Enter your Email Address to subscribe to our newsletters

Kozhikode , 15 ജൂലൈ (H.S.)
സംസ്ഥാനത്തെ അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. റിപ്പോർട്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയത് അതിൻ്റെ ആമുഖം മാത്രമാണെന്നും ഉള്ളടക്കം അറിഞ്ഞതിനു ശേഷം മാത്രമേ തുടർനടപടികൾ പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ അനുമതിയില്ലാതെ എങ്ങനെ പാരിസ്ഥിതിക ആഘാത പഠനം നടത്താൻ കഴിയുമെന്ന ചോദ്യവും ഇ ശ്രീധരൻ മുന്നോട്ടുവച്ചു. ഫീൽഡിലേക്ക് ഇറങ്ങി വിശദമായി തയ്യാറാക്കേണ്ട റിപ്പോർട്ടാണിത്. ഇതിന് സർക്കാരിൻ്റെ പ്രത്യേക അനുമതി ആവശ്യമാണ്. സർക്കാരിന് ഡിഎംആർസി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് നടപ്പിലാക്കാൻ ശ്രമിച്ച കെ റെയിൽ പദ്ധതിയുടെ അനുഭവം നമ്മുടെ മുന്നിലുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ഉയർന്ന വലിയ പ്രതിഷേധങ്ങളും പാരിസ്ഥിതിക ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാരിസ്ഥിതിക പഠനവും നിർമാണ രീതിയും
തൂണുകളിലൂടെയും തുരംഗങ്ങളിലൂടെയുമാണ് പുതിയ പാത കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ കെ റെയിലിനെക്കാൾ കുറഞ്ഞ തോതിൽ മാത്രമേ സ്ഥലമേറ്റെടുക്കൽ വേണ്ടിവരൂ എന്നത് പദ്ധതിയുടെ വലിയ നേട്ടമാണെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ തൂണുകൾ വഴിയാണെങ്കിലും സമഗ്രമായ പാരിസ്ഥിതിക പഠനം അനിവാര്യമാണെന്ന് സമിതി മുന്നോട്ടുവയ്ക്കുന്നു. പാത കടന്നുപോകുന്ന വിവിധ ഇടങ്ങളിലെ മണ്ണിൻ്റെ ഘടന പലതായതിനാൽ വിശദമായ പഠനം വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. ഇതിനോടായിരുന്നു ഇ ശ്രീധരൻ്റെ പ്രതികരണം.
ഫണ്ട് ശേഖരണവും ലാഭസാധ്യതകളുംപദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമായി 60 ശതമാനവും ബാക്കി 40 ശതമാനം പൊതുജനങ്ങളിൽ നിന്നും പ്രവാസികളിൽ നിന്നുമുള്ള ക്രൗഡ് ഫണ്ടിങ്ങിലൂടെയും കണ്ടെത്തണമെന്നാണ് ഇ ശ്രീധരൻ്റെ ഇടക്കാല റിപ്പോർട്ടിലെ നിർദേശം. എന്നാൽ അത്തരമൊരു മാതൃക പ്രായോഗികമാകുമോ എന്ന കാര്യത്തിൽ വിദഗ്ധസമിതിക്ക് സംശയമുണ്ട്. ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിക്കേണ്ടത് 24,000 കോടിയോളം രൂപയാണ്. ഇത്രയും വലിയ തുക ഉറപ്പാക്കാൻ കൂടുതൽ പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്നാണ് സമിതിയുടെ ശുപാർശ.
മിഷൻ സമുദ്രയുമായി ചേർത്ത് വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചുള്ള ഘടനാമാറ്റവും സമിതി ചർച്ച ചെയ്യുന്നുണ്ട്. എക്സ്ക്ലൂസീവായി അതിവേഗ ട്രെയിൻ മാത്രം ഓടിച്ചാൽ പദ്ധതി ലാഭത്തിലാകില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ സ്റ്റേഷനുകൾ അടക്കം കൂടുതൽ ലാഭമുണ്ടാക്കും വിധം പദ്ധതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ചരക്കുനീക്കം അടക്കം സാധ്യമാക്കുന്ന രീതിയിൽ വിഴിഞ്ഞം തുറമുഖത്തെ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തിൻ്റെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ അതിവേഗ റെയിൽ പദ്ധതി. എന്നാൽ സാമ്പത്തികവും പാരിസ്ഥിതികവുമായ വെല്ലുവിളികൾ മറികടക്കുക എന്നത് സർക്കാരിന് വലിയ കടമ്പയാകും.
വിദഗ്ധസമിതി റിപ്പോർട്ടിലെ ഉള്ളടക്കം മുഖ്യമന്ത്രി വി.ഡി സതീശൻ തന്നോട് ചർച്ച ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇ ശ്രീധരൻ. റിപ്പോർട്ട് പൂർണമായി പഠിച്ചതിനു ശേഷം മാത്രമേ കൂടുതൽ പ്രതികരണങ്ങളിലേക്ക് കടക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR