കണ്ണൂർ–മംഗളൂരു റൂട്ടിൽ യാത്രാദുരിതം തുടക്കഥ; കാസർകോടിനെ തഴഞ്ഞ് റെയിൽവേ അധികൃതർ
Kazargod, 14 ജൂലൈ (H.S.) കാസർകോട്: വടക്കൻ മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി കണ്ണൂർ–മംഗളൂരു റെയിൽവേ റൂട്ടിലെ യാത്രാക്ലേശം പരിഹാരമില്ലാതെ തുടരുന്നു. 138 കിലോമീറ്റർ നീളുന്ന ഈ പാതയിലെ യാത്രാദുരിതം യാത്രക്കാർ പറഞ്ഞു മടുത്ത പഴങ്കഥയായി മാറ
കണ്ണൂർ–മംഗളൂരു റൂട്ടിൽ യാത്രാദുരിതം തുടക്കഥ; കാസർകോടിനെ തഴഞ്ഞ് റെയിൽവേ അധികൃതർ


Kazargod, 14 ജൂലൈ (H.S.)

കാസർകോട്: വടക്കൻ മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി കണ്ണൂർ–മംഗളൂരു റെയിൽവേ റൂട്ടിലെ യാത്രാക്ലേശം പരിഹാരമില്ലാതെ തുടരുന്നു. 138 കിലോമീറ്റർ നീളുന്ന ഈ പാതയിലെ യാത്രാദുരിതം യാത്രക്കാർ പറഞ്ഞു മടുത്ത പഴങ്കഥയായി മാറിയിട്ടും റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ യാതൊരു നടപടിയുമില്ല. കണ്ണൂരിലും മംഗളൂരുവിലും സർവീസുകൾ അവസാനിപ്പിച്ച് ട്രെയിനുകൾ നിർത്തിയിടുമ്പോൾ, അതിനിടയിൽ കിടക്കുന്ന കാസർകോട് ജില്ലയെ പൂർണ്ണമായും തഴയുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്. ഇനിയെന്നാണ് ഞങ്ങളുടെ ജില്ലയെ ഒന്ന് പരിഗണിക്കുക? എന്ന ചോദ്യമാണ് കടുത്ത ദുരിതത്തിലൂടെ കടന്നുപോകുന്ന കാസർകോട്ടെ സാധാരണ യാത്രക്കാർ ഉയർത്തുന്നത്.

കണ്ണൂരിൽ വിശ്രമം; കാസർകോടിന് ദുരിതം

തീരദേശ ലൈനിൽ ഒരു ജനശതാബ്ദിയോ മെമുവോ (MEMU) പോലുമില്ലാത്ത ട്രാക്ക് എന്ന അപൂർവ്വ വിശേഷണമാണ് കണ്ണൂർ-മംഗളൂരു പാതയ്ക്കുള്ളത്. കേരളത്തിൽ പാസഞ്ചർ ട്രെയിൻ സൗകര്യങ്ങൾ ഏറ്റവും കുറവുള്ള വഴികളിലൊന്നാണിത്. തെക്കൻ കേരളത്തിൽ നിന്നും മധ്യകേരളത്തിൽ നിന്നും പുറപ്പെടുന്ന ഒട്ടേറെ ട്രെയിനുകൾ കണ്ണൂരിലെത്തി യാത്ര അവസാനിപ്പിക്കുകയാണ് പതിവ്. ഒൻപതോളം ട്രെയിനുകളാണ് ഇത്തരത്തിൽ കണ്ണൂരിൽ സർവീസ് അവസാനിപ്പിച്ച് മണിക്കൂറുകളോളം വിശ്രമിക്കുന്നത്. എന്നാൽ ഇവ കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടാൻ റെയിൽവേ തയ്യാറാകുന്നില്ല. ഈ ട്രെയിനുകൾ കണ്ണൂരിൽ കിടന്ന് കിതച്ചുനിൽക്കുമ്പോൾ കാസർകോട്ടെ യാത്രക്കാർ കിലോമീറ്ററുകൾക്കപ്പുറം കണക്റ്റിവിറ്റി ഇല്ലാതെ വലയുകയാണ്.

