Enter your Email Address to subscribe to our newsletters

Kasaragod , 15 ജൂലൈ (H.S.)
കുരുടപ്പദവിൽ വൻ കവർച്ച. കുരുടപ്പദവ് സ്വദേശി സുബ്രായ സായയുടെ വീട്ടിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും കവർന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 110 ഗ്രാം സ്വർണവും 20,000 രൂപയുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ നടന്ന കവർച്ചയെക്കുറിച്ച് വീട്ടുകാർ അറിയുന്നത് മൂന്ന് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ്.
കഴിഞ്ഞ മാർച്ച് 9-നും 23-നും ഇടയിലുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് സുബ്രായ സായയും ഭാര്യയും കർണാടകയിലെ പ്രശസ്തമായ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനത്തിനായി പോയിരുന്നു. ഈ ദിവസങ്ങളിൽ ഇവരുടെ മക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ കോളജിൽ പോയ പകൽ സമയത്ത് വീട് സൂക്ഷ്മമായി നിരീക്ഷിച്ച ആരോ അകത്തുകടന്ന് കവർച്ച നടത്തുകയായിരുന്നു എന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം വീട്ടാവശ്യത്തിനായി പണം എടുക്കാൻ അലമാരയുടെ ലോക്കർ തുറന്നപ്പോഴാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. സാധാരണ കവർച്ചാ കേസുകളിൽ കാണാറുള്ളത് പോലെ അലമാരയോ ലോക്കറോ കുത്തിത്തുറന്ന ലക്ഷണമൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. കള്ളന്മാർ അതീവ തന്ത്രപരമായി ലോക്കർ തുറന്ന് സാധനങ്ങൾ കൈക്കലാക്കിയ ശേഷം വീണ്ടും കൃത്യമായി പൂട്ടിപ്പോവുകയായിരുന്നു.
പണം എടുക്കാൻ ആയിരുന്നു സുബ്രയ അലമാര തുറന്നത്. പണം കാണാതായതോടെ സ്വർണം നോക്കിയപ്പോൾ അതും നഷ്ടപ്പെട്ടിരുന്നു. മോഷണത്തിൻ്റെ ലക്ഷണങ്ങൾ ഒന്നും കണ്ടിരുന്നില്ല. താക്കോൽ സ്ഥിരമായി വയ്ക്കുന്ന സ്ഥലത്ത് ആയിരുന്നു. അതുകൊണ്ടുതന്നെ സംശയിച്ചിരുന്നില്ല. അലമാര കുത്തി തുറന്നതായുള്ള ലക്ഷണങ്ങൾ ഒന്നും കണ്ടിരുന്നില്ല. അതുകൊണ്ട് പണവും സ്വർണവും ശ്രദ്ധിച്ചില്ല. മോഷണം നടന്നുവെന്ന് വ്യക്തമായപ്പോൾ ആണ് പൊലീസിൽ വിവരം അറിയിച്ചത്. സംശയം ഉള്ളവരെ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സുബ്രയായ പറഞ്ഞു. അതേസമയം സമീപ പ്രദേശത്ത് അടുത്തിടെ മറ്റ് മോഷണങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ലോക്കറിനുള്ളിലെ വസ്ത്രങ്ങൾക്കിടയിലായിരുന്നു സ്വർണം ഒളിപ്പിച്ചു വെച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന ചില്ലറ നാണയങ്ങൾ മോഷ്ടാക്കൾ തൊടാതെ സ്വർണവും കറൻസി നോട്ടുകളും മാത്രം കൃത്യമായി തപ്പിയെടുക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വീട്ടുകാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് എസ്പിയുടെ നിർദ്ദേശപ്രകാരം ജൂലൈ 14-ന് മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്ത് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി വിശദമായ പരിശോധനകൾ നടത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR