കേരളാ വഖഫ് ബോർഡിൻ്റെ സുപ്രധാന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി
Ernakulam , 15 ജൂലൈ (H.S.) കേരളാ വഖഫ് ബോർഡിൻ്റെ സുപ്രധാന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വഖഫ് ബോർഡ് രൂപീകരിച്ചത് നിയമപരമായിട്ടല്ലെന്നും അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളെടുക്കാൻ ബോർഡിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്ക
High Court of Kerala


Ernakulam , 15 ജൂലൈ (H.S.)

കേരളാ വഖഫ് ബോർഡിൻ്റെ സുപ്രധാന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വഖഫ് ബോർഡ് രൂപീകരിച്ചത് നിയമപരമായിട്ടല്ലെന്നും അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളെടുക്കാൻ ബോർഡിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂലധനച്ചെലവുകൾ ,ജുഡീഷ്യൽ സിറ്റിങ് എന്നിവയ്ക്ക് നിയന്ത്രണമുണ്ട്.

വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വഖഫ് വകുപ്പ് ജോയിൻ്റ് സെക്രട്ടറിയാണ് എക്സ്-ഓഫീഷ്യോ അംഗമാകേണ്ടതെന്ന് കോടതി വ്യക്തമാക്കി. വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിൻ്റ് സെക്രട്ടറിയുടെ നിയന്ത്രണത്തിൽ കേരള വഖഫ് ബോർഡ് താത്ക്കാലികമായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സും ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ ഷോൺ ജോർജ്ജും നൽകിയ പൊതുതാത്പര്യ ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ഷിയ അംഗത്തെ ഉൾപ്പെടുത്തണമെന്ന ഹർജിക്കാരുടെ വാദവും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നടപടിയുടെ പശ്ചാത്തലത്തിൽ നിയമാനുസൃതം ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് സർക്കാർ അറിയിച്ചു.

മുസ്ലിം ഇതര പ്രതിനിധികളെ നിയമിക്കാതിരുന്നത് അനുബന്ധ ഹര്ജി സുപ്രിംകോടതിയുടെ പരിഗണനയിലായത് കൊണ്ടാണെന്ന് വഖഫ് ബോര്ഡ് പ്രാഥമിക മറുപടി നൽകിയെങ്കിലും അത്തരം ഒരു കേസും സുപ്രീംകോടതിയുടെ പരിഗണനയില് ഇല്ലെന്ന് വഖഫ് ബോര്ഡിൻ്റെ വാദത്തെ എതിര്ത്ത് കേന്ദ്ര സര്ക്കാർ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു.

കേരള വഖഫ് ബോർഡ് രൂപീകരണം

ക്രൈസ്തവ സംഘടനയായ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസാണ് മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താതെയാണ് വഖഫ് ബോർഡ് രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി കോടതിയൽ ഹർജി നൽകിയത്. വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പൂർണമായും ലംഘിച്ചാണ് നിലവിലെ ബോർഡ് അംഗങ്ങളുടെ നിയമനം നടത്തിയിരിക്കുന്നതെന്ന് ഹർജിക്കാരനായ ശ്യാം ദേവരാജ് ആരോപിച്ചിരുന്നു.

നിയമപ്രകാരം ബോർഡിൽ രണ്ട് മുസ്ലീം ഇതര അംഗങ്ങളെ നിർബന്ധമായും നിയമിക്കേണ്ടതുണ്ട്. എന്നാൽ ആകെ 11 അംഗങ്ങളുള്ള ബോർഡിൽ ഒമ്പത് പേരെ മാത്രമാണ് ആദ്യം നിയമിച്ചത്. ശേഷിക്കുന്ന രണ്ട് അംഗങ്ങളെ പിന്നീട് നിയമിക്കാമെന്നായിരുന്നു സർക്കാരിൻ്റെ നിലപാട്. ഈ നടപടി തികച്ചും നിയമവിരുദ്ധമാണെന്നും നിലവിലെ വഖഫ് ബോർഡ് രൂപീകരണം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വില കൊടുത്ത് വാങ്ങിയ തങ്ങളുടെ കിടപ്പാടം വഖഫ് സ്വത്തായി പ്രഖ്യാപിച്ചതിനെതിരെ മുനമ്പത്തെ നൂറുകണക്കിന് കുടുംബങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു. റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതോടെ പ്രദേശവാസികൾ നടത്തുന്ന സമരം വലിയ ജനശ്രദ്ധയും നേടി. ഇതിനിടെയാണ് ബോർഡിൻ്റെ നിയമ സാധുത തന്നെ ചോദ്യം ചെയ്ത് പുതിയ ഹർജി വന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News