കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു
Thrissur,14 ജൂലൈ (H.S.) കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു. കാപ്പ (KAAPA) ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ സുഗതനാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമ
R Sugathan


Thrissur,14 ജൂലൈ (H.S.)

കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു. കാപ്പ (KAAPA) ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ സുഗതനാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ജയിലിനുള്ളിൽ വച്ച് സത്യവാചകം ചൊല്ലി അധികാരമേറ്റത്. തിരുവനന്തപുരം മേയർ വി വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഹൈക്കോടതിയുടെ നിർണായക ഇടപെടൽസത്യപ്രതിജ്ഞാ വേളയിൽ ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെയും പേരിൽ പ്രതിജ്ഞ ചെയ്തതിന് സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ അസാധുവാക്കിയിരുന്നു. തുടർന്ന് നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കോടതി നിർദേശിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ മറ്റ് 19 കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

എന്നാൽ, ഇതിനിടെ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിലായതിനാൽ സുഗതന് മാത്രം നിശ്ചിത സമയത്തിനകം സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂൺ ഒൻപത് മുതലാണ് കാപ്പ നിയമപ്രകാരം സുഗതനെ ജയിലിലടച്ചത്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ഭൂരിപക്ഷം നിലനിർത്താൻ സുഗതൻ്റെ സത്യപ്രതിജ്ഞ അനിവാര്യമായ സാഹചര്യത്തിലാണ് പുതിയ നിയമപോരാട്ടങ്ങൾക്ക് കളമൊരുങ്ങിയത്.

ജാമ്യവും നിയമപോരാട്ടവുംനിശ്ചിത സമയത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുമെന്നതിനാലാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. കാപ്പയ്ക്ക് ആധാരമായ രണ്ട് കേസുകളിൽ സുഗതന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കാപ്പ കേസിൽ നിന്ന് ജയിൽ മോചിതനായാൽ മാത്രമേ ഈ ഇടക്കാല ജാമ്യം ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയിൽ മോചനം തേടിയും സത്യപ്രതിജ്ഞയ്ക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള തൻ്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

ജനാധിപത്യം സംരക്ഷിക്കാൻ അസാധാരണ തീരുമാനം

കാപ്പ തടവുകാരന് ഭരണഘടനാപരമായ അവകാശങ്ങളോ ഇളവുകളോ നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ഉൾപ്പെടെയുള്ളവർ സുഗതൻ്റെ അപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തു. ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്ക് ഇത്തരം ഇളവുകൾ നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സർക്കാർ ഭാഗം വാദിച്ചു. എന്നാൽ, അസാധാരണ സാഹചര്യങ്ങളിൽ ജനാധിപത്യവും ജനഹിതവും സംരക്ഷിക്കാൻ അസാധാരണ തീരുമാനങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജയിലിനുള്ളിൽ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു പ്രതിനിധിക്ക് സാങ്കേതികത്വത്തിൻ്റെ പേരിൽ അവസരം നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

രാവിലെ 11 മണിയോടെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. തിരുവനന്തപുരം കോർപറേഷനിൽ നിന്നുള്ള പ്രത്യേക സംഘവും മേയർക്കൊപ്പം വിയ്യൂരിൽ എത്തിയിരുന്നു. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗം ജയിലിനുള്ളിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. കനത്ത സുരക്ഷയിലാണ് ജയിലിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കിയത്. സത്യപ്രതിജ്ഞ പൂർത്തിയായതോടെ സുഗതന് ഔദ്യോഗികമായി കൗൺസിലർ സ്ഥാനം നിലനിർത്താൻ കഴിഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News