ദേശീയപാത വളപട്ടണം പാലം തകർന്നു; വൻ കുഴികളും കൂരിരുട്ടും, ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി യാത്രക്കാർ
Kerala, 14 ജൂലൈ (H.S.) പാപ്പിനിശ്ശേരി: ദേശീയപാതയിലെ പ്രധാന കവാടമായ വളപട്ടണം പാലം പൂർണ്ണമായും തകർന്ന് കുഴികളായതോടെ യാത്രക്കാർ ദുരിതത്തിൽ. പാലത്തിന്റെ മേൽപാളിയിലെ ടാറിങ് പൂർണ്ണമായും ഒലിച്ചുപോയ നിലയിലാണ്. ചിലയിടങ്ങളിൽ സ്ലാബുകൾക്ക് പോലും തകർച്ച നേരിട്
ദേശീയപാത വളപട്ടണം പാലം തകർന്നു; വൻ കുഴികളും കൂരിരുട്ടും, ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി യാത്രക്കാർ


Kerala, 14 ജൂലൈ (H.S.)

പാപ്പിനിശ്ശേരി: ദേശീയപാതയിലെ പ്രധാന കവാടമായ വളപട്ടണം പാലം പൂർണ്ണമായും തകർന്ന് കുഴികളായതോടെ യാത്രക്കാർ ദുരിതത്തിൽ. പാലത്തിന്റെ മേൽപാളിയിലെ ടാറിങ് പൂർണ്ണമായും ഒലിച്ചുപോയ നിലയിലാണ്. ചിലയിടങ്ങളിൽ സ്ലാബുകൾക്ക് പോലും തകർച്ച നേരിട്ടിട്ടുള്ളത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇതിന് പുറമെ രാത്രികാലങ്ങളിൽ പാലത്തിൽ വെളിച്ചമില്ലാതെ കൂരിരുട്ട് പടരുന്നതും അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. നിലവിൽ ഇവിടെ ഗതാഗതക്കുരുക്കും ചെറുതും വലുതുമായ അപകടങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്.

ദേശീയപാതയിൽ വേളാപുരം മുതൽ ഹൈവേ ജംക്ഷൻ വരെയുള്ള ഭാഗങ്ങളിൽ മാത്രമാണ് നിലവിൽ ഓവർലേ ടാറിങ് നടത്തി റോഡ് നവീകരിച്ചിട്ടുള്ളത്. എന്നാൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന വളപട്ടണം പാലത്തെ അധികൃതർ പൂർണ്ണമായും അവഗണിക്കുകയായിരുന്നു. പാലത്തിന്റെ പ്രവേശന കവാടം മുതൽക്കേ ആരംഭിക്കുന്ന വൻ കുഴികൾ കാരണം പാലത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് വേഗത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. ഇരുചക്ര വാഹനങ്ങളും കാറുകളും ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ കുഴികളിൽ വീഴാതിരിക്കാൻ പെട്ടെന്ന് വേഗത കുറയ്ക്കുന്നത് പുറകിൽ വരുന്ന വലിയ വാഹനങ്ങളുടെ നിയന്ത്രണം തെറ്റിക്കുന്നതിനും ഇടയാക്കുന്നു. ഇത്തരത്തിൽ വാഹനങ്ങളുടെ വേഗത കുറയുന്നതോടെ മിനിറ്റുകൾക്കുള്ളിൽ കിലോമീറ്ററുകളോളമാണ് ഇവിടെ വൻ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത്.

മഴക്കാലം ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നത് കാരണം കുഴികളുടെ ആഴം മനസ്സിലാക്കാൻ സാധിക്കാതെ ഇരുചക്ര വാഹനയാത്രക്കാർ മറിഞ്ഞുവീണ് പരിക്കേൽക്കുന്നത് പതിവായിട്ടുണ്ട്. രാത്രികാലങ്ങളിൽ പാലത്തിൽ ഒട്ടും വെളിച്ചമില്ലാത്തത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. എതിരെ വരുന്ന വാഹനങ്ങളുടെ ശക്തമായ വെളിച്ചം കാരണം റോഡിലെ കുഴികൾ കാണാൻ കഴിയാതെ ഡ്രൈവർമാർ വലയുകയാണ്. കണ്ണൂർ ഭാഗത്ത് നിന്നും തിരിച്ചുമുള്ള നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന ഈ പാതയിലൂടെ കടന്നുപോകുന്നത്. കാൽനടയാത്രക്കാർക്കും പാലത്തിലൂടെ നടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്.

പാലത്തിന്റെ തകർച്ചയും കുഴികളും കാരണം സമയത്തിന് ഓഫീസുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും എത്താൻ കഴിയാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. തകർന്ന പാലത്തിന്റെ ഭാഗങ്ങൾ അടിയന്തരമായി റീടാറിങ് നടത്തണമെന്നും, രാത്രികാലങ്ങളിൽ ആവശ്യത്തിന് തെരുവ് വിളക്കുകൾ സ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെയും സ്ഥിരം യാത്രക്കാരുടെയും ശക്തമായ ആവശ്യം. അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് ഈ പ്രദേശം സാക്ഷ്യം വഹിക്കേണ്ടി വരും.

---------------

Hindusthan Samachar / Roshith K


Latest News