Enter your Email Address to subscribe to our newsletters

Malappuram, 14 ജൂലൈ (H.S.)
മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച വിദ്യാർഥി അനുമോദന ചടങ്ങിൽ കുട്ടിയെ പരസ്യമായി അപമാനിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രി കെ.ടി ജലീൽ. താൻ വിദ്യാർഥിയെ അപമാനിച്ചിട്ടില്ലെന്നും ഒരു അധ്യാപകനെന്ന നിലയിൽ തെറ്റ് തിരുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മണ്ണാർക്കാട് നഗരസഭയുടെ പരിപാടിക്കിടെ വേദിയിൽ വച്ച് വിദ്യാർഥിയുടെ ചെവിക്ക് പിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കെ.ടി ജലീലിനെതിരെ വലിയ തോതിൽ വിമർശനം ഉയർന്നത്. ഒരു ജനപ്രതിനിധി വിദ്യാർഥിയെ പരസ്യമായി അപമാനിച്ചു എന്ന തരത്തിലായിരുന്നു സൈബർ ഇടങ്ങളിലെ പ്രചാരണം. ഇതിന് പിന്നാലെയാണ് തൻ്റെ ഭാഗം വിശദീകരിച്ച് അദ്ദേഹം രംഗത്തെത്തിയത്. ചടങ്ങിൽ പങ്കെടുത്തപ്പോഴായിരുന്നു വിമർശനങ്ങൾക്ക് വഴിവച്ച സംഭവം അരങ്ങേറിയത്.
എന്നാൽ അവിടെ നടന്നത് ഒരു പ്രസംഗം ആയിരുന്നില്ലെന്നും, ഒരു അധ്യാപകൻ കുട്ടികളോട് എങ്ങനെയാണോ ഇടപെടുന്നത് അതാണ് അവിടെ സംഭവിച്ചതെന്നും ജലീൽ വ്യക്തമാക്കി. സദസ്സിനെ പരിപാടിയുടെ ഭാഗമാക്കുന്നതിന് വേണ്ടി വിദ്യാർഥികളുമായി സംവദിക്കുന്ന ശീലം തനിക്കുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ട് ഒരു എം.എൽ.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും പങ്കെടുത്ത വേദികളിലെല്ലാം വിദ്യാർഥികളുമായി സംവദിക്കാറുണ്ട്. ഇതിൻ്റെ പ്രധാന കാരണം അടിസ്ഥാനപരമായി താനൊരു അധ്യാപകനാണെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളോട് ഹിന്ദിയിൽ അച്ഛൻ്റെയും അമ്മയുടെയും പേരെഴുതാൻ അറിയുമോ എന്ന് ചോദിച്ചപ്പോഴാണ് വിവാദത്തിനാസ്പദമായ സംഭവം ഉണ്ടായത്. ചിലർ കൃത്യമായി എഴുതിയപ്പോൾ ഒരു കുട്ടി മാത്രം 'മ' എന്ന അക്ഷരത്തിന് പകരം 'ല' എന്നാണ് എഴുതിയത്. തെറ്റ് കണ്ടപ്പോൾ ആ കുട്ടിയുടെ ചെവിയിൽ സാധാരണ ചെയ്യുന്നതുപോലെ തമാശയ്ക്ക് പിടിക്കുകയായിരുന്നു. ആ സമയത്ത് കുട്ടി ചിരിക്കുന്നത് മുഖം ശ്രദ്ധിച്ചാൽ മനസ്സിലാകുമെന്നും കെ.ടി ജലീൽ വിശദീകരിച്ചു.
പൊതുവായന കുറയുന്നു
മണ്ണാർക്കാട്ട് നടന്ന പരിപാടിയിൽ പ്ലസ് ടു വിദ്യാർഥികളാണ് മുൻനിരയിൽ ഇരുന്നിരുന്നത്. അവരോടും രക്ഷിതാക്കളോടും സംവദിച്ചതിലൂടെ കുട്ടികൾക്ക് പൊതുവായന കുറവാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഒരു മലയാളം നോവൽ വായിച്ചിട്ടുള്ളവർ കൈപൊക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കുട്ടി മാത്രമാണ് പ്രതികരിച്ചത്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'പാത്തുമ്മയുടെ ആട്' ആണ് വായിച്ചതെന്ന് ആ കുട്ടി മറുപടി നൽകി. തുടർന്ന് ചെറുകഥയോ സിലബസിന് പുറത്തുള്ള ഏതെങ്കിലും മലയാള കവിതയോ വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരാൾ പോലും ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ കാലത്ത് കുട്ടികൾ സിലബസുകൾ കൃത്യമായി പഠിക്കുകയും പരീക്ഷ എഴുതി മികച്ച മാർക്ക് വാങ്ങുകയും ചെയ്യുന്നുണ്ട്. എന്നാൽ അവരിൽ പൊതുവായന ഗണ്യമായി കുറഞ്ഞുവരികയാണ്. ഇതൊരു വലിയ സാമൂഹിക പ്രശ്നമാണ്. സമൂഹത്തിൽ പൊതുവായന ഉണ്ടായാൽ മാത്രമേ ജീവിതത്തെക്കുറിച്ച് കൃത്യമായ അവബോധം ലഭിക്കുകയുള്ളൂ. ആ ഒരു തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിലാണ് കുട്ടികളുമായി സംവദിച്ചതെന്നും കെ.ടി ജലീൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR