Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 ജൂലൈ (H.S.)
തിരുവനന്തപുരം: സാഹിത്യ അക്കാദമി ഉള്‍പ്പെടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങള്‍ പരിശോധിക്കുമെന്ന് സാംസ്‌കാരിക മന്ത്രി പി.സി വിഷ്ണുനാഥ്. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ നിരവധി നിയമനങ്ങളാണ് നടന്നിട്ടുള്ളതെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അവയെല്ലാം വിശദമായി പരിശോധിച്ച് ആവശ്യമുള്ളത് മാത്രം നിലനിര്‍ത്തും. സ്ഥാപനങ്ങള്‍ക്ക് ബാധ്യതയായ നിയമനങ്ങള്‍ ഒഴിവാക്കും. ആളുകള്‍ക്ക് വേണ്ടി സ്ഥാപനം പ്രവര്‍ത്തിക്കേണ്ട. സ്ഥാപനത്തിന് വേണ്ടി ആളുകള്‍ പ്രവര്‍ത്തിക്കട്ടെയെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
ചില ആളുകള്‍ക്ക് വേണ്ടി സ്ഥാനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. എന്നിട്ട് അവര്‍ സ്ഥാപനത്തിനെ മുന്നോട്ടു കൊണ്ടുപോവുകയാണ്. സ്ഥാപനത്തിന്റെ നടത്തിപ്പിന് ആളുകളുടെ അനിവാര്യതയുണ്ടെങ്കില്‍ അത് മനസിലാക്കാം. പല സ്ഥാപനങ്ങളിലും നൂറും നൂറ്റി ഇരുപത്തിയഞ്ചും ആളുകളൊക്കെ പല സ്ഥാനത്തും വെച്ചിരിക്കുകയാണ്. ഇവരെന്താ ചെയ്യുന്നതെന്നൊക്കെ പരിശോധിക്കും. ആവശ്യമുള്ള ആളുകളെ നിലനിര്‍ത്തും. മെറിറ്റുള്ളവരെ സ്ഥാനത്ത് നിലനിര്‍ത്തുന്നതിന് രാഷ്ട്രീയ ചായ്വ് നോക്കില്ല. ഏതെങ്കിലും കാലത്ത് ഏതെങ്കിലും രാഷ്ട്രീയ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നത് മാനദണ്ഡമാക്കില്ല. അക്കാര്യത്തില്‍ വൈരനിര്യാതന ബുദ്ധിയൊന്നും ഇല്ല. പക്ഷെ, പല സ്ഥാനങ്ങളിലും ചിലരെ നിയമിച്ചിരിക്കുന്ന തെറ്റായ രീതിയുണ്ട്. അതിലൊരു മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള അക്കാദമികളുടെ തലപ്പത്തേക്ക് ചുമതലക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഈമാസം അവസാനത്തോടെ പുതിയ അധ്യക്ഷന്‍മാര്‍ ചുമതലയേല്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണ്. റീപെയ്‌മെന്റ് എഗ്രിമെന്റ് ഇല്ലാത്തതിനാല്‍ കിഫ്ബി പദ്ധതിയിലുള്ള കായംകുളം, വൈക്കം തുടങ്ങി കേരളത്തിലെ പല പ്രദേശങ്ങളിലെയും തിയേറ്ററുകളുടെ നിര്‍മാണം പാതിവഴിയിലാണ്. കിഫ്ബി പ്രോജക്ടായിട്ടാണ് തുടങ്ങിയത്. പക്ഷെ, റീപെയ്‌മെന്റ് എഗ്രിമെന്റ് ഇല്ലാത്തതിനാല്‍ അടുത്തഘട്ടത്തിലേക്ക് പണം റിലീസ് ചെയ്യാന്‍ കഴിയുന്നില്ല. പൂര്‍ത്തിയാക്കായില്ലെങ്കില്‍ ഇതുവരെ മുടക്കിയ പൊതുപണം നഷ്ടമാകും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ മുന്നോട്ടുള്ള പോക്കിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചിത്രാഞ്ജലിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പാതിവഴിയിലാണ്. അതും പൂര്‍ത്തിയാക്കണം.
വനിതകള്‍ക്കും പട്ടികജാതി വര്‍ഗ വിഭാഗത്തിലെ സംവിധായകര്‍ക്കുമായി കെഎസ്എഫ്ഡിസി നടപ്പാക്കിവരുന്ന സിനിമാ നിര്‍മാണ പദ്ധതിയിലെ പരാതികള്‍ പരിശോധിക്കും. 2023ന് ശേഷം സെലക്ഷന്‍ കിട്ടിയവര്‍ക്ക് പോലും ആ പദ്ധതിയില്‍ പണം അനുവദിക്കുന്നില്ല. അനുവദിക്കപ്പെട്ട പണത്തിന്റെ വിനിയോഗം സംബന്ധിച്ച് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. മറ്റ് ചിലരാണ് പണത്തിന്റെ നിര്‍വഹണം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ സിനിമാ നിര്‍മാണത്തില്‍ ചില പ്രതിസന്ധികളുണ്ടായതായി പരാതിയുണ്ട്. മാതൃകാപരമായ പദ്ധതിയായിരുന്നു. അത് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നത് ആലോചിക്കും. ഈ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണേ, അതോ മാറ്റം വരുത്തണോ എന്നകാര്യവും ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S