Enter your Email Address to subscribe to our newsletters

Thrissur , 15 ജൂലൈ (H.S.)
കല്യാണ വീട്ടിലെ ഐസ്ക്രീം തല്ലിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും ഭക്ഷണത്തെച്ചൊല്ലി കൂട്ടയടി. ഇത്തവണ ചില്ലി ചിക്കനൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞതിൻ്റെ പേരിലാണ് തൃശൂരിൽ ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചത്. വടക്കാഞ്ചേരി മിണാലൂരിലെ ഹോട്ടലിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ ഉടമയ്ക്കും ജീവനക്കാർക്കും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
മിണാലൂർ ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന സെലക്ട് ദർബാർ റസ്റ്ററൻ്റിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഘർഷത്തിൻ്റെ തുടക്കം. ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചില്ലി ചിക്കൻ ഓർഡർ ചെയ്തിരുന്നു. എന്നാൽ ഭക്ഷണം കഴിക്കുന്നതിനിടെ, ഇതിനൊപ്പം നൽകിയ നാരങ്ങയിൽ ആവശ്യത്തിന് നീരില്ലെന്ന് ആരോപിച്ച് ഇവർ വെയിറ്ററുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ചെറിയ രീതിയിൽ തുടങ്ങിയ കശപിശ പിന്നീട് വലിയ ബഹളമായി മാറുകയായിരുന്നു. പ്രശ്നം രൂക്ഷമായതോടെ ഹോട്ടലുടമയായ മുജീബ് (38) നേരിട്ട് ഇടപെട്ട് തർക്കം പരിഹരിക്കുകയും, തുടർന്ന് യുവാക്കൾ അവിടെനിന്ന് മടങ്ങുകയും ചെയ്തു.
ക്രിക്കറ്റ് ബാറ്റുമായി ആക്രമണം
എന്നാൽ പ്രശ്നം അവിടെ അവസാനിച്ചിരുന്നില്ല. ഏകദേശം ഒരു മണിക്കൂറിന് ശേഷം രണ്ട് കാറുകളിലായി ഏഴംഗ സംഘം ഹോട്ടലിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ഇവർ ഉടമയെയും ജീവനക്കാരെയും ക്രൂരമായി മർദിച്ചു. ക്രിക്കറ്റ് ബാറ്റും മരക്കഷ്ണങ്ങളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഗുണ്ടാ ആക്രമണം. അക്രമികളുടെ അടിയേറ്റ് മുജീബിൻ്റെ മുൻവശത്തെ മൂന്ന് പല്ലുകൾ നഷ്ടമായി. ജീവനക്കാർ ചട്ടുകവും തവികളും ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചതോടെ ഹോട്ടലിനുള്ളിൽ വലിയ കൂട്ടയടിയായി മാറുകയായിരുന്നു.
സംഘർഷത്തിൽ നാലോളം ഹോട്ടൽ ജീവനക്കാർക്ക് കാൽമുട്ടിനും കൈക്കും തോളിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ ഭക്ഷണം കഴിക്കാനും ചോദ്യം ചെയ്യാനും എത്തിയ ചിലർക്കും മർദനമേറ്റു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ വടക്കാഞ്ചേരി പൊലീസ് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമപ്പെട്ടിക്കടുത്ത് കരുവന്നൂർ സ്വദേശികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് ജീവനക്കാർ നൽകുന്ന പ്രാഥമിക വിവരം. പരിക്കേറ്റ അക്രമികളും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊല്ലത്ത് കല്യാണ വിരുന്നിനിടെ ഐസ്ക്രീം നൽകാത്തതിൻ്റെ പേരിൽ സമാനമായ രീതിയിൽ കൂട്ടയടി നടന്നിരുന്നു. വിരുന്നിനിടെ ഒരു സംഘം ഐസ്ക്രീം ചോദിച്ചപ്പോൾ തീർന്നുപോയെന്ന് കാറ്ററിങ് ജീവനക്കാർ പറഞ്ഞതാണ് തർക്കത്തിന് കാരണമായത്. തുടർന്ന് ബോക്സ് തുറന്ന് ഐസ്ക്രീം എടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതോടെയാണ് അടി തുടങ്ങിയത്. പ്രശ്നത്തിൽ കൂടുതൽ പേർ ഇടപെട്ടതോടെ വലിയ സംഘർഷമായി മാറുകയായിരുന്നു. ഈ സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR