Enter your Email Address to subscribe to our newsletters

Palakkad , 15 ജൂലൈ (H.S.)
മുൻ എംഎൽഎ പികെ ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ടിൽ (ഡിഎംഎഫ്) കടുത്ത ഭിന്നതയും കൊഴിഞ്ഞുപോക്കും. ഡിഎംഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റിയിലെ പ്രധാന നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ട് വീണ്ടും സിപിഎമ്മിലേക്ക് തന്നെ മടങ്ങി. ഡിഎംഎഫ് പാലക്കാട് മണ്ഡലം സെക്രട്ടറി മുഹമ്മദ് റാസിക്ക്, മണ്ഡലം പ്രസിഡൻ്റ് സെലീന ബീവി, മുൻ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ എന്നിവരടക്കമുള്ളവരാണ് മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയത്. സിഎംപിയുമായുള്ള ലയനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പികെ ശശിയെ പ്രതിസന്ധിയിലാക്കി നേതാക്കളുടെ ഈ അപ്രതീക്ഷിത കൊഴിഞ്ഞുപോക്ക്.
തെറ്റുകൾ ഏറ്റുപറഞ്ഞ് മടക്കം
സിപിഎം പാലക്കാട് ജില്ലാ നേതൃത്വവുമായി കലഹിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച നേതാവാണ് അബ്ദുൽ ഷുക്കൂർ. പാലക്കാട് നഗരസഭ കൗൺസിലർ കൂടിയായ അദ്ദേഹം, ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു പാർട്ടി വിട്ടത്. എന്നാൽ, ജില്ലാ നേതൃത്വത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടായതാണ് മാറിനിൽക്കാൻ കാരണമെന്ന് അബ്ദുൽ ഷുക്കൂർ മാധ്യമങ്ങളോട് വ്യക്തമാക്കി. തെറ്റുകൾ ബഹുഭൂരിപക്ഷവും തങ്ങളുടെ ഭാഗത്തായിരുന്നുവെന്നും, നേതൃത്വത്തോട് തെറ്റുകൾ ഏറ്റുപറഞ്ഞ് പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. താൻ കാരണം പാർട്ടി വിട്ടവരും ഇപ്പോൾ തനിക്കൊപ്പം തിരികെ എത്തിയിട്ടുണ്ട്. ഇനി ഒറ്റക്കെട്ടായി സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നും അബ്ദുൽ ഷുക്കൂർ കൂട്ടിച്ചേർത്തു.
പികെ ശശിക്ക് കനത്ത തിരിച്ചടിസിപിഎം നേതൃത്വവുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെയും അച്ചടക്ക നടപടികളെയും തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷമായിരുന്നു പികെ ശശിയുടെ നേതൃത്വത്തിൽ ഡിഎംഎഫ് രൂപീകരിച്ചത്. യഥാർഥ ഇടതുപക്ഷ ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന ശക്തമായൊരു രാഷ്ട്രീയ ബദലാണ് ഡിഎംഎഫ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുതിയ പാർട്ടി രൂപീകരിച്ച് മാസങ്ങൾ പിന്നിടും മുൻപേ പ്രധാന നേതാക്കൾ കൊഴിഞ്ഞുപോയത് പികെ ശശിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചെങ്കിലും പികെ ശശി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ തിരികെ സിപിഎമ്മിലേക്ക് പോകുന്നത്. അബ്ദുൽ ഷുക്കൂറിൻ്റെയും മറ്റ് നേതാക്കളുടെയും മടങ്ങിവരവ് പാലക്കാട്ടെ സിപിഎമ്മിന് വലിയ ആശ്വാസമാണ് നൽകുന്നത്.
സിഎംപി ലയനം 17ന്അതേസമയം, സിഎംപിയും ഡിഎംഎഫും തമ്മിലുള്ള ലയനം ഈ മാസം 17ന് തൃശൂരിൽ വച്ച് നടക്കും. സിഎംപി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി പികെ ശശിയെ പ്രഖ്യാപിക്കുമെന്ന് ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സിപി ജോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പികെ ശശിയുമായി ലയനം സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നതായും സിപി ജോൺ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഡിഎംഎഫിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കമ്യൂണിസ്റ്റ് എന്ന് പറഞ്ഞ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്നവർക്ക് എതിരാണ് സിഎംപിയെന്നും, യഥാർഥ കമ്യൂണിസ്റ്റുകാരുടെ കൂട്ടായ്മയാണ് ലക്ഷ്യമിടുന്നതെന്നും ലയന പ്രഖ്യാപന വേളയിൽ നേതാക്കൾ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR