അതിവേഗ റെയില് പദ്ധതി ഏറ്റെടുക്കില്ല; ഡിഎംആര്സി റിപ്പോര്ട്ട് അപൂര്ണമെന്ന് മുഖ്യമന്ത്രി
Thiruvanathapuram, 15 ജൂലൈ (H.S.) സംസ്ഥാനത്ത് അതിവേഗ റെയില്‍ പദ്ധതി ഈ രൂപത്തില്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് അപൂര്‍ണമാണ്. പദ്ധതിയുടെ വ
VD Satheeshan


Thiruvanathapuram, 15 ജൂലൈ (H.S.)

സംസ്ഥാനത്ത് അതിവേഗ റെയില്‍ പദ്ധതി ഈ രൂപത്തില്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് അപൂര്‍ണമാണ്. പദ്ധതിയുടെ വിശദാംശങ്ങള്‍ പൂര്‍ണമല്ല. ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിഎംആര്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തിയിട്ടില്ല. മികച്ച സാമ്പത്തിക മാതൃകയിലല്ല റിപ്പോര്‍ട്ടുള്ളത്. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ലഭ്യത സംബന്ധിച്ചും വ്യക്തമായ പരാമര്‍ശമില്ല. ഗതാഗത സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒഎസ്ഡിയും സാമ്പത്തിക, റെയില്‍വെ, പാരിസ്ഥിതിക വിദഗ്ധരും അടങ്ങുന്ന സമിതി റിപ്പോര്‍ട്ട് പരിശോധിച്ച് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. കെ-റെയില്‍ പദ്ധതിക്ക് സംഭവിച്ചതുപോലെ പഠനങ്ങള്‍ പൂര്‍ത്തിയാക്കാതെ ഭൂമിയേറ്റെടുക്കലിലേക്ക് കടക്കുന്ന അബദ്ധം ആവര്‍ത്തിക്കരുതെന്ന് സമിതി മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ യാത്രക്കാര്‍ക്ക് മാത്രമുള്ള പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. റോഡിലെ വാഹന സാന്ദ്രത കുറയ്ക്കുന്നതിനായി അതിവേഗ പാതയില്‍ ചരക്ക് നീക്കം കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പദ്ധതി ലാഭകരമാകില്ല. അതിനാല്‍ ചരക്കുഗതാഗത സാധ്യതകള്‍, ബദല്‍ മാര്‍ഗങ്ങള്‍, ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ മെട്രോ, തുറമുഖം, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയുമായുള്ള സംയോജനം എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വതന്ത്രമായി പഠനം നടത്തും.

കൃത്യമായ സാമ്പത്തിക മാതൃകയോ പാരിസ്ഥിതിക പഠനങ്ങളോ ഇല്ലാതെ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനമോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ ആരംഭിക്കില്ല. പദ്ധതിയുടെ യഥാര്‍ഥ ആവശ്യകതയും സാമ്പത്തിക പ്രാധാന്യവും ബോധ്യപ്പെട്ടാല്‍ മാത്രമേ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിലേക്ക് കടക്കൂ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനും പ്രൊജക്ട് മാപ്പിങ്ങിനുമായി പൊതുഭരണ വകുപ്പിന് കീഴില്‍ ബിസിനസ് പ്രോസസ് ആന്‍ഡ് റീ എന്‍ജിനിയറിങ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പദ്ധതികള്‍ നടപ്പാക്കാനുളള കാലതാമസം കാരണം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഖജനാവിന് നഷ്ടപ്പെടുന്നത്.

രണ്ട് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട 100 കോടിയുടെ പദ്ധതികള്‍ 10 വര്‍ഷം കഴിഞ്ഞാലും പൂര്‍ത്തിയാകാത്ത അവസ്ഥയുണ്ട്. ഇതോടെ നിരക്ക് വര്‍ധനയും കരാറുകാരുടെ പ്രശ്‌നങ്ങളും കാരണം പദ്ധതിച്ചെലവ് 1000 കോടിയായി കുതിച്ചുയരുകയാണ്. ഇത് ഒഴിവാക്കാന്‍ കൃത്യമായ പ്രൊജക്ട് മാപ്പിങ് നടത്തി, പ്രൊജക്ട് പ്രോട്ടോക്കോള്‍ രൂപീകരിച്ച്, ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തം നിശ്ചയിച്ചു നല്‍കും. നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് പുതിയ സെല്ലിലൂടെ ലക്ഷ്യമിടുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News