പ്രിയദർശിനി ഒരു മാസം പിന്നിടുമ്പോള് കൈയടിച്ച് വനിതകൾ
Kottayam , 15 ജൂലൈ (H.S.) സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ഒരു മാസം പിന്നിടുമ്പോൾ കോട്ടയം ജില്ലയിലെ യാത്രാമേഖലയിൽ വലിയ മാറ്റങ്ങൾ. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകള
KSRTC


Kottayam , 15 ജൂലൈ (H.S.)

സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ഒരു മാസം പിന്നിടുമ്പോൾ കോട്ടയം ജില്ലയിലെ യാത്രാമേഖലയിൽ വലിയ മാറ്റങ്ങൾ. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളിൽ ജൂൺ 15-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പദ്ധതിയെ കോട്ടയത്തെ വനിതകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ, ഇതോടെ തങ്ങളുടെ പ്രധാന വരുമാനമാർഗമായിരുന്ന സ്ത്രീയാത്രക്കാർ കൂട്ടത്തോടെ കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയത് സ്വകാര്യ ബസ് മേഖലയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.

കെ.എസ്.ആർ.ടി.സിക്ക് വൻ നേട്ടം, പ്രശംസയുമായി യാത്രക്കാർ

പ്രിയദർശിനി യാത്രാ പദ്ധതി വൻ വിജയമാണെന്നാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ വ്യക്തമാക്കുന്നത്. ജില്ലയിൽ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ 22 ബസുകളാണ് നിലവിൽ പ്രിയദർശിനി പദ്ധതിക്കായി സർവീസ് നടത്തുന്നത്. പദ്ധതി ആരംഭിച്ചതോടെ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകളുടെ കളക്ഷനിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ സർവീസുകളെ ഇത് കാര്യമായി ബാധിച്ചിട്ടുമില്ല.

വനിതാ യാത്രികർ ഏറെ ആവേശത്തോടെയാണ് പദ്ധതിയെ സ്വീകരിച്ചത്. കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രിയദർശിനി സർവീസുകൾ വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി നിവേദനങ്ങൾ ലഭിക്കുന്നുണ്ട്. കൂടുതൽ ബസുകൾ ലഭ്യമാകുന്ന മുറയ്ക്ക് പുതിയ സർവീസുകൾ ആരംഭിക്കാൻ ഡിപ്പോ സജ്ജമാണ്. - കെ.ജെ. മനോജ്, കൺട്രോളിംഗ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി

സൗജന്യ യാത്ര തങ്ങൾക്ക് സാമ്പത്തികമായി വലിയ ആശ്വാസം നൽകുന്നതിനൊപ്പം സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നുണ്ടെന്നും ജില്ലയിലെ വിദ്യാർത്ഥിനികളും വീട്ടമ്മമാരും ഉൾപ്പെടെയുള്ള യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.

തകർച്ചയുടെ വക്കിൽ സ്വകാര്യ ബസ് മേഖല; ആശങ്കയിൽ ഉടമകൾ

പ്രിയദർശിനി സർവീസുകൾ കോട്ടയത്ത് സജീവമായതോടെ സ്വകാര്യ ബസുകളിലെ കളക്ഷൻ കുത്തനെ ഇടിഞ്ഞു. സ്ഥിരം യാത്രക്കാരായിരുന്ന സ്ത്രീകൾ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഭൂരിഭാഗം സ്വകാര്യ ബസുകളും കടുത്ത നഷ്ടത്തിലാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതിസന്ധി താങ്ങാനാവാതെ ജില്ലയിലെ ചില സ്വകാര്യ ബസുകൾ സർവീസ് തന്നെ അവസാനിപ്പിച്ചു കഴിഞ്ഞു. സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഈ മാസം എട്ടാം തീയതി ജില്ലയിൽ സ്വകാര്യ ബസുകൾ പണിമുടക്കി പ്രതിഷേധിച്ചിരുന്നു.

സ്ഥിരം സ്ത്രീയാത്രക്കാർ കൂടി കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയതോടെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി ഇരട്ടിയായിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ സമയക്രമം (ഷെഡ്യൂൾ) പുനഃക്രമീകരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രവർത്തനം പോലും ഇനിയും ആരംഭിച്ചിട്ടില്ല. - കെ.എസ്. സുരേഷ്, ജനറൽ സെക്രട്ടറി, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് വിദഗ്ധ സമിതിയോട് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ അതുവരെ ഭീമമായ നഷ്ടം സഹിച്ചു മുന്നോട്ട് പോകാൻ തങ്ങൾക്ക് കഴിയില്ലെന്ന ആശങ്കയിലാണ് ബസുടമകൾ. തുടർനടപടികൾ ചർച്ച ചെയ്യാൻ ഉടൻ തന്നെ അസോസിയേഷൻ കമ്മിറ്റി ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.

വനിതകൾക്ക് ആശ്വാസമേകുന്ന പ്രിയദർശിനി പദ്ധതി മുന്നേറുമ്പോൾ, തദ്ദേശീയ യാത്രാമേഖലയിലെ നിർണ്ണായക ശക്തിയായ സ്വകാര്യ ബസ് വ്യവസായത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ എന്ത് ബദൽ മാർഗ്ഗം കാണുമെന്നാണ് ഇനി അറിയേണ്ടത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News