Enter your Email Address to subscribe to our newsletters

New delhi, 15 ജൂലൈ (H.S.)
സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ ബഹളം വയ്ക്കുക ആയിരുന്നു. ഇതോടെ സംഘര്‍ഷം സൃഷ്ടിച്ചതിന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് നിയമ വിദ്യാര്‍ത്ഥികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വാദം കേള്‍ക്കുന്നതിനിടെ ഒരു വിദ്യാര്‍ത്ഥി മോശം ഭാഷ ഉപയോഗിച്ചും കടലാസുകളും ലഘുലേഖകളും എറിഞ്ഞു. ഇത് തടയാന്‍ എത്തിയ ം സെക്യൂരിറ്റി ഗാര്‍ഡിനെ മര്‍ദ്ദിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്യുക ആയിരുന്നു.
ന്യൂഡല്‍ഹി തിലക് മാര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ നിന്ന് രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡി ലഭിച്ചതിന് ശേഷം, മുഴുവന്‍ സംഭവത്തിലും സമഗ്രമായ അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം. സുപ്രീം കോടതിയിലെ 13-ാം നമ്പര്‍ കോടതിയില്‍ ജൂലൈ 10നാണ് സംഭവം നടന്നത്.
എസ്എല്‍പി നമ്പര്‍ 31367/2026ലെ വാദം കേള്‍ക്കുക ആയിരുന്നു. ഈ കേസില്‍ ഒരു ഹര്‍ജിക്കാരനായി പ്രബല്‍ പ്രതാപ് സിംഗ് (24) തന്നെ കോടതിയില്‍ ഹാജരായി. ലഖ്‌നൌ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് ഇയാള്‍. അതേ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ചന്ദര്‍ ഭാന്‍ (23) അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരും യുപിയിലെ ഇറ്റാവ, റായ് ബറേലി എന്നീ മേഖലകളില്‍ നിന്നുളളവരാണ്.
വിചാരണയ്ക്കിടെ പ്രബല്‍ പ്രതാപ് സിംഗ് പെട്ടെന്ന് കോടതിയില്‍ പ്രകോപിതനാവുകയായിരുന്നു. കോടതിയില്‍ അധിക്ഷേപകരവും പാര്‍ലമെന്ററി വിരുദ്ധവുമായ ഭാഷ ഉപയോഗിക്കാന്‍ തുടങ്ങി. പിന്നാലെ കോടതിമുറിക്കുള്ളില്‍ കടലാസുകളും ലഘുലേഖകളും വലിച്ചെറിഞ്ഞു, ഇത് കുറച്ചു നേരത്തേക്ക് നടപടിക്രമങ്ങളെ ബാധിച്ചു. കോടതിയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പ്രതി ഉദ്യോഗസ്ഥരേയും മര്‍ദ്ദിച്ചത്. തുടര്‍ന്ന്, സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സുപ്രീം കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് രണ്ട് പ്രതികളെയും ഐഎച്ച്ബിഎഎസില്‍ വൈദ്യപരിശോധന നടത്തിയതായി പോലീസ് പറഞ്ഞു. ഇരുവര്‍ക്കും ഉടനടി മാനസിക ചികിത്സയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
---------------
Hindusthan Samachar / Sreejith S