധനകൾ പൂർത്തിയാക്കിയത്. റെയ്ഡിന്റെ ഭാഗമായി എറണാകുളം റേഞ്ചിന് കീഴിലുള്ള 1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവർമാരെയാണ് പൊലീസ് സംഘം വിശദമായ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ നാല് ജില്ലകളിലായി 29 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

ഏറ്റവും കൂടുതല് ആലപ്പുഴയില്

ജില്ലാ അടിസ്ഥാനത്തിലുള്ള പരിശോധനകളിൽ ഏറ്റവും കൂടുതൽ മദ്യപിച്ച ഡ്രൈവർമാർ പിടിയിലായത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയിലെ 244 സ്കൂളുകളിലായി 634 ഡ്രൈവർമാരെ പരിശോധിച്ചതിൽ 9 പേർ മദ്യപിച്ചതായി കണ്ടെത്തി. എറണാകുളം റൂറൽ ജില്ലയിൽ 373 സ്കൂളുകളിലെ 1,162 ഡ്രൈവർമാരെ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ 7 പേരാണ് കുടുങ്ങിയത്.

ഹൈറേഞ്ച് മേഖലകൾ ഉൾപ്പെടുന്ന ഇടുക്കി ജില്ലയിൽ 303 സ്കൂളുകളിലെ 849 ഡ്രൈവർമാരെ പരിശോധിച്ചപ്പോൾ 7 പേർ മദ്യപിച്ച നിലയിൽ പിടിയിലായി. കോട്ടയം ജില്ലയിൽ 311 സ്കൂളുകളിലെ 688 ഡ്രൈവർമാരെ പരിശോധിച്ചതിൽ 6 പേർക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്. കുട്ടികളുടെ ജീവൻ പണയപ്പെടുത്തി മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ എല്ലാ ഡ്രൈവർമാരെയും അടിയന്തരമായി ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് പൊലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാർഥികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ള ഗുരുതരമായ നിയമലംഘനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന് റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി. വരും ദിവസങ്ങളിലും യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഇത്തരം പ്രത്യേക പരിശോധനകൾ ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

സ്കൂൾ മാനേജ്മെന്റുകളും വാഹന ഉടമകളും തങ്ങളുടെ സ്ഥാപനങ്ങളിലെ ഡ്രൈവർമാരുടെ യോഗ്യത, ശാരീരികക്ഷമത, കൃത്യമായ ലൈസൻസ് ഉൾപ്പെടെയുള്ള നിയമാനുസൃത രേഖകൾ എന്നിവ കർശനമായി പരിശോധിച്ച് ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കഠിനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News