Enter your Email Address to subscribe to our newsletters

Kozhikode , 14 ജൂലൈ (H.S.)
നടൻ മോഹൻലാൽ തൻ്റെ കൈവശം ആറ് ആനക്കൊമ്പുകൾ കൂടി ഉണ്ടെന്ന് വനം വകുപ്പിനെ അറിയിച്ചു. ഇതോടെ അദ്ദേഹത്തിൻ്റെ പക്കലുള്ള ആനക്കൊമ്പുകളുടെ എണ്ണം 10 ആയി. ഇതിനുപുറമെ 46 കിലോഗ്രാം തൂക്കം വരുന്ന 13 ദന്തശിൽപങ്ങളും തൻ്റെ പക്കലുണ്ടെന്ന് മലയാറ്റൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്ക് നൽകിയ അപേക്ഷയിൽ അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി ഇടപെടലും പുതിയ കണക്കുകളും
അനധികൃതമായി നാല് ആനക്കൊമ്പുകൾ കൈവശം വച്ചെന്ന കേസ് നേരിടുന്നതിനിടെയാണ് മോഹൻലാൽ പുതിയ കണക്കുകൾ നൽകിയത്. ശ്രീകൃഷ്ണൻ, ശ്രീരാമൻ, തിരുപ്പതി ബാലാജി, ദശാവതാരം തുടങ്ങിയ രൂപങ്ങളുടെ ശിൽപങ്ങളാണ് തൻ്റെ പക്കലുള്ളതെന്ന് അദ്ദേഹം വനം വകുപ്പിനെ അറിയിച്ചതായി മലയാറ്റൂർ ഡിഎഫ്ഒ പി കാർത്തിക് പറഞ്ഞു. മോഹൻലാലിൻ്റെ കൈവശമുള്ള ആനക്കൊമ്പുകൾ സംബന്ധിച്ച കേസിൽ ഹൈക്കോടതിയുടെ കർശന ഉത്തരവുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വന്യജീവികളുടെ ശരീരഭാഗങ്ങളും അലങ്കാരവസ്തുക്കളും ഉൾപ്പെടുന്ന വൈൽഡ് ലൈഫ് ട്രോഫികൾ സ്വയം വെളിപ്പെടുത്താൻ വനം വകുപ്പ് പൊതുജനങ്ങൾക്ക് വീണ്ടും അവസരം നൽകിയത്. ഈ വിജ്ഞാപനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരമ്പരാഗതമായി ലഭിച്ച വന്യജീവി ട്രോഫികളുടെ പുതിയ കണക്കുകൾ അദ്ദേഹം സമർപ്പിച്ചത്.
കണക്കുകൾ സമർപ്പിച്ചുവെങ്കിലും ഈ വസ്തുക്കൾ മോഹൻലാലിൻ്റെ കൈവശം എങ്ങനെയെത്തിയെന്നുള്ളതായിരിക്കും തുടരന്വേഷണമെന്ന് ഡിഎഫ്ഒ വ്യക്തമാക്കി. മോഹൻലാലിന് സമ്മാനമായി ലഭിച്ചതായിരിക്കണം ഇവയെന്നാണ് വിലിയിരുത്തൽ. അങ്ങനെയെങ്കിൽ അത് നൽകിയവരെ കണ്ടെത്തി ചോദ്യം ചെയ്തേക്കും.
ലഭിച്ചത് 541 അപേക്ഷകൾ
വന്യജീവി ട്രോഫികൾ വെളിപ്പെടുത്താൻ 2026 ഏപ്രിൽ 18 വരെയായിരുന്നു വനം വകുപ്പ് സമയം അനുവദിച്ചിരുന്നത്. ഈ തീയതിക്കുള്ളിൽ 469 അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. അവസാന തീയതിക്ക് ശേഷം 72 അപേക്ഷകൾ കൂടി വന്നെങ്കിലും ഇവ പരിഗണിക്കില്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആകെ 541 അപേക്ഷകളാണ് വനം വകുപ്പിന് മുന്നിലെത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് മലയാറ്റൂർ ഡിവിഷനിലാണ്. അപേക്ഷ ലഭിച്ച സാഹചര്യത്തിൽ ഡിഎഫ്ഒമാർ നേരിട്ടെത്തി ട്രോഫികൾ പരിശോധിക്കും. ഇതിനുശേഷം ഉടമസ്ഥാവകാശം നൽകാമോ എന്ന കാര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് ശിപാർശ നൽകുകയാണ് ചെയ്യുക.
ആനക്കൊമ്പ് കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങൾ, മാനിൻ്റെയും കാട്ടുപോത്തിൻ്റെയും കൊമ്പുകൾ, കടുവാത്തോൽ തുടങ്ങിയവ രഹസ്യമായി കൈവശം വച്ചിരുന്നവരാണ് അവ നിയമാനുസൃതമാക്കാൻ വനം വകുപ്പിനെ സമീപിച്ചത്. 1972ലെ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന ശേഷം ഇത്തരം വസ്തുക്കൾ വെളിപ്പെടുത്താൻ സംസ്ഥാന സർക്കാർ രണ്ട് തവണയും കേന്ദ്ര സർക്കാർ ഒരു തവണയും അവസരം നൽകിയിരുന്നു. 2003 ഒക്ടോബർ 18നാണ് ഈ കാലാവധി അവസാനിച്ചത്.
എന്താണ് വന്യജീവി ട്രോഫി?
വേട്ടയാടിയതോ അല്ലാത്തതോ ആയ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ പ്രകൃതിദത്തമായോ കൃത്രിമമായോ ഉണക്കി സൂക്ഷിക്കുന്നതിനെയാണ് വന്യജീവി ട്രോഫി എന്ന് പറയുന്നത്. വിനോദത്തിനും പ്രതാപം കാണിക്കാനുമായി മൃഗങ്ങളെ വേട്ടയാടി അവയുടെ തലയോ തോലോ വീടുകളിൽ അലങ്കാരമായി വച്ചിരുന്ന ശീലത്തിൽ നിന്നാണ് ഈ പേര് വന്നത്. കടുവ, പുലി എന്നിവയുടെ തോലുകൾ, ആനക്കൊമ്പ്, കണ്ടാമൃഗത്തിൻ്റെ കൊമ്പ്, മൃഗങ്ങളുടെ പല്ല്, നഖങ്ങൾ, അസ്ഥികൾ, പക്ഷികളുടെ തൂവലുകൾ, മുട്ടകൾ തുടങ്ങിയവയെല്ലാം സൂക്ഷിക്കുന്നത് വലിയ കുറ്റമാണ്.
വനം വകുപ്പിൻ്റെ പ്രത്യേക ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലാതെ ഇവ കൈവശം വയ്ക്കുന്നത് കഠിനമായ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഷെഡ്യൂൾഡ് വന്യജീവികളുടെ ട്രോഫികൾ വിൽക്കുന്നതും വാങ്ങുന്നതും വാണിജ്യാടിസ്ഥാനത്തിൽ പ്രദർശിപ്പിക്കുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവുശിക്ഷയും 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR