ചരിത്രത്തിലാദ്യമായി ജയിലില് സത്യപ്രതിജ്ഞ; ബിജെപി കൗണ്സിലര് സുഗതന് സത്യപ്രതിജ്ഝ ചെയ്തു
Kannur, 14 ജൂലൈ (H.S.) ചരിത്രത്തിലാദ്യമായി ജയിലില്‍ സത്യപ്രതിജ്ഞ; ബിജെപി കൗണ്‍സിലര്‍ സുഗതന്‍ സത്യപ്രതിജ്ഝ ചെയ്തുകേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ജയിലിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ജനപ്രതിനിധിയായി ആര്‍ സുഗതന്‍. കാപ്പ ചുമത്തപ്പെട്ട് വിയ്യൂര്‍ സ
sugathan


Kannur, 14 ജൂലൈ (H.S.)

ചരിത്രത്തിലാദ്യമായി ജയിലില്‍ സത്യപ്രതിജ്ഞ; ബിജെപി കൗണ്‍സിലര്‍ സുഗതന്‍ സത്യപ്രതിജ്ഝ ചെയ്തുകേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ജയിലിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ജനപ്രതിനിധിയായി ആര്‍ സുഗതന്‍. കാപ്പ ചുമത്തപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ജയിലിനുള്ളില്‍ വച്ച് സത്യവാചകം ചൊല്ലി അധികാരമേറ്റത്. തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞാ വേളയില്‍ ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെയും പേരില്‍ പ്രതിജ്ഞ ചെയ്തതിന് സുഗതന്‍ ഉള്‍പ്പെടെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ അസാധുവാക്കിയിരുന്നു. തുടര്‍ന്ന് നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് 19 കൗണ്‍സിലര്‍മാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. എന്നാല്‍, ഇതിനിടെ കാപ്പ ചുമത്തപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായതിനാല്‍ സുഗതന് മാത്രം നിശ്ചിത സമയത്തിനകം സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂണ്‍ ഒന്‍പത് മുതലാണ് കാപ്പ നിയമപ്രകാരം സുഗതനെ ജയിലിലടച്ചത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ഭൂരിപക്ഷം നിലനിര്‍ത്താന്‍ സുഗതന്റെ സത്യപ്രതിജ്ഞ അനിവാര്യമായ സാഹചര്യത്തിലാണ് പുതിയ നിയമപോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങിയത്.

നിശ്ചിത സമയത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുമെന്നതിനാലാണ് സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്. കാപ്പയ്ക്ക് ആധാരമായ രണ്ട് കേസുകളില്‍ സുഗതന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കാപ്പ കേസില്‍ നിന്ന് ജയില്‍ മോചിതനായാല്‍ മാത്രമേ ഈ ഇടക്കാല ജാമ്യം ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയില്‍ മോചനം തേടിയും സത്യപ്രതിജ്ഞയ്ക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

രാവിലെ 11 മണിയോടെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നുള്ള പ്രത്യേക സംഘവും മേയര്‍ക്കൊപ്പം വിയ്യൂരില്‍ എത്തിയിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗം ജയിലിനുള്ളില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. കനത്ത സുരക്ഷയിലാണ് ജയിലിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

സുതാര്യത ഉറപ്പാക്കാന്‍ അംഗീകൃത മാധ്യമ പ്രവര്‍ത്തകര്‍ക്കും കോടതി പ്രവേശനാനുമതി നല്‍കിയിരുന്നു. സത്യപ്രതിജ്ഞ പൂര്‍ത്തിയായതോടെ സുഗതന് ഔദ്യോഗികമായി കൗണ്‍സിലര്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞു. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത മേയര്‍ വി.വി. രാജേഷ്, കോര്‍പറേഷന്‍ ഭരണം അഞ്ച് വര്‍ഷവും സുഗമമായി മുന്നോട്ട് പോകുമെന്ന് പ്രതികരിച്ചു. അതേസമയം, കാപ്പ തടവുകാരനെ ജയിലില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News