ഇന്ത്യ-യുകെ വ്യാപാര കരാര് യാഥാര്ത്ഥ്യമായി; ഉപഭോക്താക്കള്ക്ക് വന് നേട്ടം
Kerala, 15 ജൂലൈ (H.S.) ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക, വ്യാപാര കരാറും അനുബന്ധ സാമൂഹിക സുരക്ഷാ കരാറും ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ 100 ബില്യണ്‍ ഡോളറായി ഇരട്ട
ങഖ


Kerala, 15 ജൂലൈ (H.S.)

ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക, വ്യാപാര കരാറും അനുബന്ധ സാമൂഹിക സുരക്ഷാ കരാറും ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ 100 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന ചുവടുവെപ്പ് നടപ്പിലാക്കിയിരിക്കുന്നത്.

ഇന്ത്യ-യുകെ പങ്കാളിത്തത്തിലെ നിര്‍ണായക നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും വിശേഷിപ്പിച്ചു. ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസത്തിന്റെയും വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, നവീകരണം എന്നിവയിലൂന്നിയ ഭാവിയുടെയും പ്രതിഫലനമാണ് ഈ കരാറെന്ന് പ്രധാനമന്ത്രി എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും ഈ കരാര്‍ പുതിയ ആക്കം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കരാറിന്റെ ഏറ്റവും വലിയ സവിശേഷത യുകെയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും പൂജ്യം തീരുവയില്‍ വിപണി പ്രവേശം ലഭിക്കുമെന്നതാണ്. ടെക്‌സ്‌റ്റൈല്‍സ്, ഗാര്‍മെന്റ്‌സ്, ഫുട്വെയര്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങളും ആഭരണങ്ങളും, മറൈന്‍ ഉല്‍പ്പന്നങ്ങള്‍, എന്‍ജിനീയറിങ് സാധനങ്ങള്‍, ഓട്ടോ ഘടകങ്ങള്‍, ഓര്‍ഗാനിക് കെമിക്കല്‍സ്, പ്രോസസ്ഡ് ഫുഡ് തുടങ്ങിയ തൊഴില്‍സാധ്യതയേറിയ നിരവധി ആഭ്യന്തര മേഖലകള്‍ക്ക് ഇത് വലിയ വിപണി സാധ്യതയാണ് തുറന്നുനല്‍കുന്നത്.

ഇതോടൊപ്പം താല്‍ക്കാലിക ജോലി ആവശ്യങ്ങള്‍ക്കായി യുകെയിലെത്തുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ ആശ്വാസമേകുന്ന വ്യവസ്ഥകളും കരാറിലുണ്ട്. യുകെയില്‍ താല്‍ക്കാലിക നിയമനങ്ങളിലുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളെ 5 വര്‍ഷം വരെ അവിടെത്തെ ദേശീയ ഇന്‍ഷുറന്‍സ് സംഭാവനകള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി. ഇത് ഇന്ത്യന്‍ കമ്പനികളുടെ ആഗോള മത്സരശേഷി വലിയ തോതില്‍ വര്‍ധിപ്പിക്കും. ഐടി, ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷന്‍, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളിലെ 75,000-ത്തിലധികം പ്രൊഫഷണലുകള്‍ക്കും 900-ഓളം ഇന്ത്യന്‍ കമ്പനികള്‍ക്കും ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കും. കൂടാതെ, 137 ഉപമേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 1,800 ഇന്ത്യന്‍ പാചകക്കാര്‍ , യോഗ ഇന്‍സ്ട്രക്ടര്‍മാര്‍, ക്ലാസിക്കല്‍ സംഗീതജ്ഞര്‍ എന്നിവര്‍ക്കായി സമര്‍പ്പിത വാര്‍ഷിക മൊബിലിറ്റി ക്വാട്ടകളും കരാറിലൂടെ അനുവദിച്ചിട്ടുണ്ട്.

മറുഭാഗത്ത്, കരാറിന്റെ ഭാഗമായി യുകെയില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഘട്ടങ്ങളായി കുറയ്ക്കുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ പല ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയാന്‍ സാധ്യതയുണ്ട്. നിലവില്‍ 150 ശതമാനമുള്ള പ്രീമിയം സ്‌കോച്ച് വിസ്‌കി, ജിന്‍ എന്നിവയുടെ ഇറക്കുമതി തീരുവ തുടക്കത്തില്‍ 75 ശതമാനമായും അടുത്ത ഒരു ദശകത്തിനുള്ളില്‍ 40 ശതമാനമായും കുറയ്ക്കും. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബെന്റ്‌ലി, ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ് റോയ്സ് തുടങ്ങിയ യുകെ നിര്‍മ്മിത ആഡംബര കാറുകളുടെ ഇറക്കുമതി ഡ്യൂട്ടി നിര്‍ദ്ദിഷ്ട ക്വാട്ടയ്ക്ക് കീഴില്‍ ഘട്ടങ്ങളായി കുറയ്ക്കാനും വ്യവസ്ഥയുണ്ട്. ഇതിനുപുറമേ ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, സാല്‍മണ്‍ മത്സ്യം, ലാമ്പ്, സോഫ്റ്റ് ഡ്രിങ്കുകള്‍, പ്രത്യേക പാക്കേജ്ഡ് ഭക്ഷണങ്ങള്‍, ചില കോസ്‌മെറ്റിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, വ്യവസായ യന്ത്രങ്ങള്‍ എന്നിവയും വരുംദിവസങ്ങളില്‍ കൂടുതല്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമായേക്കും.

എന്നാല്‍, യുകെയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഈ വിലക്കുറവ് ഉടനടി പ്രതീക്ഷിക്കേണ്ടതില്ല. ചില തന്ത്രപ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഡയറി ഇനങ്ങള്‍ എന്നിവയെ ആഭ്യന്തര വിപണിയുടെ സംരക്ഷണാര്‍ത്ഥം തീരുവ കുറയ്ക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

ഘട്ടങ്ങളായി തീരുവ കുറയ്ക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണി വിലയിലെ മാറ്റം പെട്ടെന്നല്ലാതെ പതുക്കെ മാത്രമേ പ്രകടമാകൂ. അന്തിമ ഉപഭോക്തൃ വില ലോജിസ്റ്റിക്‌സ് ചിലവ്, വിനിമയ നിരക്ക് വ്യതിയാനം, ആഭ്യന്തര നികുതികള്‍, കമ്പനികളുടെ വിലനിര്‍ണ്ണയ രീതികള്‍ എന്നിവയെക്കൂടി ആശ്രയിച്ചിരിക്കും. ചുരുക്കത്തില്‍, ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ നേട്ടങ്ങള്‍ നല്‍കുന്നതിനൊപ്പം ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനും, കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും, ഇരു രാജ്യങ്ങളിലെയും വിതരണ ശൃംഖല ശക്തമാക്കി വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ഈ ചരിത്ര കരാര്‍ വഴിയൊരുക്കും.

---------------

Hindusthan Samachar / Sreejith S


Latest News