Enter your Email Address to subscribe to our newsletters

Kochi, 15 ജൂലൈ (H.S.)
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഉത്തരവിലെ പിഴവില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. വിവാദ ഉത്തരവിറക്കിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിനെതിരെ ഹൈക്കോടതി ഇന്നും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. മാപ്പപേക്ഷ നല്‍കിയാല്‍ മാത്രം കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്ന് കോടതി ചോദിച്ചു.
17 വര്‍ഷത്തെ സര്‍വീസുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് വിവാദ ഉത്തരവിറക്കിയതെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ സമ്മര്‍ദം മൂലമാണ് പ്രതികളെ വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതെന്ന രീതിയിലായിരുന്നു കെ ബിജുവിന്റെ ആദ്യ ഉത്തരവ്. കോടതിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന ഈ നടപടി പ്രഥമദൃഷ്ട്യാ തെറ്റാണെന്നും, ഇതൊരു നാക്കുപിഴയായി കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മനഃപൂര്‍വമാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയതെന്ന് നിരീക്ഷിച്ച സിംഗിള്‍ ബെഞ്ച്, വിഷയത്തില്‍ യാതൊരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്നും മുന്നറിയിപ്പ് നല്‍കി.
ആദ്യ ഉത്തരവിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ ഉദ്യോഗസ്ഥന്‍ മാപ്പപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോടതി ഈ അപേക്ഷ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് പഴയ അപേക്ഷ തിരുത്തി പുതിയത് സമര്‍പ്പിച്ചത്. അഡ്വക്കറ്റ് ജനറല്‍ ഉപദേശിച്ചതുകൊണ്ട് മാത്രമാണ് വിവാദമായ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് തിരുത്താന്‍ ഉദ്യോഗസ്ഥന്‍ തയാറായതെന്ന് കോടതി കുറ്റപ്പെടുത്തി. ഗൗരവമുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ജുഡീഷ്യല്‍ പരിശോധന ആവശ്യമാണെന്നും ഹൈക്കോടതി നിലപാടെടുത്തു. ഉദ്യോഗസ്ഥന്‍ നല്‍കിയ പുതിയ സത്യവാങ്മൂലം പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് അന്വേഷണ ഏജന്‍സിയായ സിബിഐയ്ക്ക് കൈമാറാതെ പ്രതികള്‍ക്ക് നല്‍കിയ നടപടിയെയും കോടതി ചോദ്യം ചെയ്തു. പുതുക്കിയ ഉത്തരവിന്റെ പകര്‍പ്പ് ഉടന്‍ തന്നെ സിബിഐയ്ക്ക് നല്‍കാന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. തെറ്റ് ചെയ്ത ഉദ്യോഗസ്ഥന്‍ മാപ്പപേക്ഷ വാര്‍ത്താ സമ്മേളനത്തില്‍ പറയണമെന്നും കോടതി ഒരു വേള വാക്കാല്‍ പരാമര്‍ശിച്ചു.
കശുവണ്ടി കോര്‍പറേഷനിലെ തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. വിദേശത്തുനിന്ന് ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയര്‍ന്ന വിലയ്ക്ക് ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തല്‍. സിബിഐ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയത്.
എന്നാല്‍ മാസങ്ങളോളം സര്‍ക്കാര്‍ ഈ അപേക്ഷയില്‍ തീരുമാനമെടുക്കാതെ വൈകിപ്പിച്ചു. തുടര്‍ന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് വ്യവസായ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കാന്‍ നിര്‍ബന്ധിതനായത്. എന്നാല്‍ കോടതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അനുമതി നല്‍കുന്നതെന്ന ധ്വനി ഉത്തരവില്‍ ഉള്‍പ്പെടുത്തിയത് കോടതിയലക്ഷ്യമായി മാറുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S