Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ജൂലൈ (H.S.)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നിലയെക്കുറിച്ച് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ ശക്തമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിരോധവുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്). യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനങ്ങളിലെ പൊള്ളത്തരങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ബദൽ ധവളപത്രം ഇന്ന് പുറത്തിറക്കും. 'യാഥാർത്ഥ്യങ്ങളുടെ ധവളപത്രം' (White Paper of Facts) എന്ന് പേരിട്ടിരിക്കുന്ന ഈ ബദൽ രേഖ വൈകിട്ട് നാലിന് എകെജി സെന്ററിലെ മിനിഹാളിൽ വെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്യും.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ധനകാര്യ മുൻ മന്ത്രിയും എൽഎൽഎയുമായ കെ എൻ ബാലഗോപാൽ തുടങ്ങിയ പ്രമുഖ ഇടതുപക്ഷ നേതാക്കൾ ചടങ്ങിൽ പങ്കാളികളാകും. സംസ്ഥാനം വലിയ തോതിലുള്ള കടക്കെണിയിലാണെന്നും സാമ്പത്തിക തകർച്ചയിലാണെന്നുമുള്ള യുഡിഎഫിന്റെ വ്യാപകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിന് കൃത്യമായ മറുപടിയുമായി എൽഡിഎഫ് രംഗത്തെത്തുന്നത്. യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സ്ഥാപിക്കുന്ന കൃത്യമായ കണക്കുകൾ ബദൽ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
10 വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൻ കീഴിൽ കേരളം കൈവരിച്ച അഭൂതപൂർവ്വമായ വികസന പ്രവർത്തനങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും ജനങ്ങളുടെ മുൻപിൽ കൃത്യമായി അവതരിപ്പിക്കുകയാണ് ഈ ബദൽ രേഖയിലൂടെ എൽഡിഎഫ് ലക്ഷ്യമിടുന്നത്. കിഫ്ബി (KIIFB) വഴി സംസ്ഥാനത്ത് നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വൻ മുന്നേറ്റങ്ങൾ, കോവിഡ്-പ്രളയ കാലഘട്ടങ്ങളിൽ ജനങ്ങൾക്ക് നൽകിയ സാമൂഹിക സുരക്ഷാ പിന്തുണ എന്നിവയെല്ലാം ഈ ധവളപത്രത്തിലൂടെ എടുത്തു കാണിക്കും.
യുഡിഎഫ് സർക്കാർ തങ്ങളുടെ ധവളപത്രത്തിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനും ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നതിനുമുള്ള ജനവിരുദ്ധ അജണ്ടയാണ് മുന്നോട്ട് വെക്കുന്നതെന്ന് എൽഡിഎഫ് ആരോപിക്കുന്നു. അഞ്ചരലക്ഷം കോടിയുടെ കടബാധ്യതയുണ്ടെന്ന യുഡിഎഫ് വാദം മുൻ സർക്കാരിനെ മോശമായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധങ്ങളെ മറികടന്നുകൊണ്ട് കഴിഞ്ഞ പത്തു വർഷം കേരളം എങ്ങനെയാണ് വികസനത്തിന്റെ പാതയിൽ മുന്നേറിയതെന്ന് വ്യക്തമാക്കുന്ന രേഖയായിരിക്കും ഇതെന്നും എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി എൻ മോഹനൻ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക ചിത്രവും വികസന നേട്ടങ്ങളും ചർച്ചയാക്കിക്കൊണ്ട് യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണങ്ങളുടെ മുനയൊടിക്കാനാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് നീക്കം നടത്തുന്നത്. ഈ ധവളപത്ര പ്രകാശനത്തോടെ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള സാമ്പത്തിക-രാഷ്ട്രീയ സംവാദം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K