Enter your Email Address to subscribe to our newsletters

Tehran , 15 ജൂലൈ (H.S.)
അമേരിക്കൻ ആക്രമണങ്ങൾക്കും ഉപരോധങ്ങൾക്കുമുള്ള തിരിച്ചടിയായി ഇറാൻ നടത്തിയ ആക്രമണത്തിൽ ബഹ്റൈനും കുവൈറ്റിനും നേരെ മിസൈൽ, ഡ്രോൺ വർഷം. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് അമേരിക്കൻ സൈനിക താവളങ്ങളുള്ള ഇരു രാജ്യങ്ങൾക്കും നേരെ ഇറാൻ്റെ ആക്രമണമുണ്ടായത്. ബഹ്റൈനിൽ മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയപ്പോൾ, കുവൈറ്റിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളും ഡ്രോണുകളും തകർത്തതായി സൈന്യം അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തി. താത്കാലിക വെടിനിർത്തൽ കരാർ തകരുന്ന സാഹചര്യത്തിൽ സമ്പൂർണ യുദ്ധത്തിലേക്കുള്ള നീക്കങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുകയാണ്. ഏപ്രിൽ പകുതിയോടെയാണ് അമേരിക്ക ആദ്യമായി ഉപരോധം ഏർപ്പെടുത്തിയത്. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള താത്കാലിക കരാർ ഒപ്പുവച്ചതിന് പിന്നാലെ ജൂൺ പകുതിയോടെ ഇത് പിൻവലിച്ചിരുന്നു. ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കരാർ 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും കടലിടുക്കിലെ പോരാട്ടം രൂക്ഷമായതോടെ ചർച്ചകൾ വഴിമുട്ടി.
തിങ്കളാഴ്ച ഉപരോധം പുനഃസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് 20 ശതമാനം ഫീസ് ഏർപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഗൾഫ് സഖ്യകക്ഷികളുടെ അഭ്യർഥനയെ തുടർന്ന് ഉപരോധം പുനഃസ്ഥാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം ഈ തീരുമാനം ഉപേക്ഷിച്ചു. ലോക ഊർജ വിതരണത്തിൽ നിർണായകമായ ജലപാത തുറക്കാനും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ മധ്യസ്ഥർക്ക് സമയം നൽകാനുമാണ് താത്കാലിക സമാധാന കരാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വീണ്ടും ആരംഭിച്ച പോരാട്ടം മേഖലയെയാകെ ബാധിക്കുകയും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാവുകയും ചെയ്തു.
ഉപരോധം പുനഃസ്ഥാപിക്കുന്നതിന് മുൻപായി അമേരിക്ക വീണ്ടും ആക്രമണങ്ങൾ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിടുക്കിൽ ഫലപ്രദമായ പരമാധികാരം പ്രയോഗിക്കുന്നതിൽ നിന്ന് ടെഹ്റാനെ തടയാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ്റെ നിയമ, അന്താരാഷ്ട്ര കാര്യ ഉപവിദേശകാര്യ മന്ത്രി കാസെം ഗരിബാബാദി ഇറാനിയൻ ഔദ്യോഗിക മാധ്യമമായ ഐആർഐബിയോട് പറഞ്ഞു.
ഉപരോധം പുനഃസ്ഥാപിച്ച് മണിക്കൂറുകൾക്കകം കടലിടുക്കിൽ വെടിവയ്പ്പ് നടന്നതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അയൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കി. നിരപരാധികളുടെ ജീവൻ അപകടപ്പെടുത്തുന്ന അനാവശ്യ ആക്രമണങ്ങൾക്ക് ഇറാനെ അമേരിക്കൻ സേന ഉത്തരവാദിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1000ത്തിലധികം നാവികരുള്ള ഒരു ആംഫിബിയസ് ആക്രമണ കപ്പലും രണ്ട് വിമാനവാഹിനിക്കപ്പലുകളും ഉൾപ്പെടെ കുറഞ്ഞത് 19 അമേരിക്കൻ യുദ്ധക്കപ്പലുകൾ അറബിക്കടലിലുണ്ട്. മിഡിൽ ഈസ്റ്റിലുടനീളം നൂറുകണക്കിന് സൈനിക വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും യുഎസ് സെൻട്രൽ കമാൻഡ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. യുദ്ധത്തിന് മുൻപ് ലോകത്തെ അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിൻ്റെയും അഞ്ചിലൊന്ന് കടന്നുപോയിരുന്നത് ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചപ്പോൾ കപ്പലുകൾക്ക് നേരെയുള്ള ഭീഷണിയെ തുടർന്ന് ഈ പാത അടച്ചിരുന്നു. ഇത് എണ്ണ, വളം തുടങ്ങിയവയുടെ വില കുതിച്ചുയരാൻ കാരണമായി. അമേരിക്കൻ സൈന്യത്തിൻ്റെ മേൽനോട്ടത്തിലുള്ള പാതയിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ ഇറാൻ അടുത്തിടെ ആക്രമണം നടത്തിയിരുന്നു. കടലിടുക്ക് ബലപ്രയോഗത്തിലൂടെ തുറക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതിന് വലിയ സന്നാഹങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഫീസ് ഈടാക്കുന്നതിന് പകരം ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ ബദൽ സംവിധാനം നിർദേശിച്ചതായി ട്രംപ് പറഞ്ഞു. അമേരിക്കയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ അവർ താത്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹം ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. കടലിടുക്കിന് ആരും ഫീസ് ഈടാക്കാൻ പാടില്ലെന്ന് കരുതുന്നതിനാൽ ഈ സംവിധാനമാണ് താൻ താത്പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇറാനെതിരെ കൂടുതൽ അമേരിക്കൻ ആക്രമണങ്ങൾ ഉണ്ടാകുമെന്നും ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ അടുത്ത ആഴ്ചയോടെ പാലങ്ങളും വൈദ്യുത നിലയങ്ങളും ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ കള്ളം പറയുന്നതിനാൽ അവരുമായി ഉടൻ ചർച്ച തുടരാൻ താത്പര്യമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സിവിലിയന്മാരെ ഉപദ്രവിക്കാതിരിക്കാൻ അമേരിക്കൻ സേന ശ്രദ്ധിച്ചിട്ടുണ്ടെന്നും എന്നാൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ഒന്നും അവശേഷിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനിടെ ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുമായി ട്രംപ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
ഇറാനിലെ തീരദേശ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾ, സമുദ്രോപകരണങ്ങൾ എന്നിവ ലക്ഷ്യമിട്ട് ചൊവ്വാഴ്ച ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണങ്ങൾ ഇറാൻ സ്ഥിരീകരിച്ചെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറാനിയൻ സേനയ്ക്ക് കനത്ത തിരിച്ചടി നൽകുന്നത് തുടരുമെന്നും ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്കും നിരപരാധികൾക്കും നേരെയുള്ള അവരുടെ ആക്രമണ ശേഷി കുറയ്ക്കുമെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴ് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ 12ഓളം സാധാരണക്കാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. ജോർദാൻ, ബഹ്റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന നിരന്തര ആക്രമണങ്ങളെ അപലപിച്ച ഖത്തർ, ഇത് രാജ്യങ്ങളുടെ പരമാധികാരത്തിൻ്റെ നഗ്നമായ ലംഘനമാണെന്നും നയതന്ത്ര പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.
അമേരിക്ക ആക്രമണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പേർഷ്യൻ ഗൾഫിലെ ഇറാനിയൻ നഗരമായ ബുഷെഹറിലെ നാല് കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ നഗരമായ അഹ്വാസ്, തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
ബന്ദർ അബ്ബാസിൽ സ്ഫോടനത്തെ തുടർന്ന് പുക ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെ, അന്തരിച്ച പരമോന്നത നേതാവ് അലി ഖാമേനിയുടെ സ്മരണയ്ക്കായി ടെഹ്റാനിലെ ഇമാം ഖൊമേനി മൊസല്ല ഗ്രാൻഡ് മോസ്കിൽ നടന്ന ചടങ്ങിൽ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനും ഖാമേനിയുടെ മക്കളായ മസൂദും മൊസ്തഫയും പങ്കെടുത്തു.
സമീപ ദിവസങ്ങളിലുണ്ടായ വെടിവയ്പ്പുകൾ താത്കാലിക സമാധാന കരാറിൻ്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇറാൻ്റെ ആണവ പദ്ധതിയും മറ്റ് വിഷയങ്ങളും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള അന്തിമ കരാറിലെത്താൻ നിശ്ചയിച്ചിരുന്ന 60 ദിവസത്തെ സമയപരിധി പകുതിയോളമായി. കടലിടുക്കിലൂടെയുള്ള യാത്ര 60 ദിവസത്തേക്ക് സൗജന്യമായിരിക്കുമെന്ന് താത്കാലിക കരാറിൽ ഇറാൻ സമ്മതിച്ചിരുന്നെങ്കിലും അതിനുശേഷം എന്ത് സംഭവിക്കുമെന്നത് വ്യക്തമല്ല.
ഗതാഗതം നിയന്ത്രിക്കാനും ഫീസ് ഈടാക്കാനും തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ അമേരിക്ക ഇത് നിഷേധിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ചൊവ്വാഴ്ച രാവിലെ 87 ഡോളറിന് മുകളിലെത്തിയിരുന്നു. എന്നാൽ യുദ്ധം കൊടുമ്പിരികൊണ്ട സമയത്തുണ്ടായിരുന്ന 120 ഡോളറിനേക്കാൾ താഴെയാണിത്. കപ്പലുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്മാറിയതിന് പിന്നാലെ വില 78 ഡോളറായി കുറഞ്ഞു.
അതിനിടെ അമേരിക്കയെയും ഇറാനെയും വീണ്ടും ചർച്ചാമേശയിലെത്തിക്കാൻ പ്രാദേശിക മധ്യസ്ഥർ ശ്രമം തുടരുകയാണ്. വെടിനിർത്തൽ പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾ സജീവമാണെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ ലെബനൻ, ഇസ്രയേൽ പ്രതിനിധികൾ റോമിൽ കൂടിക്കാഴ്ച നടത്തി. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾ തുടരും.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാനെ പിന്തുണച്ച് ലെബനൻ സായുധ സംഘമായ ഹിസ്ബുല്ലയും ഇസ്രയേലിനെതിരെ ആക്രമണം തുടങ്ങിയിരുന്നു. ഇതിന് മറുപടിയായി ഇസ്രയേൽ ലെബനനിൽ കരയാക്രമണം നടത്തി. ഹിസ്ബുല്ലയെ നിരായുധരാക്കുന്നതിന് പകരമായി തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ സേനയെ പിൻവലിക്കുന്നതിനുള്ള രൂപരേഖ കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കുന്നത് വൈകുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR