Enter your Email Address to subscribe to our newsletters

Kochi, 14 ജൂലൈ (H.S.)
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി. വിചാരണക്കോടതി വിധിച്ച ശിക്ഷാവിധി മരവിപ്പിക്കണമെന്ന സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട തക്കതായ യാതൊരു അസാധാരണ സാഹചര്യവും നിലവിലില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. ഇതോടെ പള്‍സര്‍ സുനി ജയിലില്‍ തന്നെ തുടരും.
ശിക്ഷാവിധി മരവിപ്പിച്ച് പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷനും ഇരയായ നടിയും കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഹീനമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും, ഇത്തരം സാഹചര്യത്തില്‍ ശിക്ഷ മരവിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ഇടയാക്കുമെന്നും നടി കോടതിയെ ബോധിപ്പിച്ചു.ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഒരു കൊടും ക്രിമിനലാണെന്നും, സ്ഥിരം കുറ്റവാളിയായ ഇയാളുടെ ശിക്ഷാവിധി യാതൊരു കാരണവശാലും മരവിപ്പിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ച ശക്തമായ നിലപാട്.
വിചാരണക്കോടതി തങ്ങള്‍ക്ക് വിധിച്ച ശിക്ഷാവിധി പൂര്‍ണമായും റദ്ദാക്കണമെന്നാണ് പ്രതികള്‍ പ്രധാന അപ്പീലിലൂടെ ആവശ്യപ്പെട്ടത്. ഈ ഹര്‍ജിയിലെ വിശദമായ വാദം കോടതി പിന്നീട് കേള്‍ക്കും. അതിന്‍മേലുള്ള അന്തിമ തീരുമാനം വരുന്നത് വരെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കില്ലെന്ന് ഇതോടെ ഉറപ്പായി.
2017 ഫെബ്രുവരി 17-നാണ് കേരളത്തെ നടുക്കിയ സംഭവം അരങ്ങേറുന്നത്. തൃശൂര്‍ നഗരത്തില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് പ്രമുഖ നടി സഞ്ചരിച്ച വാഹനത്തില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ നടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, 2025 ഡിസംബറിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ കേസില്‍ നിര്‍ണായക വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള 6 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
നടിയെ ആക്രമിക്കുന്നതിനായി വാടകഗുണ്ടകളെ ഏര്‍പ്പാടാക്കിയെന്നും, ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപ് ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് ചെയ്തതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍, ദിലീപിനെതിരെയുള്ള ഈ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയ വിചാരണക്കോടതി, ദിലീപ് ഉള്‍പ്പെടെ നാല് പേരെ കേസില്‍ നിന്നും വെറുതെ വിട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S