Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 ജൂലൈ (H.S.)
സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടാകാമെന്ന് കെഎസ്ഇബി. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ മാസം 30വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയിലായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉപാധികളോടെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിരുന്നെങ്കിലും, കറൻ്റ് എക്സ്ചേഞ്ചിൽ കിട്ടാനില്ലാത്ത സാഹചര്യമാണെന്നാണ് വൈദ്യുതി വകുപ്പിന്റെ അഭിപ്രായം. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫും സമ്മതിച്ചിരുന്നു. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും കാലവസ്ഥ അനുസരിച്ചാകും നിയന്ത്രണത്തിൽ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയിരുന്നു. ജൂൺ 15നു ശേഷം കൂടുതൽ മഴ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി അറിയിച്ചത്. എന്നാൽ മഴ കുറഞ്ഞതോടെ ഉൽപാദനം കുറയുകയും ഉപഭോഗം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ലോകകപ്പ് ആവേശം കൂടിയായതോടെ സംസ്ഥാനത്ത് രാത്രികാല വൈദ്യുതോപഭോഗം വൻതോതിൽ ഉയർന്നിട്ടുണ്ട്. നിയന്ത്രണം അവസാനിപ്പിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. എന്നാൽ കേന്ദ്രപൂളിൽ വൈദ്യുതി ലഭ്യമല്ലാത്തത് തിരിച്ചടിയായി.
അതേസമയം, ആരോപണ പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പത്തുകൊല്ലം മുമ്പത്തെ ഇരുട്ട് കേരളത്തിൽ തിരിച്ചുവരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിമർശിച്ചിരുന്നു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്തത് ആസൂത്രണത്തിലെ പിഴവാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ, വൈദ്യുതി കരാറുകൾ റദ്ദാക്കിയത് എൽഡിഎഫാണെന്നും അതിന്റെ തുടർച്ചയായാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നതെന്നും കോൺഗ്രസ് തിരിച്ചടിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR