Enter your Email Address to subscribe to our newsletters

Washington , 15 ജൂലൈ (H.S.)
ഭൂമിയുടെ അതിരുകൾ ഭേദിച്ച് അനന്തമായ ബഹിരാകാശത്തേക്ക് ഒരു മലയാളി ചരിത്രം കുറിച്ചിരിക്കുന്നു! രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കാലുകുത്തുന്ന ആദ്യ മലയാളിയെന്ന സുവർണ നേട്ടം യുഎസ് സ്പേസ് ഫോഴ്സ് കേണലും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ ഡോ. അനിൽ മേനോൻ സ്വന്തമാക്കി. റഷ്യൻ പേടകമായ സോയൂസ് എംഎസ്-29ൽ എട്ട് മാസം നീളുന്ന ദൗത്യത്തിനായാണ് അദ്ദേഹം ബഹിരാകാശത്ത് എത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 8.17ന് കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് അനിലും റഷ്യൻ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും യാത്ര തിരിച്ചത്. ബഹിരാകാശ നിലയം കോസ്മോഡ്രോമിന് മുകളിലൂടെ സഞ്ചരിക്കുന്ന സമയത്താണ് വിക്ഷേപണം നടന്നത്. എട്ട് മിനിറ്റ് നീണ്ട കുതിപ്പിനൊടുവിൽ പ്രാഥമിക ഭ്രമണപഥത്തിലെത്തിയ പേടകം മൂന്ന് മണിക്കൂറിലധികം സഞ്ചരിച്ച് ബുധനാഴ്ച രാത്രി 11.52ഓടെ ബഹിരാകാശ നിലയത്തിലെ പ്രിചൽ മൊഡ്യൂളുമായി ഓട്ടോമാറ്റിക് സംവിധാനത്തിൽ ബന്ധിപ്പിച്ചു.
തുടർന്ന് പേടകത്തിലും നിലയത്തിലുമായി നടത്തിയ പരിശോധനകൾക്ക് ശേഷം പുലർച്ചെ 1.25നും രണ്ടു മണിക്കും ഇടയിലുള്ള സമയത്താണ് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. ഊഷ്മളമായ സ്വീകരണമാണ് ഇവർക്ക് ലഭിച്ചത്. പേടകത്തിൻ്റെ വാതിൽ തുറക്കുന്ന സമയത്ത് ട്രാക്കിങ്, ഡാറ്റ റിലേ സാറ്റലൈറ്റുകളുടെ പരിധിക്ക് പുറത്തായതിനാൽ സിഗ്നൽ നഷ്ടപ്പെട്ട് തത്സമയ സംപ്രേഷണം തടസ്സപ്പെട്ടെങ്കിലും 12 മിനിറ്റിന് ശേഷം പുനഃസ്ഥാപിച്ചു. അനിൽ മേനോൻ്റെ ആദ്യ ബഹിരാകാശ യാത്രയാണിത്.
വാനോളം അഭിമാനമുയർത്തി അമേരിക്കൻ മലയാളിയായ ഡോ. അനിൽ മേനോൻ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ്-29 പേടകത്തിൽ ഇന്ത്യൻ സമയം 8.17ന് യാത്ര തിരിച്ച അനിൽ മേനോനും സംഘവും പുലർച്ചെ രണ്ടു മണിയോടെയാണ് ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. ആറാം വയസ്സിൽ കണ്ട സ്വപ്നം സാക്ഷാത്കരിച്ചതിലൂടെ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് അനിൽ സ്വന്തമാക്കിയത്. റഷ്യൻ ബഹിരാകാശ യാത്രികരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിൻ്റെ സഹയാത്രികർ.
വിക്ഷേപണത്തിൻ്റെ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ പേടകം 11.26ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. ഡോക്കിങ് പൂർത്തിയായ ഉടൻ തന്നെ അതിവേഗ യാത്ര ഗംഭീരമായിരുന്നുവെന്ന അനിലിൻ്റെ ആദ്യ സന്ദേശവും ഭൂമിയിലെത്തി. തുടർന്ന് രണ്ടു മണിയോടെ നിലയത്തിലേക്ക് പ്രവേശിച്ച മൂന്നംഗ സംഘത്തിന് അവിടെയുണ്ടായിരുന്ന മറ്റ് യാത്രികർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. എക്സ്പെഡിഷൻ 74ൻ്റെ ഭാഗമായാണ് ഇവർ ബഹിരാകാശത്ത് എത്തിയിരിക്കുന്നത്.
എട്ടു മാസത്തോളം (220 ദിവസം) രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തങ്ങുന്ന സംഘം വിവിധ ശാസ്ത്ര പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും പങ്കാളികളാകും. മൈക്രോഗ്രാവിറ്റിയിൽ മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, നിലയത്തിലെ ശുദ്ധജലത്തിൽ നിന്ന് ഐവി ഫ്ലൂയിഡ് ഉത്പാദിപ്പിക്കൽ, നിർമിത ബുദ്ധിയെ മെഡിക്കൽ രംഗവുമായി കോർത്തിണക്കിയുള്ള പരീക്ഷണങ്ങൾ തുടങ്ങിയവയിലെല്ലാം അനിൽ മേനോൻ ഭാഗമാകും. ദൗത്യം പൂർത്തിയാക്കി അടുത്ത വർഷം ഏപ്രിലിലായിരിക്കും സംഘം ഭൂമിയിലേക്ക് മടങ്ങുക.
റഷ്യൻ സഞ്ചാരികളുടെ രണ്ടാമത്തെ യാത്രയാണിത്. 2027 ഏപ്രിലിൽ ഇവർ ഭൂമിയിൽ തിരിച്ചെത്തും. നിലവിൽ ബഹിരാകാശ നിലയത്തിലുള്ള നാസയുടെ ജെസ്സിക്ക മെയർ, ജാക്ക് ഹാത്വേ, ക്രിസ് വില്യംസ്, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോഫി അഡെനോട്ട്, റഷ്യയുടെ സെർജി കുഡ്-സ്വെർച്ച്കോവ്, സെർജി മിക്കായേവ്, ആൻഡ്രി ഫെദ്യേവ് എന്നിവർക്കൊപ്പം പുതിയ സംഘവും ചേരും.
ഗവേഷണങ്ങൾക്ക് നേതൃത്വം നൽകാൻ അനിൽ
ദീർഘകാലത്തെ ബഹിരാകാശ വാസം മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, രക്തയോട്ടത്തിലും സിരകളിലും രക്തത്തിൻ്റെ ഘടനയിലും മൈക്രോഗ്രാവിറ്റി ഉണ്ടാക്കുന്ന സ്വാധീനം എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് അനിൽ മേനോൻ നേതൃത്വം നൽകും. കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഇൻട്രാവീനസ് ദ്രാവകങ്ങൾ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ അദ്ദേഹം പരിശോധിക്കും.
മെഡിക്കൽ സൗകര്യങ്ങൾ പരിമിതമായ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് നിർണായകമാകും. ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറുകൾക്കും നിർമിത ബുദ്ധിക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ആവശ്യമായ അർധചാലക പരലുകളുടെ നിർമാണം ബഹിരാകാശത്ത് വച്ച് നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം പഠിക്കും. ഭൂമിയിൽ നിന്നുള്ള മെഡിക്കൽ സഹായം ഒഴിവാക്കാൻ ലക്ഷ്യമിട്ട് ആഗ്മെൻ്റഡ് റിയാലിറ്റി, നിർമിത ബുദ്ധി എന്നിവയുടെ സഹായത്തോടെയുള്ള അൾട്രാസൗണ്ട് പരിശോധനകളും അദ്ദേഹം നടത്തും. ഭൂമിയിലെ മനുഷ്യജീവിതത്തിന് ഗുണകരമാകുന്ന കണ്ടെത്തലുകളാണ് ലക്ഷ്യമിടുന്നത്.
അമേരിക്ക-റഷ്യ സഹകരണംശീതയുദ്ധകാലത്ത് ബഹിരാകാശ മത്സരത്തിൽ ബദ്ധശത്രുക്കളായിരുന്ന അമേരിക്കയും റഷ്യയും തമ്മിലുള്ള സഹകരണം വ്യക്തമാക്കുന്നതാണ് ഈ ദൗത്യം. യുക്രെയ്ൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും ഊർജ കയറ്റുമതിക്കും സാങ്കേതികവിദ്യകൾക്കുമായി റഷ്യ ചൈനയെ ആശ്രയിക്കുന്ന സാഹചര്യത്തിലും നാസയുടെ ആർട്ടെമിസ് ചാന്ദ്ര ദൗത്യത്തിൽ റഷ്യയുടെ പങ്കാളിത്തം ഇല്ലാതായെങ്കിലും ഈ ദൗത്യം ശ്രദ്ധേയമാണ്. വിക്ഷേപണം കാണാൻ നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ബൈക്കനൂരിൽ എത്തിയിരുന്നു. എട്ട് വർഷത്തിന് ശേഷമാണ് ഒരു നാസ മേധാവി ഇവിടെയെത്തുന്നത്.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് മേധാവി ദിമിത്രി ബക്കാനോവ്, റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മന്തുറോവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഭാവി പദ്ധതികളെക്കുറിച്ച് ഇവർ ചർച്ച ചെയ്തു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും പ്രൊഫഷണലിസത്തെ ഐസക്മാൻ അഭിനന്ദിച്ചു. അതേസമയം, ഇന്ത്യൻ വിദ്യാർഥികൾ വരച്ച ചിത്രങ്ങളും പേടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റോസ്സോട്രുഡ്നിചെസ്റ്റ്വോ മേധാവി യെലീന റെമിസോവ ടാസ് വാർത്ത ഏജൻസിയോട് വ്യക്തമാക്കി. ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ്റെ യാത്രയുടെ 65-ാം വാർഷികത്തോടും ഇന്ത്യ-റഷ്യ ബഹിരാകാശ സഹകരണത്തോടും അനുബന്ധിച്ച് നടത്തിയ ഫസ്റ്റ് ഫോറെവർ മത്സരത്തിലെ വിജയികളുടെ ചിത്രങ്ങളാണിവ.
ഒറ്റപ്പാലത്ത് നിന്ന് ബഹിരാകാശത്തേക്ക്അമേരിക്കയിലെ മിനസോട്ടയിലുള്ള മിനിയാപൊളിസിൽ ജനിച്ച അനിൽ മേനോൻ്റെ പിതൃകുടുംബം പാലക്കാട് ഒറ്റപ്പാലം സ്വദേശികളാണ്. ഇന്ത്യക്കാരനായ കെ പി ശങ്കരൻ മേനോൻ്റെയും യുക്രെയ്ൻകാരിയായ എലിസബത്ത് സമോയ്ലെങ്കോയുടെയും മകനാണ് 49കാരനായ അനിൽ. 2024 സെപ്റ്റംബറിൽ സ്പേസ് എക്സിൻ്റെ പൊളാരിസ് ഡോൺ ദൗത്യത്തിലൂടെ അഞ്ച് ദിവസം ബഹിരാകാശ യാത്ര നടത്തിയ അന്ന വിൽഹെം ആണ് ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്. വിക്ഷേപണം കാണാൻ അന്നയും മക്കളും ബൈക്കനൂരിൽ എത്തിയിരുന്നു.
വിക്ഷേപണത്തിന് മുൻപ് താൻ ദൗത്യത്തിന് സജ്ജനാണെന്നും നാസയോടും കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദിയുണ്ടെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. അനിൽ മേനോൻ്റെ നേട്ടം പാലക്കാടിൻ്റെ ചരിത്രത്തിൽ സുവർണ അധ്യായമാണ്. എം ജി രാമചന്ദ്രൻ, ശശി തരൂർ, കലാമണ്ഡലം രാമൻകുട്ടി നായർ എന്നിവർക്ക് പുറമെ ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട വ്യോമസേനയിലെ എയർ കൊമഡോറും ഫ്ലൈറ്റ് ഇൻസ്ട്രക്ടറുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർക്കും പാലക്കാടുമായി ബന്ധമുണ്ട്.
വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവുംഎയറോസ്പേസ് മെഡിസിൻ, എമർജൻസി മെഡിസിൻ എന്നിവയിൽ ബോർഡ് സർട്ടിഫിക്കേഷൻ നേടിയ വിദഗ്ധനാണ് അദ്ദേഹം. ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിലാണ് പഠനം പൂർത്തിയാക്കിയത്. 1995ൽ സെൻ്റ് പോൾ അക്കാദമി ആൻഡ് സമ്മിറ്റ് സ്കൂളിൽ നിന്ന് ഹൈസ്കൂൾ ഡിപ്ലോമയും 1999ൽ ഹാർവാർഡിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും നേടി.
2004ൽ സ്റ്റാൻഫോർഡിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും 2006ൽ എംഡിയും കരസ്ഥമാക്കി. 2009ൽ എമർജൻസി മെഡിസിനിൽ റെസിഡൻസിയും 2010ൽ വൈൽഡർനസ് മെഡിസിനിൽ ഫെല്ലോഷിപ്പും പൂർത്തിയാക്കി. 2012ൽ ടെക്സസ് സർവകലാശാലയുടെ മെഡിക്കൽ ബ്രാഞ്ചിൽ നിന്ന് എയറോസ്പേസ് മെഡിസിനിൽ റെസിഡൻസിയും പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഹാർവാർഡിൽ ഹണ്ടിങ്ടൺസ് രോഗത്തെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ പങ്കാളിയായ അദ്ദേഹം റോട്ടറി ക്ലബ്ബിൻ്റെ അംബാസഡർ സ്കോളറായി ഇന്ത്യയിലെത്തി പോളിയോ നിർമാർജന പ്രവർത്തനങ്ങളിൽ ഒരു വർഷം പ്രവർത്തിച്ചിട്ടുണ്ട്.
സ്റ്റാൻഫോർഡിലെ പഠനകാലത്ത് നാസയുടെ ആംസ് റിസർച്ച് സെൻ്ററിൽ സോഫ്റ്റ് ടിഷ്യു മോഡലുകളുടെ കോഡിങ്ങിൽ പ്രവർത്തിച്ച അദ്ദേഹം കാലിഫോർണിയ എയർ നാഷണൽ ഗാർഡിലും സേവനമനുഷ്ഠിച്ചു. ദുർഘടമായ സാഹസിക മത്സരങ്ങൾക്ക് മെഡിക്കൽ സഹായം നൽകുകയും ചെയ്തു. സൈനിക ഫിസിഷ്യനായി അഫ്ഗാനിസ്ഥാനിൽ ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം ദൗത്യത്തിൻ്റെ ഭാഗമായി പ്രവർത്തിച്ച അനിൽ, ഹിമാലയൻ റെസ്ക്യൂ അസോസിയേഷനൊപ്പം എവറസ്റ്റിലെ പർവതാരോഹകർക്ക് അടിയന്തര ചികിത്സ നൽകാനും മുന്നിലുണ്ടായിരുന്നു.
യുഎസ് എയർഫോഴ്സ് റിസർവ്സിൻ്റെ ഭാഗമായി ബഹിരാകാശ പേടകങ്ങളുടെ വിക്ഷേപണ സമയത്തും ലാൻഡിങ് സമയത്തും ഉള്ള മെഡിക്കൽ മേൽനോട്ടം വഹിച്ചു. 2014ൽ നാസയിൽ ഫ്ലൈറ്റ് സർജനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സോയൂസ് 39, 43 ദൗത്യങ്ങളിൽ ഡെപ്യൂട്ടി ക്രൂ സർജനായും സോയൂസ് 52 ദൗത്യത്തിൽ പ്രൈം ക്രൂ സർജനായും നിർണായക ചുമതലകൾ വഹിച്ചു. ഹ്യൂമൻ ഹെൽത്ത് ആൻഡ് പെർഫോമൻസ് ഡയറക്ടറേറ്റ് അംഗമെന്ന നിലയിൽ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചു. റഷ്യയിലെ സ്റ്റാർ സിറ്റിയിൽ ആറ് മാസത്തിലധികം ജോലി ചെയ്ത പരിചയവുമുണ്ട്.
2018ൽ സ്പേസ് എക്സിൽ ചേർന്ന അദ്ദേഹം മെഡിക്കൽ പ്രോഗ്രാമിന് തുടക്കം കുറിക്കുകയും ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രകൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു. അഞ്ച് വിക്ഷേപണങ്ങളിൽ ചീഫ് ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ച അദ്ദേഹം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കുമുള്ള ദൗത്യങ്ങൾക്കായുള്ള സൂപ്പർ ഹെവി റോക്കറ്റായ സ്റ്റാർഷിപ്പ് പേടകത്തിൻ്റെ വികസനത്തിലും സ്വകാര്യ ബഹിരാകാശ ദൗത്യങ്ങൾ രൂപീകരിക്കുന്നതിലും പങ്കാളിയായി. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 2022 ജനുവരിയിൽ രണ്ട് വർഷത്തെ പരിശീലനം ആരംഭിച്ചു. നിലവിൽ ടെക്സസ് സർവകലാശാലയിലെ എമർജൻസി വിഭാഗത്തിൽ ഡോക്ടറായ അദ്ദേഹം എമർജൻസി, സ്പേസ് മെഡിസിൻ മേഖലകളിൽ 20ലധികം ശാസ്ത്രീയ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR