കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ജൂലൈ 16 ന് തുറക്കും
Pathanamthitta , 15 ജൂലൈ (H.S.) കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ജൂലൈ 16 ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്ന
Sabarimala


Pathanamthitta , 15 ജൂലൈ (H.S.)

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ജൂലൈ 16 ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.

കർക്കടക മാസം ഒന്നാം തീയതിയായ ജൂലൈ 17 ന് രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. കർക്കടകം ഒന്ന് മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. കർക്കടക മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

ഇതിനിടെ,ശബരിമല തന്ത്രിസ്ഥാനം താഴമണ് കുടുംബം ഒഴിയണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ രംഗത്തെത്തിയതോട വിഷയം വലിയ ചർച്ചയായിരിക്കുകയാണ്.

ശബരിമല തന്ത്രിയെ മാറ്റാനും യോഗ്യതയുള്ള പുതിയ ആളുകളെ തന്ത്രിയായി നിയമിക്കാനും തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് പൂര്ണ്ണ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവര്മ്മ പറയുന്നു. അധികാര ദുർവിനിയോഗം നടത്തിയാല് കാരാണ്മ സ്ഥാനം റദ്ദ് ചെയ്യാൻ നിയമതടസ്സമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള് വ്യക്തമാക്കിക്കൊണ്ട് രാജരാജവർമ്മ ദേവസ്വം മന്ത്രി കെ. മുരളീധരന് കത്തയച്ചു. ശബരിമല തന്ത്രിസ്ഥാനത്തെ ചൊല്ലി രാഷ്ട്രീയ-താന്ത്രിക മേഖലകളില് വിവാദം കനക്കുന്നതിനിടെയാണ് പന്തളം കൊട്ടാരത്തില് നിന്നുള്ള ഈ നിർണ്ണായക നീക്കം.

ശബരിമല ക്ഷേത്രത്തില് ദേവന്റെ പിതൃസ്ഥാനം തന്ത്രിക്കില്ലെന്ന് കത്തില് രാജരാജവർമ്മ വാദിക്കുന്നു. ബിംബത്തിന് കേടുപാടുകള് സംഭവിച്ചാല് ചൈതന്യം നഷ്ടപ്പെടില്ലെന്നും ശബരിമലയില് പുനഃപ്രതിഷ്ഠ നടത്തുന്ന തന്ത്രിക്ക് ദേവന്റെ പിതൃസ്ഥാനം ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു. ആവശ്യമാണെങ്കില് ഒന്നില് കൂടുതല് തന്ത്രിമാരെ നിയമിക്കാനും ബോർഡിന് അധികാരമുണ്ട്. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പന്തളം കൊട്ടാരത്തിനാണെന്നും ട്രസ്റ്റി സ്ഥാനം മാത്രമാണ് സർക്കാരില് നിലനില്ക്കുന്നതെന്നും വ്യക്തമാക്കിയ കത്തില്, ക്ഷേത്രം ഒരുകാലത്തും സർക്കാർ ഏറ്റെടുക്കില്ലെന്ന് സെറ്റില്മെന്റ് രജിസ്റ്റർ വ്യക്തമാക്കുന്നുണ്ടെന്നും രാജരാജവർമ്മ കൂട്ടിച്ചേർത്തു.

മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രി ആക്കണമെന്നാണ് തന്ത്രി കുടുംബത്തിന്റെ ആവശ്യം. എന്നാൽ തന്ത്രി കുടുംബത്തെ തള്ളി ഹിന്ദു ഐക്യവേദി രംഗത്തെത്തി. കണ്ഠരര് രാജീവരരുടെ മകന് യോഗ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. തന്ത്രവിദ്യയിൽ നിപുണരായവരാണ് തന്ത്രിയായി ഏതൊരു ക്ഷേത്രത്തിലും ചുമതലയെടുക്കേണ്ടത്. കണ്ഠരര് രാജീവരരുടെ മകന് യോഗ്യതയുണ്ടോയെന്ന് പരിശോധിക്കണം. തന്ത്രിയുടെ മകനാണ് എന്ന ഒരൊറ്റ യോഗ്യത മാത്രം പരിഗണിച്ച് ഒരാളേയും തന്ത്രിസ്ഥാനത്തേക്ക് നിശ്ചയിക്കരുതെന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ശബരിമല തന്ത്രി വിഷയത്തിൽ നിലനിൽക്കുന്ന വിവാദം എത്രയും വേഗം അവസാനിപ്പിക്കണം . കോടാനുകോടി ഭക്തരുടെ വിശ്വാസത്തെ ഹനിക്കുന്ന ഒന്നും തന്നെ ശബരിമലയിൽ നടക്കാൻ പാടില്ല . തന്ത്രവിദ്യയിൽ നിപുണരായവരാണ് തന്ത്രിയായി ഏതൊരു ക്ഷേത്രത്തിലും ചുമതലയെടുക്കേണ്ടത്.

നിലവിൽ ശബരിമലയിൽ ചുമതലയേൽക്കുന്ന കണ്ഠരര് ബ്രഹ്മദത്തൻ താന്ത്രിക വിദ്യയിൽ ആധികാരികമായി പഠനം നടത്തിയിട്ടുള്ളതാണ് എന്ന് ഉറപ്പുവരുത്തിയിട്ടു വേണം ദേവസ്വം ബോർഡ് അദ്ദേഹത്തെ ശബരിമല തന്ത്രിയായി നിശ്ചയിക്കാവു എന്നാണ് വിശ്വാസികളുടെ അഭിപ്രായം . തന്ത്രിയുടെ മകനാണ് എന്ന ഒരൊറ്റ യോഗ്യത മാത്രം പരിഗണിച്ച് ഒരാളേയും തന്ത്രിസ്ഥാനത്തേക്ക് നിശ്ചയിക്കരുത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News