Enter your Email Address to subscribe to our newsletters

Kollam , 14 ജൂലൈ (H.S.)
വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസിൻ്റെയും ഭാര്യ ലൗനി തോമസിൻ്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ പിന്നീട് കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി. നാളെ വൈകിട്ട് കൊട്ടാരക്കര മാർത്തോമ്മാ വലിയപള്ളിയിലാണ് സംസ്കാരം നടക്കുക.
മരിച്ചവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രി വിയറ്റ്നാം എയർലൈൻസ് വിമാനത്തിൽ മുംബൈയിലെത്തിച്ച ശേഷം അതത് സംസ്ഥാനങ്ങളിലേക്ക് വിമാന മാർഗം എത്തിക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, സി.പി. ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന് വിലാപയാത്രയായി മൃതദേഹങ്ങൾ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരം ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിനുശേഷമാണ് വൈകിട്ട് നാല് മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക.
15 ഇന്ത്യക്കാർ മരിച്ച ദുരന്തം
ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമുള്ള ഹോൺ മേ റുട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് മടങ്ങുമ്പോഴാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് അപകടത്തിൽപ്പെട്ടത്. ലാവ മൊബൈൽസ് തങ്ങളുടെ വിതരണക്കാർക്കായി സംഘടിപ്പിച്ച കോർപ്പറേറ്റ് യാത്രയിൽ പങ്കെടുത്തവരാണ് അപകടത്തിൽപ്പെട്ടത്. മികച്ച വിൽപന നടത്തിയവർക്കുള്ള പാരിതോഷികമായാണ് കമ്പനി ഈ യാത്ര ഒരുക്കിയത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് പ്രാദേശിക ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. തീരത്തുനിന്ന് 400 മീറ്റർ അകലെ വച്ച് ഉയർന്ന തിരമാലകളിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. അപകടത്തിൽ 15 ഇന്ത്യക്കാരാണ് മരിച്ചത്. ഇതിൽ 10 പേർ തമിഴ്നാട് സ്വദേശികളും മൂന്ന് പേർ ആന്ധ്രാപ്രദേശ് സ്വദേശികളുമാണ്. ബാക്കി രണ്ട് പേരാണ് കേരളത്തിൽ നിന്നുള്ള എ.സി. തോമസും ഭാര്യ ലൗനി തോമസും.
അപകടത്തിൽ രക്ഷപ്പെട്ട 16 പേർ ഇതിനകം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ഇപ്പോഴും വിയറ്റ്നാമിൽ ചികിത്സയിലാണ്. ആദ്യം ഫു ക്വോക്കിൽ ചികിത്സ നൽകിയ ഇദ്ദേഹത്തെ പിന്നീട് ഹോ ചി മിൻ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഹാനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതവും തലച്ചോറിൽ രക്തസ്രാവവും ഇദ്ദേഹത്തിനുണ്ട്. അതേസമയം, അപകടത്തിൻ്റെ കാരണം കണ്ടെത്താൻ വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹുങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ ബോട്ട് ഓടിച്ചിരുന്ന എൻഗുയെൻ ഹോങ് ഹായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ലാവ ഇൻ്റർനാഷണൽ 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈ സഹായം നൽകുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇതിനുപുറമെ പ്രധാനമന്ത്രിയുടെ ഓഫിസും ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR