വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
Palakkad , 14 ജൂലൈ (H.S.) വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കർണാടക അതിർത്തി കടന്ന വാഹനം തിരികെ എത്തിയപ്പോൾ മകൻ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യ
VANIAMKULAM MISSING FAMILY


Palakkad , 14 ജൂലൈ (H.S.)

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കർണാടക അതിർത്തി കടന്ന വാഹനം തിരികെ എത്തിയപ്പോൾ മകൻ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. സംഭവത്തിൽ ദുരൂഹത വർധിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

വാണിയംകുളം പനയൂർ കൃഷ്ണകൃപയിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് ആറ് ദിവസമായി കാണാതായത്. ജൂലൈ ഒൻപത് പുലർച്ചെ ഇവരുടെ പിക്കപ്പ് വാൻ വീട്ടിൽ നിന്ന് പോകുന്നതിൻ്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനം ചെറുപ്പുളശ്ശേരി വഴി മലപ്പുറത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഈ വാഹനം പിന്നീട് മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനം ഉപേക്ഷിക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കേരളത്തിൽ നിന്ന് കർണാടക അതിർത്തിയിലേക്ക് വാഹനം കടന്നതായും പിന്നീട് തിരികെ എത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. കർണാടകയിലേക്ക് പ്രവേശിക്കുമ്പോൾ വാഹനത്തിൽ മൂന്നുപേരും ഉണ്ടായിരുന്നു. എന്നാൽ, തിരിച്ച് വാഹനം ഉപേക്ഷിക്കുമ്പോൾ മകൻ വിഷ്ണു മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത്. വാഹനം ഉപേക്ഷിച്ച ശേഷം വിഷ്ണു എങ്ങോട്ടാണ് പോയതെന്നോ അച്ഛനും അമ്മയും എവിടെയാണെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ആസൂത്രിത നീക്കം

തിരോധാനത്തിന് മുൻപ് കുടുംബം കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന. വീട്ടിലേക്ക് സ്ഥിരമായി എത്തുന്ന പാൽ, പത്രം വിതരണക്കാരോട് അടുത്ത ദിവസം മുതൽ ഇവ കൊണ്ടുവരേണ്ടതില്ലെന്ന് ഇവർ മുൻകൂട്ടി അറിയിച്ചിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികൾ അയൽക്കാർക്ക് നൽകി. യാത്ര പോകുന്നതുമായി ബന്ധപ്പെട്ട് അയൽപക്കത്തെ പല വീടുകളിലും പല കാരണങ്ങളാണ് ഇവർ പറഞ്ഞിട്ടുള്ളത്. ചിലരോട് ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, അന്വേഷണത്തിൽ ബന്ധുവീടുകളിൽ ഇത്തരം യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് ബോധ്യമായി. ഇവർക്ക് രണ്ട് പിക്കപ്പ് വാഹനങ്ങളാണുള്ളത്. ഇതിലൊന്ന് വീട്ടിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. മൂന്നുപേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാനമായി കാണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടുംബം സ്വമേധയാ മാറിനിൽക്കുന്നതാണോ അതോ മറ്റേതെങ്കിലും സാഹചര്യമാണോ ഉണ്ടായതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

അന്വേഷണത്തിന് പ്രത്യേക സ്ക്വാഡുകൾ

കുടുംബത്തെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി ലഭിച്ച ഉടൻ തന്നെ ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നിലവിൽ രണ്ട് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സബ് ഇൻസ്പെക്ടർ കെ.പി. അശ്വിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ്, സിവിൽ പൊലീസ് ഓഫിസർ സുജി ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ സംഘം നിലവിൽ മൈസൂരു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിന് പുറമെ സർക്കിൾ ഇൻസ്പെക്ടർ പി. വിഷ്ണുവിൻ്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സ്ക്വാഡിനും രൂപം നൽകി. എഎസ്ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പുതുതായി രൂപീകരിച്ചത്. വാഹനം കണ്ടെത്തിയ വഴിക്കടവ് വനമേഖലയിലും പൊലീസിൻ്റെ നേതൃത്വത്തിൽ വ്യാപക പരിശോധന തുടരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News