മണിക്കൂറുകൾ നീളുന്ന ട്രെയിൻ ഇല്ലായ്മ

കോഴിക്കോട് ഭാഗത്തുനിന്ന് വൈകിട്ട് 4 മണിയോടെ എത്തുന്ന പരശുറാം എക്സ്പ്രസും അതിനു തൊട്ടുപിന്നാലെ 5 മണിക്ക് ശേഷം പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസും കഴിഞ്ഞാൽ വലിയൊരു സമയമിടവേളയാണ് ഈ റൂട്ടിലുള്ളത്. പിന്നീട് ദിവസേന ഓടുന്ന മറ്റ് പ്രധാന ട്രെയിനുകളൊന്നും കൃത്യമായ സമയത്ത് ലഭ്യവുമല്ല.

മംഗളൂരു ഭാഗത്തുനിന്നുള്ള സ്ഥിതിയും വിഭിന്നമല്ല. രാവിലെ 11.05-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ഇന്റർസിറ്റി എക്സ്പ്രസ് കഴിഞ്ഞാൽ കാസർകോട് ഭാഗത്തേക്ക് വരാൻ ഉച്ചയ്ക്ക് 1.55-ലെ ചെന്നൈ മെയിൽ എത്തുന്നതുവരെ യാത്രക്കാർ കാത്തുനിൽക്കണം. അതിനു പിന്നാലെ 2.20-ന് പുറപ്പെടുന്ന തിരുവനന്തപുരം എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ വൈകിട്ട് 4.55-ലെ ചെന്നൈ സൂപ്പർഫാസ്റ്റ് വരെ വേറെ പ്രതിദിന സർവീസുകളില്ല.

വൈകിട്ട് 5.05-ലെ കണ്ണൂർ പാസഞ്ചറും 5.40-ലെ മാവേലി എക്സ്പ്രസും കഴിഞ്ഞാൽ രാത്രി 6.15-നുള്ള മലബാർ എക്സ്പ്രസ് മാത്രമാണ് ആശ്രയം. അത് കഴിഞ്ഞാൽ പിന്നെ അർദ്ധരാത്രി 11.45-നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് വരുന്നത് വരെ യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകൾ തള്ളിനീക്കണം. ജോലി കഴിഞ്ഞും പഠനം കഴിഞ്ഞും മടങ്ങുന്ന സാധാരണക്കാർക്ക് ഈ സമയക്രമം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

വന്ദേഭാരത് എക്സ്പ്രസ് ആഴ്ചയിൽ 6 ദിവസവും സർവീസ് നടത്തുന്നുണ്ടെങ്കിലും, അതിന്റെ ഉയർന്ന ടിക്കറ്റ് നിരക്കുകൾ സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

പരിഹാരങ്ങളുണ്ട്, പക്ഷേ റെയിൽവേ മനസ്സ് വെക്കണം

കണ്ണൂരിലും മംഗളൂരുവിലും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിൽ കുറച്ചെണ്ണമെങ്കിലും കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടിയാൽ ഇവിടുത്തെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകും. ട്രെയിനുകൾ നിർത്തിയിടാൻ (Parking/Terminal constraints) കാസർകോട് സ്റ്റേഷനിൽ സ്ഥലമില്ലെന്ന സാങ്കേതിക തടസ്സമാണ് റെയിൽവേ ഉന്നയിക്കുന്നതെങ്കിൽ അതിനും പ്രായോഗികമായ പരിഹാരങ്ങളുണ്ട്.

തൊട്ടടുത്തുള്ള മഞ്ചേശ്വരം സ്റ്റേഷനിൽ നിലവിൽ നാല് ട്രാക്കുകളുണ്ട്. രാത്രി സമയങ്ങളിൽ ട്രെയിനുകൾ നിർത്തിയിടാൻ ഈ ട്രാക്കുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ കുമ്പള സ്റ്റേഷന് സമീപം ഏക്കർ കണക്കിന് റെയിൽവേ ഭൂമി യാതൊരു ഉപയോഗവുമില്ലാതെ വെറുതെ കിടക്കുകയാണ്. അവിടെ ആവശ്യമായ സൌകര്യങ്ങൾ ഒരുക്കി ട്രെയിനുകൾ പാർക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് മുൻപ് തന്നെ വിവിധ പ്രൊപ്പോസലുകൾ വഴി ആവശ്യപ്പെട്ടിട്ടുള്ളതാണ്.

വടക്കൻ മലബാറിനോടുള്ള റെയിൽവേയുടെ ഈ നിഷേധാത്മക സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും ഉയരുന്നത്. ജനപ്രതിനിധികളും റെയിൽവേ വികസന സമിതികളും അടിയന്തരമായി ഇടപെട്ട് കാസർകോടിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

---------------

Hindusthan Samachar / Roshith K


Latest News